chare

അമ്മയില്ലാതെ തനിച്ചായിപ്പോയ ആ വൈകുന്നേരം..

ധനുഷ.ഒ.കെ Posted on: 09 May 2015

കൂടെ ഉണ്ടാവേണ്ട നിമിഷങ്ങളിലൊന്നില്‍പോലും അമ്മയെന്നെ തനിച്ചാക്കിയിട്ടില്ല ഇന്നുവരെ. എന്നിട്ടും ഒറ്റയ്ക്കാവുമ്പോഴെല്ലാം ഒരായിരം തവണ ആഗ്രഹിച്ചിട്ടുണ്ട്, അമ്മ ഒപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന്..ഒരു സന്ദര്‍ഭം പ്രത്യേകമായി എടുത്തുപറയേണ്ടിവന്നാല്‍ മനസ്സിലേയ്‌ക്കോടി വരുന്നത് ഇതുമാത്രമാണ്. അല്ലാതൊരിയ്ക്കല്‍പ്പോലും ഒറ്റയ്ക്കായിപ്പോവാന്‍ അനുവദിച്ചിട്ടില്ല എന്റമ്മ.

അമ്മയെ പിരിഞ്ഞ് എങ്ങോട്ടെങ്കിലും പോവേണ്ടി വരിക എന്നത് സ്വപ്‌നത്തില്‍പ്പോലും ചിന്തിയ്ക്കാന്‍ കഴിയുന്ന ഒരു കാര്യമായിരുന്നില്ല എനിയ്ക്ക്. എന്നിട്ടും പോകേണ്ടി വന്നു, നാലാം വയസ്സില്‍ത്തന്നെ. പോയത്് ദൂരത്തേയ്‌ക്കൊന്നുമല്ല, നഴ്‌സറിയിലേയ്ക്കാണ്. രാവിലെ നഴ്‌സറിയിലാക്കി മടങ്ങുന്ന അമ്മ ഉച്ചയ്ക്ക് കൃത്യം മൂന്നടിയ്ക്കുമ്പോള്‍ ഗേറ്റിലുണ്ടാവും, എന്നെ തിരിച്ചുകൂട്ടിക്കൊണ്ടുപോവാന്‍. രാവിലെ നഴ്‌സറിയില്‍ എത്തുമ്പോള്‍ മുതല്‍ നിശ്ശബ്ദമായി കവിളിലൂടെ വാര്‍ന്നൊഴുകുന്ന കണ്ണുനീര്‍ അവസാനിയ്ക്കുന്നത് ഉച്ചയ്ക്ക് അമ്മ വരുമ്പോഴാണ്. അമ്മയെ കാണുമ്പോള്‍ ഒന്നുകൂടെ ആ ഒഴുക്കിന്റേയും തേങ്ങലിന്റേയും ശക്തികൂടും. വന്ന ഉടന്‍ എന്നെ ചേര്‍ത്തുപിടിച്ച് കയ്യില്‍ മുഖം കോരിയെടുത്ത് കവിളുകള്‍ തുടച്ചുതരും അമ്മ. പതിയെ ഒരുമ്മയും. പിന്നെ അന്നത്തെ വിശേഷങ്ങള്‍..കളിയായി..ചിരിയായി..വീണ്ടും അമ്മയ്‌ക്കൊപ്പം ആ വിരല്‍ത്തുമ്പില്‍ത്തൂങ്ങി..അങ്ങനെ അങ്ങനെ.

കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേയ്ക്കും കരച്ചിലൊക്കെമാറി മിടുക്കിക്കുട്ടിയായി ഞാന്‍ നഴ്‌സറിയില്‍ പോവാന്‍ തുടങ്ങി. അതേ സ്‌കൂളില്‍ മൂന്നാംക്ലാസില്‍ പഠിയ്ക്കുന്ന ചേച്ചിയ്‌ക്കൊപ്പമായി എന്റെ പോക്കും വരവും. നഴ്‌സറിയില്‍ മുടങ്ങാതെ പോയാല്‍, അവിടെയുള്ള കൊച്ചുകസേര വീട്ടിലേയ്ക്ക് തന്നുവിടുമെന്നുള്ള അമ്മയുടെ പ്രലോഭനത്തില്‍ മയങ്ങിയായിരുന്നു ആ മാറ്റം.

