vava

ദൈവത്തിന്റെ മന്ദഹാസങ്ങള്‍

ഇന്നസെന്റ്‌ Posted on: 09 May 2015


വിവാഹം കഴിഞ്ഞയുടനെ ഞാന്‍ ആലീസിനോട് പറഞ്ഞു: നമുക്ക് പെട്ടെന്ന് കുട്ടികള്‍ വേണ്ട. അത് എന്റെ വ്യക്തിപരമായ സ്വാര്‍ഥതയല്ല എന്നും അവള്‍ക്ക് പറഞ്ഞുമനസ്സിലാക്കിക്കൊടുത്തു. നമുക്കുതന്നെ വേണ്ടവണ്ണം വിശപ്പടങ്ങി ജീവിക്കാനുള്ള വകയില്ല. അപ്പോള്‍, ഒന്നുമറിയാത്ത ഒരു തെറ്റും ചെയ്യാത്ത ഒരു ജീവനെക്കൂടി ഈ നരകത്തിലേക്കുകൊണ്ടുവരുന്നത് മഹാപാപമാണ്.ഉത്പാദനശേഷിയുള്ള ഏത് പുരുഷനും സ്ത്രീക്കും കുഞ്ഞുങ്ങളെ ജനിപ്പിക്കാം. അങ്ങനെ ജനിപ്പിച്ചതുകൊണ്ടുമാത്രം അവര്‍ അച്ഛനമ്മമാരാവുന്നില്ല. നല്ലതുപോലെ വളര്‍ത്തിവലുതാക്കി മക്കള്‍ക്ക് നല്ലജീവിതം നല്കാന്‍ സാധിക്കണം. അച്ഛന്‍ അച്ഛനാവുന്നതും അമ്മ അമ്മയാവുന്നതും അപ്പോഴാണ്, അപ്പോള്‍ മാത്രമാണ്. വായകീറിയ ദൈവം ഇരയും നല്കിക്കോളും എന്നുള്ളതെല്ലാം കേള്‍ക്കാന്‍സുഖമുള്ള ചൊല്ലുകള്‍ മാത്രമാണ്. അതുശരിയാണെങ്കില്‍ ഈ ഭൂമിയില്‍ ഇത്രത്തോളം ദരിദ്രരും ദുഃഖിതരും അനാഥരും പട്ടിണികിടക്കുന്നവരും ഉണ്ടാവുമായിരുന്നില്ല.
ആലീസിന് ഞാന്‍ പറഞ്ഞതെല്ലാം മനസ്സിലായി. പക്ഷേ, ദൈവത്തിന് മനസ്സിലായില്ല. ആലീസ് ഗര്‍ഭിണിയായി. അപ്പോള്‍ ഞാന്‍ പറഞ്ഞു: നമുക്ക് ഒരുകുഞ്ഞുമതി. കാരണം നേരത്തെ പറഞ്ഞ ദാരിദ്ര്യംതന്നെ അപ്പോള്‍ ആലീസ്‌ചോദിച്ചു:
'ഏതെങ്കിലും കാലത്ത് സാമ്പത്തികസ്ഥിതി മെച്ചമാവുമ്പോള്‍ ഒരു കുട്ടികൂടി വേണം എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ എന്തുചെയ്യും?
അതൊരുവല്ലാത്ത ചോദ്യമായിരുന്നു. പക്ഷേ, ഞാന്‍ പതറാതെ പിടിച്ചുനിന്ന് പറഞ്ഞു: 'അങ്ങനെ തോന്നില്ല, തീര്‍ച്ച.'
എനിക്കൊരു മകനേയുള്ളൂ, സോണറ്റ്. അവന്റെ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ അവന് ഒറ്റപ്പെടലോ ഏകാന്തതയോ തോന്നിയിട്ടുണ്ടെങ്കില്‍ അതിനു കാരണം ഈ അപ്പനാണ്. അപ്പന് മാപ്പുതരിക.
സോണറ്റ് യുവാവായപ്പോള്‍ ഒരു ബിസിനസ് തുടങ്ങി. വൈകുന്നേരമാവുമ്പോഴേക്കും അറുപതിനായിരത്തിലധികം രൂപ കൈയില്‍വരും. അങ്ങനെയിരിക്കുമ്പോള്‍ ഞായറാഴ്ചകളില്‍ അവന് ഒരു ടൂര്‍ പോകാന്‍ തോന്നും. അവന്റെകൂടെ പോകുന്നത് അവനേക്കാള്‍ പ്രായമുള്ളവരാണ്. പണമുണ്ട്, സ്വാതന്ത്ര്യമുണ്ട്, സൗഹൃദങ്ങളുണ്ട്. ഈ പാത എവിടെവെച്ചുവേണമെങ്കിലും പാളിപ്പോകാം. ആ ആലോചന വന്നപ്പോഴാണ് സോണറ്റിനെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍ തീരുമാനിച്ചത്. ആലീസിന് ആദ്യം അത്ര സമ്മതമല്ലായിരുന്നു. ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി. അങ്ങനെയാണ് രശ്മി അവന്റെ ജീവിതത്തിലേക്ക് വന്നത്. അവര്‍ നല്ല ചേര്‍ച്ചയായിരുന്നു. ഇപ്പോഴും ആണ്.
