
നഴ്‌സറി ക്ലാസ്സിലെ പച്ച കുഞ്ഞുബഞ്ചിലേക്കെടുത്തുവച്ച് നെറ്റിയില്‍ ചുണ്ടമര്‍ത്തി വേഗം വരാം എന്ന ആശ്വാസ വാക്കും നല്‍കി അമ്മ നടന്നകലുമ്പോള്‍ കുഞ്ഞു മനസ്സ് വിങ്ങലുകൊണ്ട് നിറയാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അത് തേങ്ങലായി തികട്ടി വന്നു. സ്‌നേഹം അടക്കാനാവാത്ത ചില ദിവസങ്ങളില്‍ ഇല്ലാത്ത വയറുവേദനയും തലവേദനയും പറഞ്ഞ് എങ്ങും പോകാതെ അമ്മയോടൊപ്പം കൂടി. വൈകുന്നേരങ്ങള്‍ എന്നും കാത്തിരിപ്പാണ്. അമ്മ ഓഫീസ് വിട്ടു വരുന്നതും കാത്ത് ഉമ്മറത്ത് കുത്തിയിരിക്കും. അമ്മയെത്തും വരെ ചെയ്യുന്ന ഹോംവര്‍ക്കിലോ വായിക്കുന്ന പുസ്തകത്തിലോ ശ്രദ്ധിക്കാന്‍ പറ്റാറില്ല. ജോലികഴിഞ്ഞ് പതിവായി എത്തിയിരുന്ന സമയത്ത് കണ്ടില്ലെങ്കില്‍ പിന്നെ ഹൃദയമിടിപ്പ് കൂടും. കാറ്റും മഴയുമുള്ള ദിവസങ്ങളില്‍ മിടിപ്പ്്കൂടി ഹൃദയം പുറത്തുചാടുമെന്ന അവസ്ഥയിലാകും. പിന്നെ ഗേറ്റ് കടന്ന് അമ്മ വരുന്നത് കാണുമ്പോഴാണ് ആശ്വാസം നെടുവീര്‍പ്പായി പുറത്തുവരുന്നത്. പേടി മാറി കുഞ്ഞുമുഖത്ത് പുഞ്ചിയായി പിന്നെ. മുതിര്‍ന്നിട്ടും ആ സ്ഥിതിയില്‍ മാറ്റമൊന്നും വന്നില്ല. അമ്മയെ വേര്‍പെട്ടുള്ള ഓരോ നിമിഷവും ഏതോ പറയാനാകാത്ത വിങ്ങലാണ്.
ചിലപ്പോള്‍ നെറ്റിയില്‍ അമര്‍ത്തി ഒരുമ്മയാകും, മറ്റുചിലപ്പോള്‍ ഒരു തലോടല്‍, അല്ലെങ്കില്‍ ഒരു ഉരുളചോറ്, വളരെ വിരളമായി കുഞ്ഞു ശകാരം ഇങ്ങനെ എന്തെല്ലാമോ ആണ് അമ്മ. ഇത്രയും വലുതായിട്ടും നീ നേരെ തലതോര്‍ത്തിയോ എന്നു ചോദിക്കാന്‍, എത്ര ഉരുണ്ടിരിക്കുമ്പോഴും ക്ഷീണിച്ചു പോയല്ലൊ എന്ന് സങ്കടപ്പെടാന്‍, എത്ര ചിണുങ്ങിയാലും ക്ഷമയോടെ കേട്ടിരിക്കാന്‍ അമ്മയല്ലാതെ മറ്റാരുമില്ല.

