chare

അമ്മയെ തിരഞ്ഞ നേരം

ശ്രീലതാഹരി Posted on: 09 May 2015

2000 ഫെബ്രുവരി 5 രാത്രി 9.30. കൊല്ലം വിക്ടോറിയ ആസ്പത്രിയിലെ ലേബര്‍ റൂമില്‍ വലിയ വയറും നീരുവന്ന കാലുകളുമായി ഞാന്‍. പുറത്ത് അമ്മയും ഹരിയും ഉണ്ട്. മാര്‍ച്ച് അഞ്ചിനാണ് പ്രസവത്തിനുള്ള ഡേറ്റെങ്കിലും ഫെബ്രുവരി അഞ്ചിനേ മെറ്റേണിറ്റി ലീവിനുള്ള അപേക്ഷയും നല്‍കി, മാതൃഭൂമി കൊല്ലം ബ്യൂറോയുടെ മരഗോവണി ഇറങ്ങി താഴെയെത്തുമ്പോള്‍ കാത്തുനിന്ന ഹരി വേഗം വന്നു കൈയ്യില്‍ പിടിച്ചു .''നടക്കാനാവുമോ തനിക്ക്,''? അതായിരുന്നു അവസ്ഥ.!! വലിയ വയറും നീരുവന്ന കാലുകളും. വീര്‍ത്ത മുഖവും.!

ഹരിയുടെ കയ്യില്‍ പിടിച്ച് വീടുവരെ എങ്ങനെയെത്തിയെന്ന് അറിയില്ല. കിണറ്റിന്‍കരയില്‍ വെള്ളമെടുത്തുകൊണ്ടിരുന്ന അമ്മ എന്നെയും ഹരിയെയും നോക്കി നിന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കാത്തിരുത്തിയതിന് അച്ഛന്റെയും അമ്മയുടേയും സങ്കടം തീര്‍ക്കാന്‍ രണ്ടു പേര്‍ ഒരുമിച്ചായിരുന്നു വന്നത്. ഗര്‍ഭിണിയായി ഇരുപതാം നാളറിഞ്ഞു മക്കള്‍ ഇരട്ടകളാണെന്ന്. ഇരട്ടിമധുരം പോലെ. !

അവര്‍ ഗൗരിയും ലക്ഷ്മിയുമാണെന്ന് ഞാനും ഹരിയും സ്വകാര്യമായങ്ങു തീരുമാനിച്ചിരുന്നു! പെട്ടെന്ന് ആസ്പത്രിയിലെത്തേണ്ടി വന്നപ്പോള്‍ അവരുടെ മുഖം ഉടനെ കാണാം എന്ന സന്തോഷം എന്നില്‍ തുളുമ്പി. പക്ഷേ ആസ്പത്രി കിടക്കയില്‍ ഒറ്റയ്ക്കായപ്പോള്‍ പേടിയായി. പേരുപോലെ തന്നെ നിറവും ഭംഗിയുമുള്ള സ്‌നേഹസമ്പന്നയായ ആസ്പത്രി സൂപ്രണ്ട് ഡോ. സ്വര്‍ണ്ണമ്മയായിരുന്നു എന്റെ ഡോക്ടര്‍. മാഡം ഹോസ്പിറ്റലിലേക്ക് എത്തുന്നതെയുള്ളൂ. അതും കൂടിയറിഞ്ഞപ്പോള്‍ ഇല്ലാത്ത ബി.പി. പെട്ടെന്ന് കയറി. വാതിലിനു പുറത്ത് അമ്മയും ഹരിയും അച്ഛനും മറ്റ് ബന്ധുക്കളും. ഡ്രിപ്പിന്റെ സൂചിയിറക്കാനായി ഞരമ്പ് തിരയുന്ന സിസ്റ്ററോട് ചോദിച്ചു

''അമ്മയെ ഒന്നു കയറ്റി വിടുമോ,'' അവര്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ''രണ്ടുപേരുടെ അമ്മയാകാന്‍ പോകുകയാണ്. എന്നിട്ട് അമ്മയെ കാണണെമെന്നോ അവര്‍ക്ക് ചിരി. അവര്‍ക്ക് തമാശയാകാം. പക്ഷേ എനിക്ക് എന്റെ സരസ്വതിയമ്മയെ കാണണമായിരുന്നു. എന്റെ മക്കള്‍ക്ക് അമ്മയുടെ മുഖമായിരിക്കണെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. ഒരാഴ്ച തികച്ച് അമ്മയെ കാണാതിരുന്നാല്‍, കേള്‍ക്കാതിരുന്നാല്‍ കണ്ണു നിറയുന്ന എനിക്ക് അങ്ങനെയെ ആശിക്കാനാവൂ. മാഡം എത്തി. 'ഡേറ്റിന് 15 ദിവസം മുമ്പ് വരാന്‍ പറഞ്ഞിട്ട് താന്‍ 30 ദിവസം മുന്‍പെത്തിയോ ?' ബ്ലാഡര്‍ ലീക്കായി പെട്ടെന്ന് ആസ്പത്രിയിലെത്തേണ്ടി വന്ന വിവരമറിഞ്ഞ് എന്റെ ടെന്‍ഷന്‍ മാറ്റാനായി ഡോക്ടര്‍ കളിയാക്കി.