രശ്മി ഗര്‍ഭിണിയായി. പരിശോധനയില്‍ രണ്ടുകുട്ടികളുണ്ട് എന്നറിഞ്ഞു. 'നമുക്ക് ഒരുകുട്ടി മതി' എന്ന് ആലീസിനോട് പണ്ട് പറഞ്ഞ ഞാന്‍ ഇതുകേട്ട് അളവില്‍ കവിഞ്ഞ് സന്തോഷിച്ചു. പ്രധാനകാരണം ഇന്ന് ഭേദപ്പെട്ട രീതിയില്‍ ജീവിക്കാനുള്ള വകയുണ്ട് എന്നതുതന്നെ. മറ്റൊന്ന് ലോകത്തെ എല്ലാ മുത്തച്ഛന്മാര്‍ക്കും ഉണ്ടാവുന്നതാണ്: മക്കള്‍ ഒന്നായാലും രണ്ടായാലും എത്രയായാലും അവരെ വളര്‍ത്തി വലുതാക്കുക എന്ന ക്രിയാത്മകമായ ഉത്തരവാദിത്വം തന്റെ മകനാണ്. തനിക്കല്ല. ആ ബോധ്യം നല്കുന്ന ഒരു മാനസിക ലാഘവത്വം ചെറുതല്ല. ഞാനും അതനുഭവിച്ചിട്ടുണ്ട്.
രശ്മിക്ക് ആറരമാസമായപ്പോള്‍ ഒരുദിവസം അവര്‍ ഇരിങ്ങാലക്കുടയില്‍ എം.ജി. ശ്രീകുമാറിന്റെ ഗാനമേള കാണുകയായിരുന്നു. പെട്ടെന്നാണ് വേദന തുടങ്ങിയത്. ഞാനന്ന് കോഴിക്കോട്ട് ഷൂട്ടിങ്ങിലായിരുന്നു. വിവരം അറിഞ്ഞ ഉടനെ ഞാന്‍ പി.വി. ഗംഗാധരനെ വിളിച്ച് കാര്യം പറഞ്ഞു. പി.വി.ജി. അദ്ദേഹത്തിന്റെ ജ്യേഷ്ഠനും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനെ വിളിച്ചുപറഞ്ഞു. അവര്‍ രണ്ടുപേരും ചേര്‍ന്ന് എറണാകുളത്തെ പി.വി.എസ്. ആസ്പത്രിയില്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തു. രണ്ടുവാഹനങ്ങളിലായി എല്ലാവരും ചേര്‍ന്ന് അവിടെയെത്തുമ്പോഴേക്കും ചന്ദ്രേട്ടന്റെ മകള്‍ മിനിയും ഡോ. ടോണിയും ഡോ. ആഗതയും അടക്കമുള്ളവര്‍ സജ്ജരായി കാത്തുനില്ക്കുന്നുണ്ടായിരുന്നു. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു. രണ്ടാമത്തെ ദിവസവും സന്ദിഗ്ധാവസ്ഥ തുടര്‍ന്നപ്പോള്‍ ഞാന്‍ ഡോ. ടോണിയെ മാറ്റിനിര്‍ത്തി ചോദിച്ചു:
'ഡോക്ടര്‍ എന്നോട് സത്യം പറയണം, ഈ കുഞ്ഞുങ്ങളെ കിട്ടിയാലും നമുക്ക് ഗുണമുണ്ടോ?'
ചോദ്യം പൂര്‍ത്തിയാവുമ്പോഴേക്കും എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മുപ്പത് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഇങ്ങനെ മനംകടഞ്ഞ് ഒരു ഡയലോഗും ഞാന്‍ പറഞ്ഞിട്ടില്ല.
എന്റെ അവസ്ഥ കണ്ട ടോണി എന്നെ ചേര്‍ത്തുപിടിച്ച് പറഞ്ഞു:
'എല്ലാം ദൈവത്തിന് വിടുക. ദൈവമാണ് ഏറ്റവും വലിയ ഡോക്ടര്‍'.
പിറ്റേന്ന് രശ്മി പ്രസവിച്ചു. ഒരു കുഞ്ഞിന് 950 ഗ്രാം ഭാരം, മറ്റേയാള്‍ക്ക് ഒരു കിലോയും. ഒരാണും ഒരുപെണ്ണുമായിരുന്നു.
അടുത്ത രണ്ടരമാസം ആ കുഞ്ഞുങ്ങളെ ഇന്‍ക്യുബേറ്ററില്‍ തലകീഴായി കിടത്തേണ്ടിവന്നു. ഞങ്ങള്‍ ഇമയനക്കാതെ, മിടിക്കുന്ന നെഞ്ചോടെ കാവല്‍നിന്നു. ഡോക്ടര്‍മാര്‍ പ്രാര്‍ഥനയോടെ പരിപാലിച്ചു. ചില്ലുകൂട്ടിനകത്ത് ജീവിക്കുമോ മരിക്കുമോ എന്നറിയാതെ രണ്ടു ജീവബിന്ദുക്കള്‍ മിഴിയടച്ച് മുങ്ങിക്കിടക്കുന്നത് ഉള്ളുവെന്തുകൊണ്ട് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. നിയന്ത്രണം കൈവിട്ടുപോകുന്ന ചില നിമിഷങ്ങളില്‍ ഞാന്‍ ഡോ. ടോണിയോട് ചോദിക്കും:
'ഇവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വീട്ടിലേക്കു കൊണ്ടുപോകണോ? അടക്കം ആചാരപ്രകാരം വേണോ? കാരണം ഈ ലോകത്തിനും അതിലെ മതങ്ങള്‍ക്കുമൊന്നും ഇവരെ പരിചയമില്ലല്ലോ.'
