ആലുവാ പുഴയോരത്തെ വലിയവീട്ടില്‍ ഒറ്റയ്ക്കാണ് മലയാള സിനിമയിലെ അമ്മ, കവിയൂര്‍ പൊന്നമ്മ. ഈ ഏകാന്തത പക്ഷേ, അവര്‍ ആസ്വദിക്കുന്നുണ്ട്. ''കൊച്ചിലേ ഒറ്റയ്ക്കിരിക്കാനായിരുന്നു എനിക്കിഷ്ടം. കൂട്ടുകാരുടെകൂടെ തുള്ളിച്ചാടി നടന്ന കാലം എനിക്കുണ്ടായിട്ടില്ല. തൊടിയിലെ മരങ്ങളും കിളികളുമൊക്കെയായിരുന്നു എന്റെ ചങ്ങാതിമാര്‍. അന്നേ ഞാന്‍ മനസ്സില്‍ കരുതിയതാണ് വലുതായാല്‍ വീടുവെക്കുന്നത് പ്രകൃതിരമണീയമായ, തിരക്കുകളില്‍ നിന്നൊഴിഞ്ഞ സ്ഥലത്തു വേണമെന്ന്. അങ്ങനെ അന്വേഷിച്ചന്വേഷിച്ച് ഞാനീ പുഴയോരത്തെത്തി...'', കവിയൂര്‍ പൊന്നമ്മ ഓര്‍മകളുടെ വഞ്ചിയിറക്കി തുഴയെറിഞ്ഞു. ചുവടുകള്‍ക്കപ്പുറം പെരിയാര്‍ മൗനമായി ഒഴുകുന്നു. പൊന്നമ്മയുടെ അമ്മ കഥാപാത്രങ്ങളുടെ സ്‌നേഹവായ്പ് അറിഞ്ഞ നായകനെപ്പോലെ...
സിനിമയിലെ അമ്മയാകാനുള്ള നിയോഗം എപ്പോഴായിരുന്നു?
1966-ല്‍ തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായിട്ടാണ് തുടക്കം. അന്നെനിക്ക് 19 വയസ്സാണ്. എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു സത്യന്‍ മാഷ്‌ക്ക്. ക്യാമറക്ക് മുന്നില്‍ മകനായിരുന്നെങ്കിലും, പിറകില്‍ ഇളയ സഹോദരിയെപോലെ വളരെ കരുതലോടെയും സ്‌നേഹത്തോടെയുമാണ് സത്യന്‍മാഷ് എന്നെ നോക്കിയിരുന്നത്.
പാലക്കാട് ജില്ലയിലെവിടേയോ ആയിരുന്നു ഷൂട്ടിങ്ങ്. അവസാന സീന്‍ എടുക്കുന്ന സമയം. എന്റെ കാലില്‍ നിറയെ തൊട്ടാവാടി മുള്ളുകള്‍ കുത്തി, ചോരപൊടിഞ്ഞു. സത്യന്‍മാഷ് ഓടിവന്ന് എന്റെ കാലെടുത്തു മടിയില്‍വച്ചു. 'എന്തൊരു പൂപോലത്തെ കാല്... എന്തോരം മുള്ളാ കുത്തിയത്' എന്നു പറഞ്ഞ് ഓരോ മുള്ളായിട്ട് നുള്ളിയെടുത്തു.
ഒടുവില്‍ അമ്മറോളില്‍ കുരുങ്ങിപ്പോയി?