വാതിലിന്റെ വിടവിലൂടെ എന്റെ കണ്ണുകള്‍ അമ്മയെ തിരഞ്ഞു. ബി.പി. യുടെ ഗുളിക പൊട്ടിച്ച് നാവിനടിയില്‍ ഇട്ടു തന്ന് ഡോക്ടര്‍ ആശ്വസിപ്പിച്ചു. 'പെട്ടെന്ന് ഓപ്പറേഷന്‍ വേണം. ഡ്രസ് മാറ്റി പോകുമ്പോള്‍ അമ്മയെയും ഹരിയെയും കാണാം.' ഉള്ളില്‍ പേടിയുടെ കടലിരമ്പം.! ഹരിയുടെ നിറഞ്ഞ കണ്ണുകളുടെ, അമ്മയുടെ ചേര്‍ത്തു പിടിച്ചു പ്രാര്‍ത്ഥിക്കുന്ന കൈകളുടെ ,അച്ഛന്റെ ആശ്വാസം തരുന്ന സാന്നിധ്യത്തിന്റെ മുന്നിലൂടെ തണുത്ത ഓപ്പറേഷന്‍ ടേബിളിലേക്ക്.

പച്ചകോട്ടണിഞ്ഞ, അപരിചിത മുഖങ്ങള്‍ക്കിടയില്‍ നിറചിരിയുമായി മാഡം.തോളില്‍ തട്ടി ആശ്വസിപ്പിച്ചു. 'ഞാനില്ലേ ... പേടിക്കാതെ.'തല വളച്ച് കാല്‍മുട്ട് വളച്ച് നട്ടെല്ലിലൂടെ മയക്കുമരുന്നിന്റെ കുത്തുന്ന വേദന. കണ്ണുകളിലാരോ തൂവാല കെട്ടിയോ .... കൈകളും കാലുകളും വിറയ്ക്കുന്നതറിയാം. ചുറ്റും എന്തെക്കെയോ ശബ്ദങ്ങള്‍!. മാഡത്തിന്റെ ശബ്ദം വേറിട്ടറിയാം. എന്റെ പേരല്ലേ കേള്‍ക്കുന്നത്? ഞാനെന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടോ..?


അമ്മേ - ഞാന്‍ പേടിയോടെ വിളിച്ചു. നേര്യതു സാരി മാത്രം ഉടുക്കുന്ന അമ്മയുടെ മണത്തിനായി സാമീപ്യത്തിനായി ഞാന്‍ ദാഹിച്ചു. കണ്‍പോളകള്‍ക്കുള്ളില്‍ കിടന്ന് കൃഷ്ണമണികള്‍ അമ്മയെ തിരഞ്ഞു. ആ വിരല്‍ എന്നെ തൊടുന്നുണ്ടോ... ? അമ്മ പുറത്തുണ്ടായിരിക്കും,ഹരിയും.. എനിക്ക് അമ്മയെ കാണണം ..അമ്മയ്ക്ക് നല്ല ധൈര്യമാണ്. മോളെ എന്നതിനെക്കാളും, പേരു വിളിക്കലാണ് അമ്മയ്ക്കു ശീലം. ഞാനതിനെ എന്നും വെറുത്തിരുന്നു. അമ്മയോടതിനു വഴിക്കിട്ടുണ്ട്. അച്ഛനെ കേട്ടു പഠിച്ചൂടെ എന്നു ചോദിച്ച്. എത്ര ജോലി ചെയ്യാനും അമ്മയ്ക്ക് ഒരു മടിയും ഇല്ല. പഠിക്കാന്‍ ഇരുന്നാല്‍ മക്കളെ ഒന്നിനും വിളിക്കില്ല. ഒരു ജോലിയും ചെയ്യാന്‍ അമ്മ നിര്‍ബന്ധിച്ചിട്ടില്ല. ചെയ്താല്‍ - സന്തോഷം.

'തിരിഞ്ഞു കടിക്കാത്തതിനെയെല്ലാം തിന്നണം എന്നാലെ ആരോഗ്യമുണ്ടാകൂ' എന്നാണ് അമ്മയുടെ വിശ്വാസം. ഡയറ്റിംഗ് ഒരിക്കലും അമ്മയുടെ ഡൈനിംഗ് റൂമില്‍ നടക്കില്ല. നമ്മള്‍ അറിയാതെ കഴിച്ചുപോകും. അത്ര രുചിയാണ് അമ്മ വെയ്ക്കുന്ന ഭക്ഷണത്തിന്. എത്ര കഴിച്ചാലും കഴിച്ചില്ലെന്ന പരാതി എന്നാലും അമ്മ പറയും. പെണ്‍കുട്ടികള്‍ ബക്കറ്റ് നിറച്ച് വെള്ളം എടുക്കാന്‍ പാടില്ല എന്ന് നിര്‍ബന്ധമുണ്ട് അമ്മയ്ക്ക്. കുട്ടിയായിരിക്കുമ്പോള്‍ അമ്മയുടെ ചുരുണ്ട മുടി ഞാന്‍ പിന്നിയിട്ടുണ്ട് സുന്ദരിയായ എന്റെ അമ്മയുടെ സ്‌നേഹത്തണലിന്റെ ഓര്‍മ്മ എനിക്കു ചുറ്റും പരന്നു. ഞാനാ തണുപ്പിലേക്ക് അള്ളിപ്പിടിച്ചു കിടന്നു.

മരുന്നിന്റെ തീവ്ര ഗന്ധം! പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് പതുക്കെ പതുക്കെ .... കാഴ്ച തെളിയാത്ത പോലെ.. നീണ്ട ഒരു കുഴലിന്റെ അങ്ങേയറ്റത്തെ കൊച്ചുവട്ടത്തില്‍ നില്‍ക്കുന്നത് അമ്മയും ഹരിയുമല്ലേ? കൈകളില്‍ ........? പൊടുന്നനെ പുഞ്ചിരി വരണ്ടു വീര്‍ത്ത ചുണ്ടുകളില്‍ നീറ്റലായി... വീണ്ടും മയക്കത്തിലേക്ക്....



1
amma

 

ga