chare

ചുണ്ടിനാലളന്ന പനികള്‍

സിസി ജേക്കബ്‌ Posted on: 09 May 2015

'മമ്മി മരിച്ചുപോയാല്‍ ഞാന്‍ എന്തു ചെയ്യും?' മാസത്തിലൊന്നെങ്കിലും ഈ ചോദ്യമുണ്ടാകും അമ്മയോട്. ആ തണലില്ലാതായാല്‍ നേരിട്ടേല്‍ക്കേണ്ടിവരുന്ന വെയിലിന്റെ കാഠിന്യം താങ്ങാനാവില്ലെന്ന് തോന്നുമ്പോഴെല്ലാം സ്വയം ചോദിക്കാറുമുണ്ട് ഈ ചോദ്യം. അടുപ്പത്തിലുമകലത്തിലും എപ്പോഴും വേണം ആ സാന്നിദ്ധ്യം, ശബ്ദമായെങ്കിലും.

പ്ലാവിന്‍ചോട്ടിലെ പായയിലിട്ട് അപ്പൂപ്പനും അമ്മൂമ്മയുടെ വളര്‍ത്തിയ കുഞ്ഞിന് പാല്‍ക്കുപ്പിയുടെ ഓര്‍മമാത്രമാണ് ശൈശവത്തിലെ അമ്മ. 'കുഞ്ഞിലത്തെ മമ്മിയെ എനിക്കോര്‍മയേയില്ലെ'ന്ന് അടുത്തിടെയും പറഞ്ഞു അമ്മയോട്. അമ്മയോര്‍മ തുടങ്ങുന്നത് മഹാപ്രളയത്തിന്റെയും ഇല്ലിക്കാട്ടില്‍ ചുള്ളക്കമ്പിനു പോയ എലിക്കുഞ്ഞന്റെയും കടം വാങ്ങിയ വാലിനായി പുലര്‍കാലങ്ങളില്‍ കൊക്കരക്കോ വിളിച്ചുകരയുന്ന പൂവന്‍ കോഴിയുടെയും കഥകളിലാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'ച' വിഴുങ്ങിയിരുന്ന അവളുടെ പിന്നാലെ 'എന്നെ മറക്കല്ലേ' എന്നു പറഞ്ഞുനടക്കുന്ന സ്വരമാണ്. അതുപറയുമ്പോള്‍ അവര്‍ന്നിന്നിരുന്ന മുരിങ്ങച്ചുവടാണ്. അവിടന്നങ്ങോട്ട് ഓരോ ഓര്‍മയിലും അമ്മയുണ്ട്. അമ്മയുടെ ചിരിയുണ്ട്, ദു:ഖമുണ്ട്, ആ അടിയുടെ നൊമ്പരമുണ്ട്, നുള്ളിന്റെ വേദനയുണ്ട്.

'അമ്മയുരുട്ടിയ ചോറുണ്ണാന്‍ എന്തൊരു രുചിയാണാഹാഹ' എന്ന നഴ്‌സറിപ്പാട്ട് ഓരോ വീട്ടുയാത്രയും കഴിഞ്ഞുമടങ്ങുമ്പോള്‍ കൊണ്ടുവരുന്ന പൊതിച്ചോറഴിച്ച് ഇപ്പോഴും ഫോണിലൂടെ പറയാറുണ്ട്. അതുകേട്ട് അമ്മ ചിരിക്കാറുണ്ട്. ഓരോ ജന്മദിനം കഴിയുമ്പോഴും അമ്മ അമ്മ മാത്രമല്ലാതായി. അവര്‍ രണ്ടു സ്ത്രീകളായി. രണ്ടാത്മമിത്രങ്ങള്‍. നഴ്‌സറിക്ലാസുവിട്ടുവന്ന് വിശേഷങ്ങള്‍ പങ്കിടുന്ന ആവേശത്തോടെ ഇപ്പോഴും പറയും എല്ലാം. അമ്മയും അങ്ങനെതന്നെ. സൗഹൃദങ്ങളില്‍നിന്നെല്ലാം കിട്ടുന്നതിനേക്കാള്‍ ആശ്രയത്വവും ആശ്വാസവും ഇവിടെയാണുകിട്ടുക.