അപ്പോഴും ആകാശത്തേക്ക് വിരല്‍ചൂണ്ടി ഡോക്ടര്‍ പറയും: 'എല്ലാം ദൈവം നിശ്ചയിക്കട്ടെ'
ഒടുവില്‍ ഡോക്ടര്‍ ടോണിയുടെ ദൈവം കനിഞ്ഞു. ഇന്‍ക്യുബേറ്ററിന്റെ ശീതലോകത്തുനിന്നും അവര്‍ ജീവന്റെ ചൂടിലേക്ക് ചിറകുവെച്ചുവന്നു. വീട്ടിലെത്തി വളര്‍ന്നു തുടങ്ങി.
അതുവരെ മങ്ങി ഇരുട്ട്പുരണ്ടുകിടന്നിരുന്ന സ്ഥലത്ത് പെട്ടെന്ന് ശുദ്ധമായ വെളിച്ചം വന്നുവീണതുപോലെയായിരുന്നു അവരുടെ വരവ്. ആണ്‍കുട്ടിക്ക് ഇന്നസെന്റ് എന്ന് പേരിടാനായിരുന്നു എനിക്കിഷ്ടം. പക്ഷേ, അവന്റെ അപ്പനും അമ്മയ്ക്കും ആഗ്രഹങ്ങളുണ്ടാകും. അതുകൊണ്ട് ഞാനത് മനസ്സില്‍തന്നെ വെച്ചു. മാത്രമല്ല, ഇന്നസെന്റ് എന്നു പേരിട്ടാല്‍ ഉണ്ടാകാവുന്ന മറ്റൊരു വലിയ അപകടം ഞാന്‍ മുന്‍കൂട്ടി കണ്ടു: അവരുടെ അമ്മ രശ്മി ഇടയ്ക്കു പറയും: 'എടാ ഇന്നസെന്റേ ഇബട വാ, ഇന്നസെന്റേ നിനക്ക് നല്ല അടികിട്ടും കേട്ടോ. ഇതുകേള്‍ക്കുന്ന അയല്ക്കാര്‍ കരുതുക മകന്റെ ഭാര്യ വന്നുകയറിയതുമുതല്‍ ഭരണം തുടങ്ങി, ഭര്‍ത്താവിന്റെ അപ്പനെവരെ പേരുവിളിച്ച് തല്ലാന്‍ തുടങ്ങി' അങ്ങനെയൊരു സംസാരം പരന്നാല്‍ ദോഷമാണ്, എനിക്കും രശ്മിക്കും.
എന്നാല്‍ എന്റെ മകന്‍ എന്റെ മനസ്സ് കണ്ടറിഞ്ഞിട്ടെന്നപോലെ ആണ്‍കുട്ടിക്ക് ഇന്നസെന്റ് എന്നാണ് പേരിട്ടത്. പെണ്‍കുട്ടിക്ക് അന്ന എന്നും. ആലീസിന് പള്ളിയിലിട്ട പേരായിരുന്നു അത്. ഇന്നസെന്റിനെ ഇന്നൂ എന്നുവിളിച്ച് ഞങ്ങള്‍ അയല്ക്കാരുടെ തെറ്റുധാരണയില്‍ നിന്നും തടിയൂരി.
ഇന്നുവും അന്നയും വന്നതോടെ എന്റെ ജീവിതത്തിനുതന്നെ മാറ്റം സംഭവിച്ചതായി എനിക്ക് സ്വയം അനുഭവപ്പെട്ടു. നല്ല പ്രതിഫലം കിട്ടുന്ന പല സിനിമകളും ഉപേക്ഷിച്ച് ഞാന്‍ വീട്ടിലിരിക്കാന്‍ തുടങ്ങി. മറ്റൊന്നിനും വേണ്ടിയല്ല, ഈ കുട്ടികളെ കാണാനും അവരോടൊപ്പം കളിക്കാനും വേണ്ടിമാത്രം. എന്റെ മകന്‍ സോണറ്റിന്റെ ഈ പ്രായമൊന്നും ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു. കാരണം, അന്നെനിക്ക് അത്ര തിരക്കുള്ള കാലമായിരുന്നു. അവന്‍ വളരുന്നത് ഞാന്‍ കണ്ടിട്ടില്ല, വാശിപിടിച്ച് കുസൃതി കാണിക്കുന്നത് കണ്ടിട്ടില്ല. മൊബൈല്‍ഫോണും വീട്ടില്‍ ഫോണും ഇല്ലാത്തതിനാല്‍ ദിവസങ്ങളോളം അവന്റെ ശബ്ദംപോലും കേട്ടിട്ടില്ല. ഇന്ന് ഇന്നുവിനും അന്നയ്ക്കുമൊപ്പം കുത്തിമറിഞ്ഞ് കളിക്കുന്ന എന്നെ കാണുമ്പോള്‍ ആലീസ് സോണറ്റിനോടു പറയും: 'നിന്റെ ഈ പ്രായത്തില്‍ അപ്പന്‍ ഇങ്ങനെയൊന്നും അല്ലായിരുന്നു'
അപ്പോള്‍ ഞാന്‍ അവനോടു പറയും: 'അന്ന് അപ്പന്‍ ഇങ്ങനെ കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഇതു പറയാന്‍ ഇന്ന് നമ്മളാരും ഉണ്ടാവില്ലായിരുന്നു. ഏതെങ്കിലും ഒരുഘട്ടത്തില്‍ ആത്മഹത്യ ചെയേ്തനെ.
