
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍വലിയ തലക്കെട്ടില്‍ പ്രധാന പേജില്‍ വാര്‍ത്ത നല്‍കി. ഒപ്പമുള്ള പ്രതികളുടെ ചിത്രങ്ങള്‍ ഒത്തുനോക്കി ശരിവെച്ച് പേജ് പാസ്സാക്കി. ഇന്നത്തെ പണി പൂര്‍ത്തിയായി എന്നു കരുതവേയാണ് മാതൃദിനത്തെക്കുറിച്ചുള്ള ഈ ചെറുകുറിപ്പെഴുതണമല്ലോ എന്നോര്‍ത്തത്.
അമ്മയെക്കുറിച്ച് എന്തെഴുതണമെന്നോര്‍ത്തപ്പോള്‍ മനസ്സിലേയ്ക്ക് ഒരുപാട് അമ്മച്ചിത്രങ്ങള്‍ ഓടിവന്നു. അതില്‍ പലതും വാര്‍ത്തകള്‍ക്കിടിയില്‍ നിന്ന് തലപൊക്കി തറപ്പിച്ചുനോക്കുന്ന, കണ്ണീരുവാര്‍ക്കുന്ന, പരിഹാസപുഞ്ചിരിപൊഴിക്കുന്ന അമ്മ മുഖങ്ങളാണ്. നാളെ പത്രം വായിക്കുന്ന വായനക്കാരന്റെ മനസ്സിലേയ്‌ക്കെങ്ങനെ ഈ വാര്‍ത്തയെത്തിക്കാം എന്നു മാത്രം ചിന്തിച്ച് അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കുമിടയില്‍ മാത്രം കണ്ണോടിക്കുമ്പോള്‍ ഈ അമ്മ മുഖങ്ങള്‍ പെട്ടെന്ന് മുന്നിലുയര്‍ന്ന് ചില ചോദ്യങ്ങളുന്നയിക്കും. ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങള്‍...
ഇന്നത്തെ വാര്‍ത്തയിലെ അമ്മയും മകളും തൊട്ടടുത്ത നാട്ടുകാര്‍. നാളുകള്‍ക്ക് മുമ്പ് മറ്റൊരമ്മമുഖം മനസ്സിലസ്വസ്ഥത നിറച്ച് വാര്‍ത്തകള്‍ക്കിടയില്‍ നിന്നുയര്‍ന്നിരുന്നു. കൗമാരക്കാരിയായ മകളുടെ മാനം രക്ഷിക്കാന്‍ ബസ്സില്‍ നിന്നെടുത്തു ചാടേണ്ടി വന്ന അമ്മ. മകളെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിട്ടും അവര്‍ അവരെ വെറുതെവിട്ടില്ല....മകളുടെ മൃതദേഹം മുന്നിലിട്ട് അവര്‍ ആ അമ്മയോട് വിലപേശി.
പാതിരാവും കഴിഞ്ഞ് പുലര്‍ച്ചെവരെ നീളുന്ന ന്യൂസ്‌ഡെസ്‌കിലെ ജോലികള്‍ തീര്‍ത്ത് വീട്ടിലേയ്ക്കു മടങ്ങുമ്പോഴും ഈ അമ്മ മുഖങ്ങള്‍ പിന്തുടരും. പുലര്‍ച്ചെയുള്ള ചെറുമയക്കത്തിനു ശേഷം വീട്ടമ്മയെന്ന കഥാപാത്രത്തിലേയ്ക്ക് പകര്‍ന്നാട്ടം നടത്തുമ്പോഴും ആ മുഖങ്ങളുടെ പിന്തുടരല്‍ അല്പം പോലും ശമിച്ചിട്ടുണ്ടാവില്ല.
അമ്മയോടൊപ്പമിരുന്ന് പ്രാതല്‍ കഴിക്കുംവരെ മനസ്സങ്ങനെ അലയും. രാവിലത്തെ തിരക്കുകളെല്ലാം തീര്‍ത്ത് ആശ്വാസത്തോടെ മേശയ്ക്കിരുപുറവുമിരുന്നുള്ള സംഭാഷണങ്ങള്‍. നാട്ടുവര്‍ത്തമാനങ്ങളില്‍ തുടങ്ങി പത്രവാര്‍ത്തകളിലേയ്ക്ക് കടക്കുമ്പോള്‍ അമ്മയ്ക്ക് ആകാംക്ഷയേറും. പിന്നെ പ്രതീക്ഷിച്ചതിലും ഏറെ ഉയരത്തില്‍ നിന്ന് അമ്മ സംസാരിച്ചു തുടങ്ങുമ്പോള്‍ മനസ്സിലെ മൂടല്‍ നീങ്ങിത്തുടങ്ങും.
അതെ, വാര്‍ത്തകള്‍ക്കിടയിലെ വായനകള്‍ അമ്മ ശരിവെച്ചു തരികയാണ്. ചിന്തകളെ ഇനിയും ഇഷ്ടംപോലെ കയറൂരി വിട്ടോളൂ എന്ന് പറയാതെ പറയുകയാണ്. വായിക്കാന്‍ വിട്ടുപോയിടങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ചിത്രം പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ്. അങ്ങിനെ നിരവധി അമ്മമുഖങ്ങളിലൂടെ, അവരുന്നയിക്കുന്ന ചോദ്യങ്ങളിലൂടെ, മറുപടികളിലൂടെ, അനുഭവങ്ങളിലൂടെ മറ്റൊരമ്മ വളരുകയാണ്. ഇനിയുമേറെ പങ്കുവെക്കലുകള്‍ക്കായി, ചോദ്യങ്ങളുയര്‍ത്താനായി, മറുപടികളേകാനായി.....