
അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്. ആണ്‍പിള്ളേരെ മൊത്തം ശത്രുക്കളായി തെറ്റിദ്ധരിക്കുന്ന പൊട്ടപ്രായം. കുഞ്ഞേട്ടന്‍ അഥവാ 'ഹിസ് ഹൈനസ് കുഞ്ഞാങ്ങള' എന്ന നമ്പര്‍ വണ്‍ ശത്രു നവോദയസ്‌കൂളില്‍ പോയതിനാല്‍ വീട്ടില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ ശാന്ത സുന്ദരമായൊരു ദിവസമാണ് അച്ഛന്‍ ഒരു പ്രഖ്യാപനം നടത്തിയത്- 'പഠിക്കുന്ന കാലത്ത് എനിക്ക് ഒരു ഗേള്‍ഫ്രണ്ടുണ്ടായിരുന്നു!'
പ്രതികരണമായി ഒരു കൂവലാണ് എന്റെ ആത്മാവില്‍ നിന്നും പുറത്തു വന്നത്. 'അയ്യേ...!' നാണക്കേട് കൊണ്ട് എനിക്ക് മരിച്ചു കളയാന്‍ തോന്നി. 'ഗേള്‍ഫ്രണ്ട്, ലൈനടി, ഐ ലവ് യു, സൈറ്റടി' തുടങ്ങി അക്കാലത്ത് മ്ലേച്ഛമായി കരുതിയിരുന്ന ഇടപാടുകളില്‍ അച്ഛനും പങ്കാളിത്തമുണ്ടായതോര്‍ത്ത് ഞാന്‍ തകര്‍ന്നു എന്നു വേണം പറയാന്‍. തകര്‍ച്ച പൂര്‍ണമായത് അച്ഛന്റെ അടുത്ത ഡയലോഗോട് കൂടെയാണ്. എന്തോ പണിത്തിരക്കിലായിരുന്ന അമ്മയുടെ തോളിലൂടെ കൈയിട്ട് ചങ്ങാതിമാരെപ്പോലെ നിന്ന് അച്ഛന്‍ പറഞ്ഞു: ' ഇതാ, ഇവളായിരുന്നു എന്റെ ഗേള്‍ഫ്രണ്ട്.'
ഭാര്യയും ഭര്‍ത്താവുമായാല്‍ ബോബനും മോളിയും കഥയിലെ ചേട്ടനേയും ചേട്ടത്തിയേയും പോലെ ആവണം എന്ന് ഒരു അബോധബോധം ഉണ്ടായിരുന്ന കാലമാണത്. അച്ഛനെ ഒരു പാവം ചേട്ടനായും അമ്മയെ ഒരു ചുടലഭദ്രകാളി ചേട്ടത്തിയായും അവതരിപ്പിച്ച് രസിച്ചിരുന്നു ഞാന്‍. അതൊക്കെ കണ്ട് ചിരിച്ചതിനു ശേഷം അമ്മയെ അച്ഛന്‍ പുകഴ്ത്താന്‍ തുടങ്ങും- പ്രീഡിഗ്രിക്ക് കണക്കില്‍ നൂറില്‍ നൂറുമാര്‍ക്ക് വാങ്ങിച്ച മിടുക്കിയെ, അദ്ധ്യാപകരെ അനുകരിച്ച് കാട്ടി താരമായ വികൃതിയെ ഒക്കെ പര്‍വ്വതീകരിച്ച് പറഞ്ഞ് എന്നെ അടിച്ചിരുത്തും. അമ്മയാണ് നമ്മുടെ വീടിന്റെ അച്ചാണിയും അച്ചുതണ്ടും എന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നോക്കും. പക്ഷേ, പുസ്തകങ്ങളും ചങ്ങാതിക്കൂട്ടങ്ങളുമൊക്കെയായി എല്ലാം ലഘൂകരിക്കുന്ന എന്റെ രസികന്‍ അച്ഛനെവിടെ? സ്‌കൂളും വീടും ഒട്ടും രസമില്ലാത്ത നൂറുകൂട്ടം ജോലികളുമായി നടക്കുന്ന മയമില്ലാത്ത അമ്മയെവിടെ? എന്റെ ബുദ്ധികെട്ട തുലാസ് അന്ന് കാര്യങ്ങളെ അളന്നത് ഇങ്ങനെയാണ്.