അമ്മ എന്റെ ഒപ്പം ഉണ്ടാകണമെന്ന് ഏറ്റവും ആശിച്ചത് ഏപ്പോഴാകാം? ശാരീരികമായി തളരുമ്പോഴാണോ ഞാന്‍ അമ്മയെ കൂടുതല്‍ ഓര്‍ക്കാറ്്? ഒരു കുഞ്ഞു പനിയോ ജലദോഷമോ അടുത്തുകൂടെ പോയാല്‍ 'അമ്മേ വയ്യ' എന്നു പറയുന്നതുതന്നെ പകുതി അസുഖം ഇല്ലാതാക്കും. അമ്മയുടെ ഒരു സ്പര്‍ശത്തില്‍ തീരുന്ന വേദനകളെ എനിക്കുള്ളുതാനും. അമ്മ അടുത്തിലാത്ത നേരമാണെങ്കില്‍ അമ്മയെവിളിച്ചു ചിണുങ്ങും. ഫോണിലൂടെ കേള്‍ക്കുന്ന ആശ്വാസവാക്കുകള്‍ക്കു മുന്നില്‍ പോലും ഏതു വീര്യമുള്ള മരുന്നും തോറ്റുപോകും. എന്നാല്‍ മനസ്സു സന്തോഷംകൊണ്ട് തുള്ളിച്ചാടുന്ന നേരത്തും ആദ്യം വിളിക്കുന്നത് അമ്മയെത്തന്നെ. എന്റെ സന്തോഷത്തില്‍ എന്നേക്കാളും സന്തോഷിക്കാന്‍ കഴിയുക മറ്റാര്‍ക്കാണ്! ഇതുവരെയുള്ള എന്റെ വലുതും ചെറുതുമായ എല്ലാ സന്തോഷത്തിലും ദുഃഖത്തിലും സ്‌നേഹത്തിന്റെ പുഞ്ചിരിയായി അമ്മ കൂടെയുണ്ടായിട്ടുണ്ട്.
ഞാന്‍ എത്രയോ വിളിച്ചു കരഞ്ഞിട്ടും അമ്മ അരികിലെത്താതിരുന്നത് ഒരിക്കല്‍ മാത്രമാണ്. അമ്മക്കെന്റെയടുത്ത് എത്താനാകില്ല എന്നറിയാമായിരുന്നിട്ടും ആ സാന്ത്വനത്തിനായി ഞാന്‍ അപ്പോള്‍ നിലവിളിച്ചു. ബോധത്തിനും അബോധത്തിനും ഇടയിലെ അവസ്ഥയില്‍ പ്രാണവേദനയില്‍ പുളയുമ്പോഴും വിളിച്ചതെല്ലാം അമ്മയെയായിരുന്നു. ബോധത്തിലേക്ക് തിരിച്ചു വന്നപ്പോഴും മനസ്സില്‍ ആദ്യം തെളിഞ്ഞത് ആ മുഖമാണ്. അമ്മയ്ക്ക് ഇത്രയും നോവ് നല്‍കിയാണല്ലോ ഞാനീ ഭൂമിയില്‍ എത്തിയതെന്ന കുറ്റബോധവും, എനിക്കു വേണ്ടി അനുഭവിച്ച വേദന സ്വയമറിഞ്ഞപ്പോഴുള്ള അടക്കാത്ത സ്‌നേഹവും....സാമീപ്യം കൊണ്ട് അടുത്തില്ലെങ്കിലും എപ്പോഴത്തേയും പോലെ ആ നിമിഷവും ഉള്ളില്‍ നിറഞ്ഞത് അമ്മ തന്നെയാണ്.
അമ്മ എത്രമാത്രം എന്റെ ഉള്ളില്‍ ഉണ്ടെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം അമ്മതന്നെയല്ലെ ഞാന്‍ എന്നും തോന്നിയിട്ടുണ്ട്. അങ്ങനെയാകുമ്പോള്‍ എനിക്കെങ്ങനെ അമ്മയുടെ സാമീപ്യം നഷ്ടമാകും. അമ്മ എന്റെ ഉള്ളിലുണ്ട്. ഞാന്‍ അമ്മയുടെയും. ആ ഉടലില്‍ നിന്ന് വേര്‍പ്പെട്ടു പോന്നെങ്കിലും ഞാനിന്നും അവിടെതന്നെയാണ്. അങ്ങനെകരുതാനാണ് എനിക്കിഷ്ടം.