എനിക്കങ്ങനെ തോന്നിയിട്ടില്ല. അമ്മ റോള്‍ വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്. അമ്മയായി അഭിനയിച്ച് എനിക്കിപ്പോഴും കൊതി തീര്‍ന്നിട്ടില്ല. എല്ലാവരും അമ്മനടി എന്ന് വിളിക്കാന്‍ തുടങ്ങിയ കാലത്ത് എനിക്കും തോന്നിയിരുന്നു, എപ്പോഴും അമ്മയായിട്ട് കാര്യമില്ല, വല്ലപ്പോഴുമെങ്കിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്‌തേ പറ്റൂ എന്ന്. കോമഡി എനിക്കു പറ്റില്ല. എന്നാല്‍പ്പിന്നെ വില്ലത്തിയാകാം. ഞാന്‍ സംവിധായകന്‍ ശശികുമാറിനെ പോയി കണ്ടു, 'സാറെ... എനിക്കൊരു വില്ലത്തി വേഷം ചെയ്യണമെന്നുണ്ട്'
ശശികുമാര്‍ സാര്‍ എന്നെ അടിമുടിയൊന്നു നോക്കി, എന്നിട്ടു പറഞ്ഞു, 'അയ്യോ... കൊച്ചിന്റെ മുഖമതിന് പറ്റിയതല്ലല്ലോ.'
ഞാന്‍ വിട്ടുകൊടുത്തില്ല, 'മീനു (നടി മീന)വൊക്കെ വില്ലത്തിയാകുന്നു. എന്നാല്‍പ്പിന്നെ എനിക്കും ആയിക്കൂടെ?'
'അല്ല കൊച്ചേ... പറയുന്നത് മനസ്സിലാക്ക്... കൊച്ചിനെ കാണുമ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നുന്നത് സ്‌നേഹമാണ്. ആ ധാരണ ഇനി മാറാനും പോകുന്നില്ല. അതുകൊണ്ട് പൊന്നമ്മച്ചി ആ മോഹമങ്ങ് മാറ്റിവെച്ചേക്ക്,' അദ്ദേഹം കയ്യൊഴിഞ്ഞു. അതിനുശേഷം അമ്മറോള്‍ വിട്ട് ഞാനെങ്ങും പോയിട്ടില്ല.സ്‌നേഹമെന്ന വികാരം മനസ്സില്‍ നിറയുന്നവര്‍ക്കേ നല്ല അമ്മയാവാന്‍ പറ്റൂ.
അതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ അമ്മയോടാണ്. ഗൗരി എന്നായിരുന്നു അമ്മയുടെ പേര്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന അമ്മ. അമ്മയെപോലെയാകണം എന്നായിരുന്നു കുട്ടിക്കാലത്തെ എന്റെ മോഹം. ഞാനുള്‍പ്പെടെ ഏഴുമക്കളായിരുന്നു അമ്മക്ക്. പുറം ലോകവുമായി അധികമൊന്നും ബന്ധമില്ലാത്ത ജീവിതമായിരുന്നു അമ്മയുടേത്. എവിടേയും പോകാറില്ല, ആരുമായും കൂട്ടില്ല. എങ്കിലും ഞങ്ങള്‍ മക്കളുടെ കാര്യത്തില്‍ വലിയ ഉത്കണ്ഠയും ശ്രദ്ധയുമായിരുന്നു അമ്മക്ക്. വീട്ടിലെ മുതിര്‍ന്ന കുട്ടി ഞാനായിരുന്നു. ഇളേതുങ്ങളെ നോക്കാന്‍ ഞാനുണ്ടായിരുന്നു. എങ്കിലും അമ്മയുടെ ഒരു കണ്ണ് എപ്പോഴും കാണും ഓരോ മക്കളിലും.
സിനിമയിലെ നല്ല അമ്മ എന്ന ഇമേജ്, ജീവിതത്തിലും പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
സിനിമയിലെ നല്ല അമ്മ എന്ന പദവി എനിക്കു കല്‍പ്പിച്ചുതരുമ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്, 'ജീവിതത്തില്‍ ഞാന്‍ നല്ല അമ്മ ആയിരുന്നോ?' കുട്ടിക്കാലത്ത് മകള്‍ ആഗ്രഹിക്കുമ്പോഴൊന്നും എന്നെ അടുത്തുകിട്ടിയിട്ടില്ല. ഇടക്കൊക്കെ പരാതിപോലെ അവള്‍ പറയുന്നതു കേള്‍ക്കാം, 'അല്ലെങ്കിലും അമ്മയെന്നെ കുറേ നോക്കിയതാണല്ലോ' എന്ന്. 44വയസ്സായി അവള്‍ക്ക്. എന്നിട്ടും ഞാന്‍ നോക്കിയില്ലാ എന്ന പരിഭവം മനസ്സില്‍ വെച്ചുകൊണ്ടിരിക്കുകയാണ് അവള്‍.