പിന്നീട് ഹോസ്റ്റല്‍ ജീവിതകാലത്തെപ്പോഴോ ആണ് അമ്മയെ ഓര്‍ത്ത് എന്റെ ചങ്ക് ഞെരുങ്ങാന്‍ തുടങ്ങിയത്. അമ്മ ഒരു വ്യക്തി മാത്രമല്ല, എന്റെ ശീലം കൂടിയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാള്‍, അമ്മ പിശുക്കിപ്പിശുക്കി ചെലവാക്കുന്ന സ്‌നേഹപ്രകടനങ്ങളെക്കാള്‍, എന്നെ വീട്ടിലേക്ക് കൊളുത്തി വലിച്ചത് അമ്മ ഞങ്ങള്‍ക്കു വേണ്ടി നഷ്ടമാക്കിയ സ്വന്തം രസങ്ങളെപ്പറ്റിയുള്ള തിരിച്ചറിവാണ്. ഞങ്ങളുടെ ജീവിതാവസ്ഥകളെ എളുപ്പമുള്ളതാക്കുന്ന ഒരു ഉത്തോലകമായി സ്വയം വേഷം മാറിയ എന്റെ പാവം പാവം അമ്മ. അച്ഛന്റെ അലസതകളെ സുന്ദരമാക്കാന്‍ വേണ്ടി നിലകൊണ്ട അമ്മയുടെ കൃത്യത. അതുവരെ ഞാന്‍/ഞങ്ങള്‍ അനുഭവിച്ച എല്ലാസൗന്ദര്യങ്ങളുടേയും ചായം അമ്മയുടെ രക്തമായിരുന്നു എന്ന തോന്നല്‍ എന്നിലെ സ്വാതന്ത്ര്യവാദിയെ ചില്ലറയൊന്നുമല്ല പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

'അമ്മയെ കണ്ടെത്തിയ' ശേഷമാണ് ഞാന്‍ അച്ഛനോട് വഴക്കിടാന്‍ തുടങ്ങിയത്. അച്ഛന്റെ മിടുക്കിയായ കൂട്ടുകാരിയെ ഞാന്‍ സ്വന്തമാക്കിയത് കണ്ട് അച്ഛന് ചിരി വന്നു കാണണം. ചര്‍ച്ചാ തൊഴിലാളിയായ ആണുങ്ങള്‍ പ്രപഞ്ചസൃഷ്ടാക്കളായ സ്ത്രീകളെ പൂവിട്ട് പൂജിക്കണം എന്ന എന്റെ നിലപാടിനെ നോക്കി അമ്മ ഗൂഢമായി ചിരിച്ചു. മകള്‍ക്ക് ജീവിതം പൊള്ളാന്‍ തുടങ്ങി എന്ന് അമ്മ അങ്ങനെയാവും അറിഞ്ഞത്.സ്‌കൂളില്‍ പിടിപ്പത് ജോലിയുണ്ടായിരുന്ന സമയത്ത് വൈകി വന്ന അമ്മയെ പാതിരാപ്പാച്ചി എന്ന് വിളിച്ച് പാരടിപ്പാട്ടുകള്‍ പാടുമായിരുന്നു ഞാനും ഏട്ടനും. അമ്മമ്മയാണ് ഞങ്ങളെ പോറ്റിവലുതാക്കിയത് എന്ന് പറഞ്ഞ് അമ്മയെ ചില്ലറയൊന്നുമല്ല ശല്യപ്പെടുത്തിയത് . ചാക്രികസ്വഭാവമുള്ള ചരിത്രം എന്നെ കോക്രി കാണിക്കുന്നത് പിന്നീട് ഞാന്‍ കണ്ടു . ജോലിത്തിരക്ക് ഒരുവിധം തീര്‍ത്ത് സന്ധ്യകളില്‍ ഓടിപ്പിടഞ്ഞ് വീടെത്തുമ്പോള്‍ എന്റെ കുഞ്ഞുമകന്‍ കൗതുകത്തോടെ ചോദിക്കുന്നു:' ങേ? ഇതെന്താ അമ്മ വെളിച്ചമുള്ളപ്പോള്‍ വരുന്നത് ?' ഞാനും വൈകിയെത്തുന്ന പാതിരാപ്പാച്ചിയായിത്തീര്‍ന്നത്, എന്റെ മക്കളെയും അമ്മൂമ്മമാര്‍ പോറ്റിവലുതാക്കുന്നത്, പ്രിയതമന്റെ അലസതകള്‍ക്കെതിരെ ഞാനും കര്‍ക്കശയാവുന്നത്, ഉത്തരവാദിത്തങ്ങളാണ് രസങ്ങള്‍ എന്ന് കരുതുന്ന ഒരു കൃത്യം അമ്മയായി ഞാനും മാറിയത്... ഞാന്‍ എത്രമാത്രം അമ്മയുടെ തുടര്‍ച്ചയാണെന്നത് എന്നെ അമ്പരപ്പിക്കുന്നു .
തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെയും ഞങ്ങളെയുമൊക്കെ തനിച്ചാക്കി എന്റെ പ്രിയപ്പെട്ട അച്ഛന്‍ മറ്റൊരു ലോകത്താണ് ഇപ്പോള്‍. അച്ഛന്‍ ആഗ്രഹിച്ചതു പോലെ ബലിയോ വിളക്കോ തുടങ്ങി ഒരു തരത്തിലുമുള്ള ചടങ്ങുകള്‍ ഇല്ലാതെയായിരുന്നു അച്ഛന്റെ യാത്ര. അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അമ്മ കാണിച്ച കരുത്ത് അമ്പരപ്പിക്കുന്നതായിരുന്നു. പക്ഷേ അച്ഛന്‍ നടീച്ച മാവ് ആദ്യമായി പൂത്തത് നെഞ്ചില്‍ വിങ്ങിയപ്പോള്‍ മാത്രം 'ഇത് പഴുത്താല്‍ അച്ഛനും കൊടുക്കണം 'എന്ന് അച്ഛന്റെ ഗേള്‍ ഫ്രണ്ട് ദുര്‍ബലയാവുന്നത് കണ്ടു..
ജാതി-മത-ദൈവ ചിന്തകളും നൂറ് നൂറ് അന്ധവിശ്വാസങ്ങളും എനിക്ക് താവഴിയായി പകര്‍ന്നു തരാത്ത, സര്‍വംസഹയാവാനും അണിഞ്ഞൊരുങ്ങി നടക്കാനും ഒരിക്കലും പറയാത്ത ,എന്റെ നിശബ്ദയായ താങ്ങുമരം എത്രകാതലുള്ളതാണെന്ന് ഇപ്പോഴെനിക്കറിയാം. പഠനവും ജോലിയുമൊക്കെ സൈഡ് ബിസിനസ്സാക്കി ഞാന്‍ കല്യാണം കഴിക്കാന്‍ ഓങ്ങി നിന്ന കാലത്ത് മാത്രം അമ്മ കര്‍ക്കശമായി എന്റെ മധുരസ്വപ്‌ന ജാലകപ്പാളികള്‍ മെല്ലെച്ചാരിക്കൊണ്ട് പറഞ്ഞു:' ജോലി നേടിയിട്ടേ കല്യാണം കഴിക്കാവൂ.' ഇപ്പോള്‍, ഓടിയോടിപ്പോവുന്ന ഒരു തീവണ്ടി തന്റെ ഇന്ധനമുറിയെ ഓര്‍ക്കുന്നത്ര നന്ദിയോടെ ഞാന്‍ എന്റെ അമ്മത്താങ്ങിനെ ഉമ്മ വെക്കുന്നു- എനിക്ക് പകര്‍ന്നു തന്ന എല്ലാ ശക്തികളുടേയും പേരില്‍.
ഏറ്റവും അവശ്യസര്‍വീസുകളെ അവകാശമായി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ- പ്രാണവായുവിനെ, ജീവജലത്തെ, അച്ഛനെ, അമ്മയെ. അവരോടുള്ള കടമകള്‍ എന്തൊക്കെയാണെന്ന് എനിക്കിപ്പോഴും അറിയില്ല. അമ്മക്ക് എന്റെ ജീവന്‍ കൊണ്ട് ഒരുമ്മ.