ഇപ്പോള്‍ ഞാന്‍ മാസങ്ങളോളം വെറുതെ വീട്ടിലിരിക്കാറുണ്ട്. അപ്പോള്‍ ഞങ്ങള്‍ സ്‌കൂള്‍ കളിക്കും, തട്ടുകടയുണ്ടാക്കിക്കളിക്കും, പൂരങ്ങള്‍ക്കും പള്ളിപ്പെരുന്നാളുകള്‍ക്കും പോകും, വെറുതെ കിടന്നുറങ്ങും. ഇന്നുമോന്‍ ഒന്നുരണ്ടു വര്‍ഷങ്ങളോളം എന്റെയും ആലീസിന്റെയും ഒപ്പമായിരുന്നു കിടക്കുക. അന്ന സോണറ്റിനും രശ്മിക്കുമൊപ്പവും. അവന് അപ്പനും അമ്മയും എല്ലാം ഞങ്ങളായിരുന്നു. ഏതോ ഒരു നിമിഷത്തില്‍ അവനു തോന്നി രശ്മി അന്നയുടെ മാത്രം അമ്മയാവുന്നുവല്ലോ എന്ന്. അന്നുമുതല്‍ അവന്‍ അവരുടെയടുത്തേക്കുപോയി. അപ്പോള്‍ എനിക്ക് വല്ലാതെ സങ്കടം വന്നു. അവന്‍ അവന്റെ അമ്മയുടെ അടുത്തേക്കല്ലേ പോയത് എന്നുപറഞ്ഞ് ആലീസ് എന്നെ ആശ്വസിപ്പിച്ചു. എത്രമാത്രം സ്വാര്‍ഥമാണ് എന്റെ മനസ്സ് എന്ന് എനിക്ക് അപ്പോഴാണ് ബോധ്യമായത്.
എന്റെ അപ്പനില്‍നിന്നും, കടന്നുപോന്ന അനുഭവങ്ങളില്‍നിന്നും കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവുമധികം പഠിച്ചിട്ടുള്ളത് ഇന്നുവില്‍നിന്നും അന്നയില്‍നിന്നുമാണ്. തുറന്ന മനസ്സോടെ അവരെ നിരീക്ഷിക്കുകയും ചെവികൊടുക്കുകയും മാത്രം ചെയ്താല്‍ മതി. ഒരുപാടൊരുപാട് ലോകങ്ങളും വിവേകവും വെളിച്ചവും അത് തുറന്നുതരും. (എല്ലാ കുട്ടികളും അങ്ങനെയാണ്)
വൃത്തിയായി പെയിന്റ് ചെയ്ത ഞങ്ങളുടെ വീടിന്റെ ചുമര് നിറയെ ഇപ്പോള്‍ അജന്തയിലെയോ എല്ലോറയിലെയോപോലുള്ള ചിത്രങ്ങളാണ്. സോണറ്റിന് അതില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു: 'അവര്‍ക്ക് വരയ്ക്കാം, അവര്‍ക്ക് വരയ്ക്കാനാണ് ഈ ചുമരുകള്‍. മറ്റൊരാളുടെ വീടിന്റെ ചുമരിലല്ലല്ലോ അവര്‍ വരയ്ക്കുന്നത്'.
ആനകളും ആള്‍ക്കാരും മൃഗങ്ങളും പക്ഷികളും പുഴയും തോണിയുമെല്ലാം ആ ചിത്രങ്ങളിലുണ്ട്. വര്‍ഷത്തിലൊരിക്കല്‍ പെരുന്നാള്‍ വരുമ്പോള്‍ ഞാന്‍ വീട് പെയിന്റടിപ്പിക്കും. ആ ദിവസങ്ങളില്‍ ഒരുവര്‍ഷംകൊണ്ട് വരച്ചുണ്ടാക്കിയ ചിത്രങ്ങള്‍ ഓരോന്നായി മാഞ്ഞുപോകുന്നത് നോക്കിക്കൊണ്ട് ഇന്നുവും അന്നയും നില്ക്കുന്ന ദൃശ്യം ഇപ്പോഴും എന്റെകണ്‍മുന്നിലുണ്ട്.
അവസാനത്തെ ആനയും ആളിന്റെ തലയിലെതൊപ്പിയും മാഞ്ഞുപോയ നിമിഷത്തില്‍ രണ്ടുപേരും പെട്ടെന്ന് കണ്ണുരണ്ടും ഇറുക്കിയടച്ചു. പിന്നെ തുറന്ന് പരസ്പരം നോക്കി. എന്നിട്ട് രണ്ടുവഴിക്കു നടന്നുപോയി. സിനിമയില്‍ മാത്രമേ അത്തരം ദൃശ്യങ്ങള്‍ കാണൂ.