സിനിമയില്‍ ഏറ്റവും തിരക്കുള്ള കാലത്തായിരുന്നു എന്റെ പ്രസവം. മോളെ വീട്ടിലാക്കി ലൊക്കേഷനില്‍ പോകേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ടായിരുന്നു.
'ശിക്ഷ' എന്ന പടത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നു. ഒരു ദിവസം സംവിധായകന്‍ എസ്.ആര്‍.പുട്ടണയും നായകന്‍ സത്യന്‍ മാഷും കൂടി എന്തോ കുശുകുശുക്കുന്നു. എന്നെകുറിച്ചാണ് സംസാരമെന്ന് മനസ്സിലായി. അഭിനയം ശരിയാകുന്നില്ലേ. എനിക്ക് ടെന്‍ഷനായി. കുറച്ചു കഴിഞ്ഞപ്പോള്‍ സത്യന്‍ മാഷ് എന്റെയടുത്തുവന്നു, 'പൊന്നി ഇന്നു പൊയ്‌ക്കോ'.
'എന്താ സീനെടുക്കുന്നില്ലേ,' ഞാന്‍ ചോദിച്ചു.
'അതല്ല...പൊന്നിയിന്ന് പൊയ്‌ക്കോ... നമുക്ക് നാളെ രാവിലെ എടുക്കാം.'
എനിക്കു കരച്ചില്‍ വന്നു, 'എന്താണ് പ്രശ്‌നമെന്ന് പറയൂ...'
'താന്‍ വീട്ടില്‍ പോ... അവിടെ ചെന്നാല്‍ കാര്യം മനസ്സിലാവും,' മാഷ് ഗൗരവത്തിലായി.
ഞാന്‍ ഗ്രീന്‍ റൂമില്‍ കയറി. മേക്കപ്പഴിക്കാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ സാരിയാകെ നനഞ്ഞിരിക്കുന്നു. മുലപ്പാല്‍ നിറഞ്ഞൊഴുകി നനഞ്ഞതാണ്.
പുതുതലമുറ സിനിമകളില്‍ 'അമ്മ'മാരെ കാണാന്‍ പോലും കിട്ടുന്നില്ല....
സിനിമയില്‍ മാത്രമല്ലല്ലോ ജീവിതത്തില്‍ പോലും അമ്മയുടെ പ്രാധാന്യം കുറയുകയല്ലേ. അമ്മയില്ലാതെയും ജീവിക്കാമെന്ന അവസ്ഥയായിരിക്കുന്നു. (കണ്ണുകളില്‍ നനവ് പടരുന്നു. അല്പനേരത്തെ മൗനം മുറിയുന്നു).
കാലഘട്ടത്തിന്റെ മാറ്റമാണത്. അത് സിനിമയിലും വരുന്നു എന്നേയുള്ളൂ. അമ്മാര്‍ക്ക് പ്രാധാന്യം കിട്ടണം എന്നു വാദിക്കാനൊന്നും ആര്‍ക്കും പറ്റില്ല. കുറേക്കാലം അമ്മ ആയതല്ലേ.. ഇനിയിത്തിരി കുറഞ്ഞുപോയാലും സാരമില്ല.
മോഹന്‍ലാല്‍ ചേച്ചിയുടെ മകനാെണന്ന് വിശ്വസിക്കുന്ന ഒരുപാട് അമ്മമാരുണ്ട് േകരളത്തില്‍.