അങ്ങനെയിരിയ്‌ക്കെ ഒരു ദിവസം. കൃത്യം മൂന്നുമണിയ്ക്കുതന്നെ ജയന്തി ടീച്ചര്‍ കുട്ടികളെയെല്ലാവരേയും റെഡിയ്ക്കാന്‍ തുടങ്ങി. ഓരോരുത്തരെയായി അവരുടെ അച്ഛനും അമ്മയും എല്ലാം വന്നു കൂട്ടിക്കൊണ്ടുപോവാന്‍ തുടങ്ങി. ബാഗും വാട്ടര്‍ബോട്ടിലും പിടിച്ച് ഞാന്‍ കാത്തിരിപ്പാണ് ചേച്ചിയെ. മൂന്നരയായി, നാലായി, നാലരയായി..ചേച്ചി വന്നില്ല. ഞാനപ്പോഴും കാത്തിരിപ്പാണ്.
ടീച്ചര്‍ പതുക്കെ അടുത്തുവന്നു, ''മോളേ..ഇന്ന് അമ്മ വരില്ല്യേ കൊണ്ടുപോവാന്‍?''
''..അമ്മയല്ല, ചേച്ചിയാ വര്വാ'', ഞാന്‍ മറുപടീം പറഞ്ഞു.
''സമയം കുറെയായി ടീച്ചര്‍ പോട്ടേ?''
''ഹയ്യോ..ടീച്ചറ് പോവ്വേ..''അന്നുവരെ ടീച്ചറു പോവുന്നത് ഞാന്‍ കണ്ടിട്ടില്ല. അതിനുമുന്‍പേ ഞാന്‍ വീട്ടില്‍ എത്തിയിട്ടുണ്ടാവുമല്ലോ..

പക്ഷേ ഇന്ന്..അമ്മയും വന്നില്ല..ചേച്ചിയും വന്നില്ല. ഞാനൊറ്റയ്ക്ക് സ്‌കൂളിന്റെ വാതിലില്‍. കുറെ കരഞ്ഞു. എനിയ്ക്കാരുമില്ലേ..അമ്മയുമില്ലേ..അമ്മയുണ്ടെങ്കില്‍ ഞാനൊരിക്കലും ഒറ്റയ്ക്കാവുമായിരുന്നില്ലാലോ...എന്നാലും...അമ്മ. മടിയില്‍ മുഖം പൂഴ്ത്തിവെച്ച്, കരഞ്ഞു കരഞ്ഞു തളര്‍ന്നിരിയ്ക്കുമ്പോള്‍, അതാ ആരോ എന്നെ കോരിയെടുത്തു. മുഖമുയര്‍ത്തി നോക്കേണ്ടിവന്നില്ല, അമ്മയാണ്. ആ സ്പര്‍ശത്തിലറിയാം..ആ മണം കൊണ്ടറിയാം..ആ ഹൃദയമിടിപ്പിലറിയാം..എന്റെ അമ്മ.

ചേച്ചിയോട് മറന്നുപോയതാ മോളേ..അമ്മേടെ മോളു പേടിച്ചുപോയോ? സങ്കടത്തോടെ അമ്മ ചോദിച്ചു. കരച്ചിലിലും ഞാന്‍ കണ്ടു. അമ്മ മാത്രമല്ല, അച്ഛനുമുണ്ട്. അച്ഛനു പുറകില്‍ കുറ്റവാളിയെപ്പോലെ തലതാഴ്ത്തി മറ്റൊരാളും, ചേച്ചി. ഇനി വീട്ടിലേയ്ക്കുപോവാം?അച്ഛന്‍ പറഞ്ഞു. അമ്മ ബാഗും വാട്ടര്‍ബോട്ടിലും കുടയുമെല്ലാമെടുത്തു. എന്നെ തോളില്‍ വെച്ച് അച്ഛന്‍ നടന്നു, ഒപ്പം ചേര്‍ന്ന് ചേച്ചിയുടെ കൈപിടിച്ച് അമ്മയും. എല്ലാവര്‍ക്കും സമാധാനമായി. പക്ഷേ അമ്മയുടെ മുഖത്തപ്പോഴുമൊരു ആധിയുണ്ടായിരുന്നു. അമ്മേടെ മോള്‍ അത്രേം നേരം സ്‌കൂളില്‍ തനിച്ചിരിയ്‌ക്കേണ്ടി വന്നില്ലേ..അമ്മ ഒപ്പമുണ്ടായിരുന്നേല്‍ ഒരിയ്ക്കലും തനിച്ചാക്കുമായിരുന്നില്ലല്ലോ എന്നെ.



1
amma

 

ga