ചാരുകസേരയില്‍ കിടന്ന് ഞാനിതെല്ലാം കാണുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അന്ന വന്നു. ചുറ്റും ആരുമില്ല എന്നറിഞ്ഞപ്പോള്‍ ചൂണ്ടുവിരല്‍കൊണ്ട് ചുമരില്‍ ഒന്നുതൊട്ടു. എന്നിട്ട് ഇന്നുവിനെ വിളിച്ചു. വിരല്‍ത്തുമ്പിലെ പെയിന്റ് കാണിച്ചുകൊണ്ട് അവള്‍ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.
ഒണങ്ങീട്ടില്ല്യ. നമ്മക്ക് നാളെ വരയ്ക്കാം'
അതുകേട്ട് ഞാന്‍ അവര്‍ കേള്‍ക്കാതെ മനസ്സുനിറഞ്ഞു ചിരിച്ചു. ഇതിലും വലിയ ഒരു കോമഡി ഇതുവരെ ഞാന്‍ അഭിനയിച്ചിട്ടില്ല, കണ്ടിട്ടുമില്ല.
വരാല്‍ എന്ന മത്സ്യം ഇടയ്ക്ക് വീട്ടില്‍ കൊണ്ടുവരും. കുട്ടികള്‍ക്ക് കാണാനായി അവയെ ആദ്യം ഒരു സ്ഫടികപാത്രത്തില്‍ ഇട്ടുവെക്കും. അവരതിനെക്കൊണ്ട് കളിക്കും. രണ്ടുദിവസം കഴിഞ്ഞാല്‍ ഓരോന്നിനെയായി എടുത്ത് കറിവെക്കും. അപ്പോള്‍ ഇന്നുവും അന്നയും ചോദിക്കും:
'അമ്മാമേ മറ്റേ മീനെവിടെ?'
'അതു ചത്തുപോയെടാ.' ആലീസിന്റെ മറുപടികേട്ട് അവര്‍ പോകും. മൂന്നാമത്തെ മീനിനെയും കാണാതായ അന്ന് അന്നയും ഇന്നുവും പച്ചച്ചോറ് മാത്രമാണ് കഴിച്ചത്. കാരണം എന്താണ് എന്നു മനസ്സിലായില്ല.
പിന്നെ ഞാനവര്‍ക്ക് നാല് താറാവിനെ വാങ്ങിക്കൊടുത്തു. വെള്ളനിറത്തിലുള്ള സുന്ദരിത്താറാവ് അന്നയുടെയും ചാരനിറത്തിലുള്ളത് ഇന്നുവിന്റെതുമായിരുന്നു. അവര്‍ നല്ല കൂട്ടായിരുന്നു. ഒരുദിവസം ഞങ്ങള്‍ അതിലൊന്നിനെ പിടിച്ച് കൊന്നു കറിവെച്ചു. അത് അവരും കഴിച്ചു. താറാവിനെ കാണാത്തതിനെക്കുറിച്ചും അവര്‍ ആലീസിനോട് ചോദിച്ചു. അവള്‍ എന്തോ കളവുപറഞ്ഞു.
ദിവസങ്ങള്‍ കഴിയുന്തോറും താറാവുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവന്നു. ഒടുവില്‍ അവസാനത്തേതും കറിയായി. അന്ന് അന്നയും ഇന്നുവും ആരോടും ഒന്നും ചോദിച്ചില്ല. ഒന്നും കഴിച്ചില്ല. വൈകുന്നേരം ഒരു നാലുമണിസമയത്ത് ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍, അവിടെവന്നുനിന്ന് പറഞ്ഞു:
'അമ്മാമേ, ഈ അപ്പനും അപ്പാപ്പനും ഞങ്ങളെവരെ കറിവെച്ചുകൊടുത്താല്‍ തിന്നും.'
അതുകേട്ട് ഞാന്‍ കിടുങ്ങിപ്പോയി. ഒറ്റനിമിഷത്തില്‍ എനിക്ക് കാര്യം മുഴുവന്‍ പിടികിട്ടി: അവര്‍ക്ക് എല്ലാം മനസ്സിലായിരിക്കുന്നു. സില്‍ക്ക് ജുബ്ബയ്ക്കുള്ളില്‍ ഞാനാകെ വിയര്‍ത്തു വെന്തു. ദൈവത്തിന്റെ കോടതിയില്‍ നില്ക്കുന്നതുപോലെ തോന്നി എനിക്ക്. മുപ്പതുവര്‍ഷം എത്രയോ സിനിമകളില്‍ ഒരുപാടൊരുപാട് വേഷം ചെയ്ത്, നെടുനെടുങ്കന്‍ ഡയലോഗുകള്‍ പറഞ്ഞ ഞാന്‍ ഒരുവരിപോലും മറുപടിപറയാന്‍ സാധിക്കാതെ എന്റെ കുഞ്ഞുമക്കള്‍ക്കു മുന്നില്‍ നിന്നു. ഒരു മണല്‍ത്തരിയേക്കാള്‍ ചെറുതാവുന്നതുപോലെ എനിക്കുതോന്നി. അന്ന് രാത്രി മുഴുവന്‍ ആ വാക്കുകളുടെ ചുഴിയില്‍പ്പെട്ട് ഞാന്‍ ഉറക്കമില്ലാതെ ഉഴറി. പിറ്റേന്ന് ഞാനിത് എന്റെ പ്രിയമിത്രമായ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു. അപ്പോള്‍ സത്യന്‍ എന്റെകൂടി അധ്യാപകനായ വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിതയിലെ വരികള്‍ ചൊല്ലിക്കേള്‍പ്പിച്ചു:
'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍
വയ്യാത്ത കിടാങ്ങളേ,
ദീര്‍ഘദര്‍ശനംചെയ്യും
ദൈവജ്ഞരല്ലോ നിങ്ങള്‍'
വാക്കുകള്‍ കൂട്ടിപ്പറയാറായിട്ടില്ലാത്ത ഇളംപ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ പറയുന്നതു പലതും കുറിക്കുകൊള്ളുന്നു എന്നാണ് കവി ഉദ്ദേശിച്ചത്. എനിക്ക് ഈ വരികള്‍ ഇനി അനുഭവത്തിന്റെ വെളിച്ചത്തില്‍ ചൊല്ലാന്‍ സാധിക്കും.