ഞാന്‍ അമ്പലങ്ങളില്‍ ചില പരിപാടികള്‍ക്കൊക്കെ പോകുമ്പോള്‍ പ്രായമായവര്‍ വന്ന് ചോദിക്കും, 'എന്തേ...മോനേ കൊണ്ടു വരാത്തത്' എന്ന്. ആദ്യമൊക്കെ ഞാന്‍ തിരുത്തുമായിരുന്നു. ഇപ്പോള്‍ അങ്ങനെ കേള്‍ക്കാന്‍ എനിക്കും ഇഷ്ടമാണ്. ഞാന്‍ പറയും, 'മോന് തിരക്കായതുകൊണ്ടാണ് വരാത്തത്'.
ലാലിന് 21 വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. മഹാവികൃതി... എന്നു പറഞ്ഞാല്‍ പോര ഭൂലോക വികൃതി (പൊട്ടിച്ചിരിക്കുന്നു). ആ വികൃതിയാണ് ലാലിനോട് എനിക്കിഷ്ടം തോന്നാന്‍ കാരണം. പിന്നെയാണ് കൂടെ അഭിനയിക്കുന്നതൊക്കെ.
അതു കഴിഞ്ഞ് ഞാന്‍ ലാലിന്റെ അമ്മയുമായി അടുപ്പത്തിലായി. ഡബ്ബിങ്ങിന് വരുമ്പോഴൊക്കെ മിക്കപ്പോഴും ഞാന്‍ ഒറ്റയ്ക്കായിരിക്കും. അപ്പോള്‍ അവര് വിളിക്കും. 'പൊന്നമ്മേ.. ഹോട്ടലില്‍ കിടക്കേണ്ട.. നീയിങ്ങുവാ...' ആന്റണി പെരുമ്പാവൂര്‍ കാറുമായി വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകും. ആന്റണി തന്നെ രാവിലെ ഹോട്ടലില്‍ കൊണ്ടുവിടുകയും ചെയ്യും. അഥവാ ആന്റണിയില്ലെങ്കില്‍ ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍നായര്‍ തന്നെ എന്നെ ഹോട്ടലില്‍ കൊണ്ടുവന്നാക്കും.
എല്ലാവരേയും സ്‌നേഹിക്കാനും സല്‍ക്കരിക്കാനും മാത്രമറിയുന്ന സ്ത്രീയാണ് ലാലിന്റെ അമ്മ. ഭയങ്കര തമാശക്കാരിയുമാണ്. ലാലിനൊന്നും അവരുടെ ഹ്യൂമര്‍സെന്‍സിന്റെ പകുതിപോലും കിട്ടിയിട്ടില്ല.
വിശ്വേട്ടനും എന്നെ വലിയ കാര്യമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയശേഷം എന്നും രാത്രി എട്ടുമണിക്ക് മരുന്നുകൊടുത്ത് ഉറക്കും. ഒരുദിവസം ഞാനവരുടെ വീട്ടിലെത്തുമ്പോള്‍ രാത്രി ഒന്‍പതര കഴിഞ്ഞു. അപ്പോഴും വിശ്വേട്ടന്‍ മരുന്നുകഴിക്കാതെ പുറത്ത് കുത്തിയിരിക്കുന്നു, എന്നെകാത്ത്. പിറ്റേന്ന് മടങ്ങാന്‍ നേരം അദ്ദേഹം എന്നെ കാറില്‍ കയറാന്‍ സമ്മതിക്കുന്നില്ല. കയറിയപ്പോള്‍ എന്റെ കൈപിടിച്ചത് വിടുന്നുമില്ല. എനിക്ക് സങ്കടംതോന്നി. അതു കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു. മരണവാര്‍ത്തയറിയുമ്പോള്‍ ഞാനൊരു ലൊക്കേഷനിലായിരുന്നു. എല്ലാവരും ചോദിച്ചു, 'മോന്റെ അച്ഛനെക്കാണാന്‍ പോകുന്നില്ലേ' എന്ന്. ഞാന്‍ അപ്പോള്‍തന്നെ പോയി കണ്ടു.
