
അമ്മ കൂടെയില്ലാത്ത ആദ്യ മാതൃദിനം. അതുകൊണ്ടുതന്നെ അമ്മയുടെ സാന്നിധ്യം ഈ മാതൃദിനത്തില്‍ ഞാനേറെ കൊതിച്ചു പോവുന്നു. അമ്മയുണ്ടായിരുന്നപ്പോള്‍ ഈ ദിനം എന്നെ സ്പര്‍ശിക്കാറേ ഉണ്ടായിരുന്നില്ല.അമ്മയ്ക്കും മക്കള്‍ക്കുമിടയില്‍ എന്തിനിങ്ങനെയൊരു ദിനത്തിന്റെ ആവശ്യമെന്ന തോന്നലായിരുന്നു. എന്നാല്‍ ഇത്തവണ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമാണെന്ന് മനസ് നേരത്തേ തന്നെ ഓര്‍മ്മിപ്പിച്ചു. ഞായറടുക്കും തോറും അമ്മ അവശേഷിപ്പിച്ച ശൂന്യത മുന്നില്‍ വലുതായി വലുതായി വരുന്നു.
അമ്മ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നില്ല. സ്‌നേഹവാല്‍സല്യങള്‍ വാരിച്ചൊരിഞ്ഞ് അടുപ്പം (പകടിപ്പിക്കാനും അമ്മയ്ക്കറിയില്ലായിരുന്നു. എന്നാല്‍ ആ അസാന്നിധ്യത്തില്‍ ഞാനറിയുന്നു അമ്മ എന്റെ എ(ത അടുത്തുണ്ടായിരുന്നുവെന്ന്. ഈ മാതൃദിനം അതെന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. ഒരു മാതൃദിനത്തിനുപോലും അമ്മയ്ക്കു സമ്മാനിക്കാതെ ഞാന്‍ പിശുക്കിവെച്ച ഉമ്മ ഇത്തവണ എനിക്ക് നല്‍കാതിരിക്കാനാവില്ല.