
അമ്മ! എന്നും എന്നെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളു എന്റെ അമ്മ. ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നും, കണ്ണീരില്‍ കൂട്ടായും, തളരുമ്പോള്‍ കൈതാങ്ങായും കണ്ണിമ ചിമ്മാതെ അമ്മ കൂട്ടിനുണ്ട്. ജീവിതത്തില്‍ ഞാന്‍ ആരാകണം എന്ന ചോദ്യത്തിന് അന്നും ഇന്നും ഒരൊറ്റ ഉത്തരമേയുള്ളു എനിക്ക് 'എന്റെ അമ്മയെ പോലെ!' എങ്ങനെയാകണം ഒരു അമ്മ, ഭാര്യ, കൂട്ടുകാരി, ടീച്ചര്‍ എല്ലാത്തിനും ഒരൊറ്റ ഉത്തരം എന്റെ അമ്മ വിജയലക്ഷ്മിയെ പോലെ.
ആദ്യമായി വീടുവിട്ട് ഹോസ്റ്റലില്‍ പോയ നാളുകള്‍, അമ്മ അടുത്തില്ലാതെ വന്നു പോയ ആദ്യത്തെ പനി, അമ്മയുടെ രുചിയല്ലാതെ മറ്റൊന്നും മികച്ചതല്ല എന്നു മനസ്സിലാക്കിയ ഹോസ്റ്റലിലെ അത്താഴങ്ങള്‍... അറിഞ്ഞു തുടങ്ങുകയായിരുന്നു ഞാന്‍ എന്റെ അമ്മയെ. അമ്മ അടുത്തില്ലാത്ത ദിനരാത്രങ്ങളിലും ആദ്യമായും അവസാനമായും ഞാന്‍ കേള്‍ക്കുന്ന ശബ്ദം അമ്മയുടേതായിരിക്കും. അമ്മയുടെ ഉമ്മയില്ലാത്ത ഒരു ഉറക്കവും എനിക്ക് തൃപ്തിയാകാറില്ല. ഹോസ്റ്റല്‍ ദിനങ്ങളിലെ അകല്‍ച്ചയും നാല് ദിനങ്ങളില്‍ കൂടില്ലായിരുന്നു. എല്ലാ ആഴ്ച്ചകളിലും അഞ്ചാം ദിനം ഞാന്‍ എന്റെ വീട്ടിലെത്തും.
അമ്മയുടെ വാക്കുകളാണ് എന്നും എന്റെ അവസാന ഉത്തരം. എങ്കിലും പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട് നല്ലൊരു മകളാണോ ഞാന്‍ എന്ന ചോദ്യം. എത്രയോ വട്ടം എതിര്‍ത്തു സംസാരിച്ചിരിക്കുന്നു. എത്രയോ വട്ടം ഞങ്ങള്‍ വഴക്കു കൂടിയിരിക്കുന്നു? എങ്കിലും മനസ്സിന്റെ ഒരു കോണില്‍ ഞാന്‍ സംതൃപ്തയാണ് ഒരിക്കലും ധിക്കരിച്ചിട്ടില്ല ഞാന്‍ ആ വാക്കുകള്‍.

വളരെ അനിവാര്യമായ ഒന്നായിരുന്നു ആ പത്ത് ദിനങ്ങള്‍. ട്രെയിനിംഗിനായി കോഴിക്കോട്ടേക്ക്. 'ഞാന്‍ സ്‌ട്രോങ്ങാണ്' എന്ന എന്റെ വാദം പൊളിച്ചെഴുതുന്നതായിരുന്നു ആ ദിനങ്ങള്‍. അമ്മയില്ലാതെ ഞാന്‍ വട്ടം പൂജ്യമാണ് എന്ന് മനസ്സിലാക്കിയ ദിനരാത്രങ്ങള്‍. പരീക്ഷണമായിരുന്നു ആദ്യ ദിനം! ആരും എത്തിതുടങ്ങിയിട്ടില്ല. തീര്‍ത്തും ഒറ്റയ്ക്ക്. അപരിചിതമായ അന്തരീക്ഷവും അതിശക്തമായ തലവേദനയും. ' അമ്മേ ബാം പുരട്ടി തരുമോ' എന്ന എന്റെ സ്ഥിരം പല്ലവി ഞാന്‍ പലവട്ടം എന്റെ മനസ്സില്‍ ആവര്‍ത്തിച്ചു. അമ്മയുടെ കൈയ്യിന്റെ സുഖം, ആ ചൂട് അന്ന് ഞാന്‍ അറിഞ്ഞു. മുറിയിലുണ്ടായ ടി.വിയിലെ കോമിക് സീനുകള്‍ക്കോ, എന്റെ ഫോണിലെ എന്റേത് മാത്രമെന്ന് ഞാന്‍ പറയാറുള്ള പാട്ടുകള്‍ക്കോ, വാട്ടസ് അപ്പിലെ 'ഹൈ സ്പീഡ്' ചാറ്റിനോ ഒന്നും അത് നികത്താന്‍ ആകുമായിരുന്നില്ല ആ ശൂന്യത. അമ്മയുടെ സാമീപ്യം മാത്രമാണ് അതിനൊരു മരുന്ന്.. അന്ന് എനിക്ക് ലഭിക്കാഞ്ഞതും അത് തന്നെ. ഒരു ചെറിയ തലവേദനയില്‍ പോലും ഉറങ്ങുന്ന ഞാന്‍ ആ രാത്രി ഉറങ്ങിയതേയില്ല.
മാറി മാറി വന്ന അമ്മയുടെ ഫോണ്‍കോണുകളും, ഗുഡ്‌നൈറ്റ് പറഞ്ഞും പറയാതെയും പോയും കൂട്ടുകാരും അപരിചിതമായ അന്തരീക്ഷവും ശൂന്യമായ രാത്രിയും... ഉറങ്ങാതെ പോയ ആ രാത്രിയിലെ ഓരോ ചിന്തകളും എനിക്ക് ഇന്നും ഹൃദ്സ്ഥമാണ്. എങ്കിലും എനിക്ക് ഇന്നും മനസ്സിലാവാത്ത ഒരു ചോദ്യമാണ് ഓരോ രാത്രികളിലും ഗുഡ്‌നൈറ്റ് പറഞ്ഞ് മറുതലയ്ക്കല്‍ അമ്മ ഫോണ്‍ വയ്ക്കുന്നോള്‍ ഞാന്‍ അനുഭവിച്ച ശൂന്യത എന്താണ്? അറിയാതെ എന്നില്‍ നിറഞ്ഞ കണ്ണീരിന്റെ അര്‍ത്ഥമെന്താണ? തികച്ചും ബാലിശമെന്നും, നിസ്സാരമെന്നും തോന്നാവുന്ന ഈ ശൂന്യതയ്ക്ക് എന്റെ ഉള്ളില്‍ വലിയ സ്ഥാനമാണുളളത്. എന്നും ആ കൈ ചേര്‍ന്ന് നടക്കാന്‍ കഴിയാണെ എന്ന പ്രാര്‍ത്ഥനയും...