മമ്മുട്ടിയോട് ഇത്രയടുപ്പം ഇല്ലേ...?
മമ്മൂസിന്റെ ഉള്ള് നിറയെ സ്‌നേഹമാണ്. പക്ഷേ, പരുക്കനാണെന്ന ഭാവത്തോടെയാണ് പെരുമാറ്റമൊക്കെ. ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഒരുദിവസം സെറ്റിലേക്ക് മമ്മൂസ് പുതിയൊരു വണ്ടിയോടിച്ച് വന്നു. എന്നെ കണ്ടതും നീട്ടിവിളിച്ചു, 'ഇങ്ങട് വന്നേ.' ഞാന്‍ അടുത്തുപോയി, 'കേറ്.... കേറ്...,' വണ്ടിയുടെ ഡോര്‍ തുറന്നുപിടിച്ച് പുള്ളി പറഞ്ഞു. നല്ല ഉയരമുള്ള വണ്ടിയാണ്. എനിക്ക് കയറാനൊക്കുന്നില്ല. പുള്ളിതന്നെ എന്നെ പിടിച്ച് കയറ്റി. എന്നിട്ട് ഡ്രൈവ്‌ചെയ്ത് ഒറ്റപ്പാലം മുഴുവന്‍ ചുറ്റിയടിച്ചു.
ഇതേ ആളുതന്നെ മറ്റൊരിക്കല്‍ പറഞ്ഞു, 'ഞാന്‍ നിങ്ങള്‍ക്കുപകരം എന്റെ അമ്മയാകാന്‍ മറ്റാരെയെങ്കിലും കൊണ്ടുവരും.' ഞാന്‍ പറഞ്ഞു, 'കൊണ്ടുവന്നോ... നഫീസാഅലി, ഷൗക്കാര്‍ ജാനകി... കുറേ പേരുണ്ടല്ലോ'. പുള്ളി സീരിയസ്സായി പറഞ്ഞതാണ്. പക്ഷേ മമ്മൂസിനെ അറിയുന്നതുകൊണ്ട് ഞാനത് തമാശയായേ എടുത്തുള്ളൂ. സ്ഥിരം ലാലിന്റെ അമ്മയാകുന്നതിനോടുള്ള പരിഭവമായിരുന്നു മമ്മൂസിന്. അത് പലര്‍ക്കുമുണ്ട്. പക്ഷേ, ഞാനല്ലല്ലോ ഒന്നും തീരുമാനിക്കുന്നത്.
ചേച്ചിയുടെ തലമുറയിലെ മറ്റൊരു അമ്മയായിരുന്നു സുകുമാരി. അവരുടെ വേര്‍പാട്...
വേണ്ടപ്പെട്ടവര്‍ ഒരുപാട് പോയിട്ടുണ്ട് എന്നെ വിട്ടിട്ട്... എന്റെ പേരക്കുട്ടി ശിവശങ്കര്‍, സഹോദരി രേണുക, നടന്‍ ജയന്‍, മുരളി, ലോഹിതദാസ്, ഗിരീഷ് പുത്തഞ്ചേരി.... ഒടുവിലിതാ സുകുവും....
സുകു മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് ഞങ്ങള്‍ക്കൊരു ഗള്‍ഫ് യാത്ര ഒത്തുവന്നു. ഞങ്ങള്‍ മൂന്ന് അമ്മമാരെ-ഞാന്‍, സുകുമാരി, കെ.പി.എ.സി. ലളിത - ദോഹയിലെ ഒരു സംഘടന ആദരിക്കുന്നു. പക്ഷേ, എനിക്ക് നടക്കാന്‍ പ്രയാസമുണ്ട്. ഒരു സഹായി കൂടെയില്ലാതെ പറ്റില്ല. ഒരാളെ കൂടെകൂട്ടാന്‍ അനുവദിക്കണമെന്ന് ഞാന്‍ സംഘാടകരോട് അഭ്യര്‍ഥിച്ചു. പക്ഷേ, അവര്‍ സമ്മതിച്ചില്ല. എന്നാല്‍പ്പിന്നെ പോകേണ്ടെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.