ചുണ്ടാകളാലാണമ്മ പനിയളക്കുക. ഇളംതണുപ്പുള്ള നനവുള്ള ചുണ്ടുകള്‍ നെറ്റിയിലമരുമ്പോള്‍ ഉള്ളുതണുക്കുമെന്നറിഞ്ഞാകുമോ അമ്മ അത് ചെയ്യാറ്. പനിക്കിടക്കയില്‍, വേദനകളുടെ ആധിക്യത്തില്‍, സന്തോഷ സങ്കടങ്ങളുടെ കയറ്റിറക്കങ്ങളില്‍, വിഷാദച്ചുഴികളില്‍, ചുറ്റുമൊട്ടേറെപ്പേരുള്ളപ്പോഴും ശ്വാസംമുട്ടിക്കുന്ന ഒറ്റപ്പെടലില്‍, നെറ്റിയിലമരുന്ന ആ നനവുള്ള ചുണ്ടുകളാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. കണ്ണടച്ചിരുട്ടാക്കി ഒരു ദീര്‍ഘശ്വാസമുള്ളിലേക്കെടുക്കുമ്പോള്‍ അതനുഭവിക്കാനാകും. അപ്പോള്‍ സങ്കടങ്ങള്‍ക്കു കനം കൂടും. അവ കണ്ണുകളിലൂടൊഴുകിയിറങ്ങും. ആ പെരുമഴക്കാലം കഴിയുമ്പോള്‍ എന്തൊരാശ്വാസം.

ഒരു പുത്തനുടുപ്പെടുത്താല്‍, ഒരു പുതുരുചിയറിഞ്ഞാല്‍, നല്ലൊരു കാഴ്ചകണ്ടാല്‍, സിനിമകണ്ടാല്‍, പാട്ടുകേട്ടാല്‍, പരദൂഷണം കേട്ടാല്‍, പുസ്തകം വായിച്ചാല്‍, ആരെങ്കിലും ഇഷ്ടം പറഞ്ഞാല്‍, ചങ്ങാതി പിണങ്ങിപ്പിരിഞ്ഞാല്‍ എല്ലാം അമ്മയെ വിളിക്കും. അപ്പോഴൊക്കെ ശബ്ദമായെങ്കിലും അമ്മ അരികെവേണം. കത്തിവീഴുന്ന വിമാനങ്ങളും ഒഴുകിനടക്കുന്ന ശവശരീരങ്ങളും ആക്രമിക്കാനെത്തുന്ന ഹിംസ്രജന്തുക്കളും ചേര്‍ന്ന് അസ്വസ്ഥമാക്കുന്ന ഉറക്കത്തില്‍ നിന്ന് ഒട്ടുംപുതുമയില്ലാത്ത പുലരിയിലേക്ക് കരയാന്‍വെമ്പി ഉണരുമ്പോള്‍ അമ്മയെ കേള്‍ക്കണം. പലവര്‍ണക്കിളികളും പാട്ടുംവാദ്യങ്ങളുമായുല്ലസിക്കുന്ന സുന്ദരീസുന്ദരന്‍മാരും നിറഞ്ഞ സ്വപ്‌നത്തില്‍ നിന്ന് ചിരിയോടെയുണരുമ്പോഴും വിളിക്കും അമ്മയെ. രണ്ടാഴ്ച മുമ്പ് ഒരു കടുവയില്‍ നിന്നും തലകുലുക്കിയടുത്ത ആനയില്‍ നിന്നും രക്ഷപ്പെട്ടെഴുന്നേറ്റ് വിളിച്ചു, 'മമ്മീ, ഒരു കടുവ...' പൂര്‍ത്തിയാക്കുംമുമ്പ് മറുപടിയെത്തി, 'എന്തിനാ പേടിക്കുന്നേ, മമ്മി മരിച്ചുപോയാലും മോളു പേടിക്കണ്ട കേട്ടോ...'



1
amma

 

ga