പിറ്റേന്നു മുതല്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു: വീട്ടില്‍ വളര്‍ത്തുന്ന ഒന്നിനെയും കൊല്ലില്ല. ആ തീരുമാനം ഇതുവരെ തെറ്റിച്ചിട്ടില്ല.
കളിചിരികളോടെയും സന്തോഷത്തോടെയും ഞങ്ങളുടെ ജീവിതം അങ്ങനെ മുന്നോട്ടുപോകുമ്പോള്‍ കഴിഞ്ഞമാസം ആലീസിന് ഒരു ചെറിയ വയറുവേദന വന്നു. നാട്ടിലുള്ള ഡോക്ടര്‍മാരെയൊന്നും കാണിച്ചിട്ട് യാതൊരു ശമനവുമില്ല. ഒടുവില്‍ ലേക്‌ഷോര്‍ ആസ്പത്രിയിലെ പ്രസിദ്ധനായ ഡോക്ടര്‍ ഫിലിപ്പ് അഗസ്റ്റിനെ കാണാന്‍ തീരുമാനിച്ചു. എനിക്ക് എറണാകുളത്ത് ഷൂട്ടിങ്ങുമുണ്ട്.
കാക്കനാട്ടെ എന്റെ ഫ്ലൂറ്റിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. ദിവസം മുഴുവന്‍ നീണ്ടുനിന്ന പരിശോധനകള്‍ക്കുശേഷം ആലീസ് അവശയായിപ്പോയി. രണ്ടുദിവസം അവിടെ വിശ്രമിച്ചു. തിങ്കളാഴ്ച കുട്ടികള്‍ക്ക് സ്‌കൂള്‍ ഉള്ളതുകൊണ്ട് ഞായറാഴ്ച ഇരിങ്ങാലക്കുടയ്ക്ക് വരാന്‍ ഇറങ്ങി ഫ്ലൂറ്റ്പൂട്ടി ഇറങ്ങുന്നതിന് മുന്‍പ് സോണറ്റ് വേസ്റ്റ് കളയാന്‍ വേണ്ടി താഴേക്കുപോയതായിരുന്നു. 18 നിലയുള്ള ഫ്ലൂറ്റാണ്. പഴയ ഏതോ മലയാള സിനിമ ടി.വി.യില്‍ വന്നപ്പോള്‍ ഞാന്‍ അതും നോക്കിനിന്നു. അപ്പോള്‍ ആലീസ് പറഞ്ഞു: 'നിങ്ങള്‍ക്ക് ഒന്ന് അവനെ സഹായിച്ചുകൂടെ?
അതുകേട്ടപ്പോള്‍ ബാക്കിയുള്ള വേസ്റ്റുമെടുത്ത് ഞാനും താഴേക്കുപോയി. ഇന്നുവും അന്നയും എന്റെയൊപ്പം വന്നു. ആലീസും രശ്മിയും പിറകിലിറങ്ങി.
താഴെയെത്തി വേസ്റ്റ് കളഞ്ഞപ്പോള്‍ ഞാന്‍ കുട്ടികളോട് പറഞ്ഞു: 'നമ്മക്ക് ഇതുവഴി ചുറ്റിപ്പോകാം. എന്നിട്ട് അമ്മാമയെ പറ്റിക്കാം, അവര്‍ക്ക് സന്തോഷമായി. പുല്‍ത്തകിടിയിലൂടെ ഞങ്ങള്‍ നടന്നു. ഏതോ നിമിഷത്തില്‍ ഞാന്‍ ഒരമ്പത് അടി മുന്നിലായിപ്പോയി. ഒരു നിമിഷം തിരിഞ്ഞുനോക്കിയപ്പോള്‍ ഇന്നുവിനെ കാണാനില്ല. അന്ന മുന്നിലെ പുല്‍ത്തകിടിയിലേക്ക് വിരല്‍ ചൂണ്ടി നിലവിളിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ ഓടിച്ചെന്നപ്പോള്‍ പുല്‍ത്തകിടിയിലെ മാന്‍ഹോളിന്റെ ഉരുക്കിന്റെ മൂടി ഒരല്‍പ്പം മാറിക്കിടക്കുന്നു. അതിലേക്ക് വിരല്‍ചൂണ്ടിയാണ് അന്ന കരയുന്നത്.