അതുകഴിഞ്ഞ് ഒരുദിവസം സുകു വിളിച്ചു, 'എന്താ പൊന്നീ... പിന്‍മാറിയത്... പൈസയുടെ പ്രശ്‌നമാണെങ്കില്‍ നമുക്ക് സംസാരിച്ച് തീര്‍ക്കാമല്ലോ...' ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ സുകു ഒന്നും പറഞ്ഞില്ല. അങ്ങനെ ഞാനില്ലാതെ സുകുവും ലളിതയും ഫിബ്രവരി ഒന്നിന് ദോഹക്ക് പോയി.
പോയി വന്നശേഷവും സുകു വിളിച്ചു. നല്ല ചടങ്ങായിരുന്നുവെന്നും ഞാന്‍കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയെന്നും പറഞ്ഞു. എനിക്കും വിഷമം തോന്നി. അതായിരുന്നു അവസാന വിളി.
പിന്നെയൊരുദിവസം ആരാണെന്നറിയില്ല വിളിച്ചുപറഞ്ഞു, 'സുകുമാരിക്ക് ചെറിയ അപകടം പറ്റി. പൂജാമുറിയിലെ വിളക്കില്‍നിന്ന് പൊള്ളലേറ്റു' എന്ന്. കാര്യമായിട്ടൊന്നും പറ്റിയില്ല എന്നാണ് പറഞ്ഞത്. അതുകൊണ്ട് ഞാനതത്ര സീരിയസാക്കിയില്ല. പിന്നെയാണ് അറിഞ്ഞത് അരക്കുതാഴെ പൂര്‍ണമായും വെന്തുപോയിരുന്നുവെന്ന്... (സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടക്കുന്നു)
37 വര്‍ഷം മദ്രാസില്‍ ജീവിച്ചു. എന്നിട്ടും തമിഴ് സിനിമയില്‍ അഭിനയിച്ചില്ല!

എം.ജി.ആര്‍, ശിവാജി ഗണേശന്‍ എന്നിവരുടെയൊക്കെ അമ്മവേഷം ചെയ്യാന്‍ ചാന്‍സ് കിട്ടിയതാണ്. ഒരിക്കല്‍ ശിവാജിയുടെ മാനേജര്‍ വന്നു താല്പര്യം ചോദിച്ചു. ഞാന്‍ പറഞ്ഞു, 'എനിക്കു പറ്റില്ല. എനിക്കെന്റെ പ്രേംനസീറാണ് വലുത്' എന്ന്. ഇതറിഞ്ഞ് ശിവാജിഗണേശന്‍ അത്ഭുതപ്പെട്ടു. കാരണം ശിവാജിയുടെ അമ്മയായി അഭിനയിക്കാന്‍ ചാന്‍സ് കിട്ടുന്നത് അന്നത്തെ കാലത്ത് നടിമാര്‍ ഭാഗ്യമായാണ് കണ്ടിരുന്നത്. മാനേജരോട് ശിവാജി ചോദിച്ചു, 'ശിവാജിക്ക് അമ്മ എന്ന് സൊല്ലലിയാ അപ്പാ...?'
'അമ്മ ഭയങ്കര ബിസി.... മലയാളത്തില്‍ എല്ലാ ഹീറോവുക്കും അവര് താന്‍ അമ്മ,' മാനേജര്‍ പറഞ്ഞു. 'ഓഹോ...' എന്നുമാത്രമായിരുന്നു ശിവാജിയുടെ പ്രതികരണം.
കുടുംബജീവിതം പ്രതിസന്ധികള്‍നിറഞ്ഞതായിരുന്നു അല്ലേ...?
'റോസി'യുടെ നിര്‍മാതാവ് മണിസ്വാമിയായിരുന്നു എന്റെ ഭര്‍ത്താവ്. മോളുണ്ടായ ശേഷം അധികകാലം ആ ബന്ധം തുടരാനായില്ല. അതിന് തക്കതായ കാരണങ്ങളുമുണ്ടായിരുന്നു.
ഞാന്‍ ഏറെ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്ന സ്ത്രീയാണ്. എന്നിട്ടും ഓര്‍ക്കാന്‍ പറ്റിയ നല്ലൊരു നിമിഷം പോലും എന്റെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മോള്‍ ബിന്ദുവിനറിയാം അതൊക്കെ.
സംശയാലുവായിരുന്നു സ്വാമി. ഞാന്‍ ആരോടും സംസാരിക്കാന്‍ പാടില്ല, ചിരിക്കാന്‍ പാടില്ല... ഇതൊക്കെ സിനിമയില്‍ നടക്കുന്ന കാര്യമാണോ. ഞാന്‍ രാവിലെ സെറ്റില്‍ പോയാല്‍ ഉച്ചയ്ക്ക് മടങ്ങി വരും, കൊച്ചിന് പാലു കൊടുക്കാനായിട്ട്. രാത്രി ഒന്‍പതുമണിക്ക് പാക്കപ്പായാല്‍, പിന്നെ 5 മിനിറ്റ് മേക്കപ്പഴിക്കാന്‍. അവിടെ നിന്ന് 10 മിനിറ്റ് യാത്ര. കൃത്യം ഒന്‍പതേകാലിന് ഞാന്‍ വീട്ടിലെത്തും. വന്നുകയറുമ്പോള്‍ കേള്‍ക്കാം... 'ഉം... എവിടെയായിരുന്നു ഇത്രനേരം?' സങ്കടം സഹിക്കാതെ കരഞ്ഞുപോയിട്ടുണ്ട് പലപ്പോഴും. ഇത് കുറേ കേട്ടപ്പോള്‍ മാനസികമായി അകലാന്‍ തുടങ്ങി. ഒടുവില്‍ ബന്ധം മുറിഞ്ഞു.
എന്നിട്ടും അവസാനകാലത്ത് ഞാന്‍ അദ്ദേഹത്തെ കൂടെ കൊണ്ടുവന്നുനിര്‍ത്തി. നോക്കാന്‍ ആളെ വെച്ചിരുന്നു. എന്നാലും ചിലപ്പോഴൊക്കെ കുളികഴിഞ്ഞു വന്നാല്‍ ഞാന്‍ തലയില്‍ രാസ്‌നാദിപൊടി തിരുമ്മിക്കൊടുക്കും, മുടി ചീകിക്കൊടുക്കും... ചിലപ്പോള്‍ തോന്നും എന്റെ ജീവിതം തുലച്ച ആളാ.... ഞാനെന്തിനാ അയാളെ വീണ്ടും സ്‌നേഹിക്കുന്നത് എന്ന്. പിന്നെ തോന്നും മരണം കാത്തു കഴിയുന്ന ആളാണ്. ഇങ്ങനെയൊന്നും ചിന്തിക്കുന്നത് ശരിയല്ല എന്ന്. മരിക്കുന്നതിന് 10 ദിവസം മുന്‍പ് സ്വാമിയുടെ സംസാരശേഷി നഷ്ടമായി. അന്ന് എന്നെ അടുത്തിരുത്തി കൈ പിടിച്ച് കുറേ കരഞ്ഞു...
നടിമാര്‍ക്ക് സിനിമയില്‍ സുരക്ഷിതത്വം കുറഞ്ഞിട്ടുണ്ടോ?