ഒരു നിമിഷം ഞാനതിലേക്ക് നോക്കി. ഇരുട്ടാണ്. ഒമ്പത് കിലോ ഭാരമുള്ള ആ അടപ്പ് എങ്ങനെയാണ് ഞാന്‍ എടുത്തുമാറ്റിയത് എന്ന് അറിയില്ല. ഇരുട്ടിലേക്ക് അപ്പോള്‍ പ്രകാശം വന്നുവീണു. അപ്പോള്‍ വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് എന്റെ ഇന്നു ഒരു മീന്‍കുഞ്ഞിനെപ്പോലെ പൊന്തിവന്നു. ഒരിത്തിരി ശ്വാസമെടുത്ത് താഴേക്കുതന്നെപോയി. എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. ഒരു തവണകൂടി അവനൊന്ന് പൊന്തിവന്നെങ്കില്‍! ഞാന്‍ നേരെ അതിലേക്ക് ചാടിയാല്‍ ഇന്നുവിന്റെ മേല്‍ വീഴും. എഴുന്നൂറ് സ്‌ക്വയര്‍ഫീറ്റില്‍ രണ്ടര ആള്‍ക്ക് വെള്ളമുണ്ട്. അന്തരീക്ഷത്തില്‍നിന്നും വെളിച്ചം വീഴുന്ന ചെറിയ പ്രതലത്തില്‍ മാത്രമേ എന്തെങ്കിലും കാണാന്‍ പറ്റൂ. ബാക്കിയെല്ലാം സര്‍വത്ര ഇരുട്ടാണ്.
കുഴിയുടെ അരികുകളിലൂടെ ഞാന്‍ ഉരസി വെള്ളത്തിലേക്കിറങ്ങി. ഒരുകോടി രൂപതരാം എന്നുപറഞ്ഞാലും സിനിമയില്‍ എനിക്ക് അത്തരം ഒരു സീനില്‍ അഭിനയിക്കാനാവില്ല. ഒറ്റത്തവണകൂടി അവനൊന്ന് പൊന്തിവന്നാല്‍! നിലയില്ലാതെ ഞാന്‍ കുഴഞ്ഞ് നില്ക്കുമ്പോള്‍ അവന്റെ കുഞ്ഞിക്കൈ എന്റെ വിരലില്‍ക്കൊണ്ടു. ഞാന്‍ സര്‍വശക്തിയുമെടുത്ത് താഴേക്ക് മുങ്ങി. എനിക്കവന്റെ കഴുത്തില്‍ പിടികിട്ടി. ആഞ്ഞ്‌വലിച്ച് പുറത്തേക്കെടുത്ത് ചുമലിലേക്കിട്ടു:
'നമ്മള്‍ രക്ഷപ്പെട്ടടാ മോനേ' ഞാന്‍ ആ ഇരുട്ടില്‍ കിടന്ന് അലറി വിളിച്ചു. മുകളിലെ വെളിച്ചത്തിലേക്ക് നോക്കിയപ്പോള്‍ രശ്മിയുടെ കരഞ്ഞുകലങ്ങിയ മുഖം. അവള്‍ കുഴിയുടെ അരികെ കമിഴ്ന്ന് കിടന്ന് കൈനീട്ടുകയാണ്. ഞാന്‍ ബോധമറ്റ ഇന്നുവിനെ പൊക്കി ഏന്തി അവളുടെ കൈയിലേക്കുകൊടുത്തു. അവള്‍ അവനെ വാങ്ങി സോണറ്റിനു കൊടുത്തു. എന്നിട്ട് എനിക്കുനേരെ കൈനീട്ടി. ആ കുഴിയില്‍ കിടന്ന് ഞാന്‍ കരഞ്ഞുപോയി. സ്വന്തം മകന്‍ രക്ഷപ്പെട്ടു. എന്നിട്ടും അവള്‍ കാത്തുനിന്ന് കൈനീട്ടുന്നു. അവളുടെ അപ്പനുവേണ്ടിയല്ല, ഭര്‍ത്താവിന്റെ അപ്പനുവേണ്ടി. ഇത്തരം നിമിഷത്തില്‍ അത് തോന്നണമെങ്കില്‍ അസാധാരണമായ സ്‌നേഹം വേണം. അവളുടെ കൈപിടിച്ച് ഞാന്‍ ജീവിതത്തിന്റെ വെളിച്ചത്തിലേക്കു കയറി.
ഇന്നുവിന്റെ വയറ്റില്‍ അണുബാധയുള്ള വെള്ളം കയറിയിരുന്നു. നനഞ്ഞു കുളിച്ച് അവനെയുംകൊണ്ട് ആസ്പത്രിയിലേക്കു കുതിക്കുമ്പോള്‍ ഞാന്‍ സോണറ്റിനോട് പറഞ്ഞു:
'സിനിമാനടനാവാനോ അമ്മയുടെ പ്രസിഡന്റാവാനോ ഒന്നുമല്ലടാ അപ്പന്‍ ജനിച്ചത്. ഇന്നുവിനെ രക്ഷിക്കാനാ. എന്റെ ജീവിതം ഇപ്പോള്‍ പൂര്‍ണമായി. ഇനി എപ്പോള്‍ വേണമെങ്കിലും മരിക്കാം'
അതുകേട്ട് അവന്‍ പൊട്ടിക്കരഞ്ഞു. അസുഖം തളര്‍ത്തിയ ശരീരവുമായി ആലിസിരുന്ന് തേങ്ങി.
ദിവസങ്ങള്‍കൊണ്ട് പതുക്കെപ്പതുക്കെ ഇന്നു ജീവിതത്തിലേക്കു വന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ എനിക്ക് അത്യാവശ്യമായ ഒരു കോമ്പിനേഷന്‍ സീന്‍ ചെയ്യാനുണ്ടായിരുന്നു. ആറും ഏഴും ടേക്ക് എടുത്തിട്ടും സീന്‍ ഓക്കെയായില്ല. മനസ്സ് അപ്പോഴും വിറയ്ക്കുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെ രാത്രികളിലെല്ലാം ഒരു വെളുത്ത തുണിക്കെട്ട് വീട്ടിലേക്കു വരുന്ന സ്വപ്‌നം കണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. ദിവസങ്ങളോളം ഒന്നിനുമാവാതെ
ഉഴറി നടന്നു. ഇന്നു ചിരിച്ചുതുടങ്ങിയപ്പോഴാണ് ഞാനും ചിരിച്ചുതുടങ്ങിയത്.
അവനിപ്പോഴും ആ ആഘാതത്തില്‍നിന്നും മാനസികമായി മോചിതനായിട്ടില്ല. കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന ഒരു കാഴ്ച ഞാന്‍ കണ്ടു: ഇന്നു അടുക്കളയില്‍ ആലീസിനെ സഹായിക്കുന്ന ദേവയാനിയുടെ കൂടെ ഇരിക്കുകയാണ്. തൊട്ടടുത്ത് ഒരുബക്കറ്റ് വെള്ളമുണ്ട്. അവന്റെ കൈയിലെ പ്ലാസ്റ്റിക്കിന്റെ ഒരു പാവ അവന്‍ വെള്ളത്തില്‍ മുക്കുന്നു. മുക്കിപ്പിടിച്ച് വിടുമ്പോള്‍ അത് മുകളിലേക്ക് കുതിച്ചുവരും. അപ്പോള്‍ പാവയെ തൊട്ട് അവന്‍ പണിക്കാരിയോട് പറയും: ഇത് 'ഇന്നു' എന്നിട്ട് അതിനെ പൊക്കിയെടുത്ത്പറയും: 'ഇത് അപ്പാപ്പന്‍'!!
സംഭവം കഴിഞ്ഞ് വീട് സാധാരണ നിലയിലേക്ക് വന്നപ്പോള്‍ ഞാന്‍ രശ്മിയോട് ചോദിച്ചു: 'ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചു മരിച്ചുപോയിരുന്നെങ്കില്‍
ആര്‍ക്കുവേണ്ടിയായിരിക്കും നീ കൂടുതല്‍ കരയുക? അതുകേട്ട് അവള്‍
കരഞ്ഞു.
ഇപ്പോള്‍ ആലീസിനോട് ഞാന്‍ ചോദിക്കാറുണ്ട്: 'അന്ന് ഞങ്ങള്‍ രണ്ടുപേരുംകൂടി മരിച്ചുപോയിരുന്നെങ്കില്‍ നിന്റെ സങ്കടം ഭാഗിച്ചുപോകുമായിരുന്നില്ലേ? എനിക്കുവേണ്ടിമാത്രം നീ കരയുന്നതാണ് എനിക്കിഷ്ടം. അതിന് ഞാന്‍ വീണ്ടും ജനിച്ച് വീണ്ടും മരിക്കേണ്ടിവരും.'
മരണത്തില്‍പോലും മനുഷ്യന്‍ സ്വാര്‍ഥനാണ്.
ദൈവത്തില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്ന ആളാണ് ഞാന്‍. ഇതുവരെ കാണാത്ത ഒന്നിനെ ഉണ്ടെന്ന് നിനച്ച് ആളുകള്‍ പ്രാര്‍ഥിക്കുന്നത് കാണുമ്പോള്‍ എതിര്‍ക്കാന്‍ പോവാറില്ല. എന്നാല്‍ അന്ന് ഇരുട്ടും വെള്ളവും ചേര്‍ന്ന ആ കുഴിയില്‍ മരണത്തോടു മല്ലിട്ടു കിടന്നപ്പോള്‍ ഞാന്‍ ഒരു തണുത്ത കൈയില്‍ പിടിച്ചു. അത് ദൈവത്തിന്റേതാണ് എന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു. ദൈവം എന്നതിനെക്കാള്‍ അതിനെ അജ്ഞാതമായ ഏതോ ശക്തി എന്നു പറയുന്നതാവും ഉചിതം. ആ ശക്തിയെ നമുക്ക് വേണമെങ്കില്‍ ദൈവം എന്നുവിളിക്കാം. അത് ക്രിസ്ത്യാനിയാണോ ഹിന്ദുവാണോ ഇസ്‌ലാമാണോ എന്നെനിക്കറിയില്ല. എന്തെങ്കിലും വര്‍ണമുണ്ടോ എന്നുമറിയില്ല.
എങ്കിലും ആ മന്ദഹാസം ഞാന്‍ ഇപ്പോഴും കാണുന്നു.

(ചിരിക്കു പിന്നില്‍ എന്ന ആത്മകഥയില്‍ നിന്ന്)

ആത്മകഥ വാങ്ങാം

 



1
amma

 

ga