നമ്മള്‍ എങ്ങനെ നില്‍ക്കുന്നു അങ്ങനെ. പക്ഷേ സിനിമയില്‍ കയറിപ്പറ്റാന്‍ വേണ്ടി എന്തിനും തയ്യാറായി വരുന്നവരുണ്ട്. ഒരു സംവിധായകന്‍ ഒരിക്കല്‍ എനിക്കൊരു കത്ത് കാണിച്ചുതന്നു. കോളേജില്‍ പഠിക്കുന്ന ഒരു കുട്ടി അയച്ചതാണ്. ആ കുട്ടി എന്തിനും റെഡിയാണ്; സിനിമയില്‍ ഒന്ന് മുഖം കാണിക്കണം എന്നേയുള്ളൂ. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതൊന്നും പക്ഷേ സിനിമയുടെ കുഴപ്പമല്ല.
പുതിയകാലത്തെ നടീനടന്മാരില്‍ ആരെയാണ് കൂടുതലിഷ്ടം...
ഫഹദ് ഫാസില്‍. ഇരുത്തം വന്ന നടന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട് ഫഹദില്‍. ചലനങ്ങളില്‍ ഒരു പാളിച്ച പറയാന്‍ പറ്റില്ല. പിന്നെ മനോഹരമായ കണ്ണുകള്‍.. ഡയമണ്ട് നെക്‌ലേസ് കണ്ടപ്പോഴേ ഞാനുറപ്പിച്ചുകഴിഞ്ഞു. ഇവനാണ് നാളത്തെ താരം.
മുന്‍പ് 'കയ്യെത്തും ദൂരത്തില്‍' നിരാശപ്പെടുത്തിയപ്പോള്‍ ഞാന്‍ കരുതി പാച്ചിക്കയുടെ ഗുണമൊന്നും ഇവന് കിട്ടിയിട്ടില്ലല്ലോ എന്ന്. പാച്ചിക്ക എന്തു മനോഹരമായാണ് അഭിനയിച്ച് കാണിക്കുക. ഒരിക്കല്‍ ഞാന്‍ പാച്ചിക്കയോട് ചോദിച്ചതാണ് അഭിനയിച്ചുകൂടേ എന്ന്. നന്നായി ഡാന്‍സും ചെയ്യും. 'ബാംഗ്ലൂര്‍ നോര്‍ത്ത്' സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിക്ക് ഡാന്‍സ് ചെയ്ത് കാണിച്ചുകൊടുക്കുന്നത് കണ്ട് ഞാന്‍ അമ്പരന്നുപോയി. ആ പ്രതിഭയുടെ മകന് പിഴവ് പറ്റില്ല എന്നെനിക്ക് ഇപ്പോള്‍ മനസ്സിലായി. നടിമാരില്‍ കാവ്യയും, റിമയുമാണ് മികച്ചുനില്‍ക്കുന്നതായിട്ട് തോന്നിയിട്ടുള്ളത്.
മാനമൊന്ന് തെളിഞ്ഞു. വെയില്‍ പെരിയാറിനെ തഴുകി. ഓളങ്ങള്‍ക്കുമേല്‍ ഒരു തണുത്ത കാശുവീശി... '67 വയസ്സായി... ബിന്ദു വിളിക്കുന്നുണ്ട് അമേരിക്കയിലേക്ക്. ഇനി തിരക്കിട്ട ജോലിയൊന്നും എടുക്കേണ്ട, പേരക്കുട്ടികള്‍ക്കൊപ്പം സുഖമായി കഴിയാം എന്നാണ് അവള്‍ പറയുന്നത്. പക്ഷേ എനിക്കതിന് സാധിക്കുമെന്ന് തോന്നുന്നില്ല. ഇനിയുള്ള കാലം സിനിമയെ സ്‌നേഹിച്ച് എന്നാല്‍ കഴിയുംവിധം പാവങ്ങളെ സഹായിച്ച് ഇവിടെത്തന്നെ ജീവിതം തീര്‍ക്കണം.' പൊന്നമ്മ ഹൃദ്യമായി ചിരിച്ചു.