
കൊച്ചു കുട്ടിയായിരിക്കെ അച്ഛന്‍ 'കുഞ്ഞമ്മേ, സ്വര്‍ണക്കട്ടേ' എന്നെല്ലാം ഓമനപ്പേര് വിളിച്ച് അടുപ്പിച്ചുനിര്‍ത്തി കൊച്ചു കൊച്ചു കാര്യങ്ങള്‍ ചോദിക്കും, കവിളത്തു തലോടും. കുട്ടിക്കാലത്ത് പൊണ്ണത്തടിച്ചിയായിരുന്ന എന്നെ എടുത്ത് 'പൊന്നിന്‍ കുടത്തിന് പൊട്ടു വേണ്ട..' എന്ന് പാടും. നാരങ്ങമിഠായിയും പാരീസിന്റെ ഓറഞ്ചു നിറത്തിലുള്ള നാളികേര മിഠായിയും പച്ചക്കവറുള്ള പാലുമിഠായിയും വാങ്ങിത്തരും. വല്ലപ്പോഴും ഒരു നാഴികയിലധികം ദൂരെ അങ്ങാടിയില്‍ നിന്ന് ഐസ് മിഠായി വാങ്ങി വരും. അത് കൈയില്‍ കിട്ടുമ്പോഴേക്ക് ഉരുകി നേര്‍ത്തിട്ടുണ്ടാവും. കുട്ടികളുടെ മനസ്സറിഞ്ഞ് ഇഷ്ടം സാധിച്ചുതരാന്‍ എന്നും അച്ഛനുണ്ടായിരുന്നു.
അതിന് നേര്‍വിപരീതമാണ് അമ്മ. കൊഞ്ചിക്കാനോ കളിപ്പിക്കാനോ അമ്മയെ കിട്ടില്ല. എങ്കിലും ഞങ്ങള്‍ ബാലാരിഷ്ടതകള്‍ക്കുള്ള കഷായമുണ്ടാക്കലും ചികിത്സകളുമെല്ലാം തറവാട്ടിലെ തിരക്കിനിടയിലും ഒരു നേരം പോലും മുടക്കില്ല. മക്കളുടെ മുഖമൊന്നു മങ്ങിയാല്‍ അമ്മ അറിയും. വിവാഹശേഷം ഞാന്‍ മലപ്പുറത്തെ ആനമങ്ങാടെന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലെത്തി. നാട്ടില്‍ അമ്മയോട് ഫോണില്‍ സംസാരിക്കുമ്പോള്‍ എന്റെ അസുഖവും മറ്റും ശബ്ദത്തില്‍ നിന്ന് മനസ്സിലാക്കും. സംസാരം കേട്ടില്ലെങ്കിലും ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ ഇന്നും അമ്മ വിളിക്കും. ശബ്ദം കേട്ടാല്‍ പറയും, ' എന്താ പറ്റിയെ? കുട്ടിക്കെന്തെങ്കിലും തഞ്ചക്കടുണ്ടെങ്കില്‍ അത് എനിക്കിവ്‌ടെ മനസ്സിലാവും', ടെലിപ്പതി പോലെയാണ് പോലെയാണ് അമ്മയുടെ കാര്യം.
അതെ, അമ്മ തൊട്ടടുത്തില്ലെങ്കിലും എന്റെ ഒപ്പമുണ്ട്. ആസ്പത്രിയില്‍ മുറിവോ വേദനയോ കാണാനും ഒപ്പമിരിക്കാനും അമ്മയ്ക്ക് വയ്യ. പേടിയാണ്. തൊട്ടപ്പുറത്ത്, അല്ലെങ്കില്‍ വീട്ടില്‍ മറ്റ് എല്ലാ കാര്യങ്ങളും നോക്കിയും ഭഗവദ് ഗീത വായിച്ച് മനസ്സിനെ ശാന്തമാക്കിയും അമ്മ എല്ലാ വേദനയും മനസ്സില്‍ ഏറ്റെടുക്കും. എനിക്ക് മകള്‍ പിറക്കുമ്പോള്‍ അമ്മ അമ്മയുടെ ഏടത്തിയോട് എന്റൊപ്പം നില്‍ക്കാന്‍ പറഞ്ഞു. അമ്മ പുറത്ത് ആസ്പത്രി മുറിയില്‍ ഗീത വായിച്ച് കരഞ്ഞു കൊണ്ടിരിക്കുയായിരുന്നെന്ന് ഭര്‍ത്താവിന്റെ അമ്മാമി പലപ്പോഴും പറയുമായിരുന്നു, 'ഇങ്ങനൊരാളെ കണ്ടിട്ടില്ല്യ.'
പതിനഞ്ച് കൊല്ലം മുന്‍പ് അപകടത്തില്‍പ്പെട്ട് കാല് മുറിക്കേണ്ടിവന്നപ്പോള്‍ അച്ഛന്‍ രാവിലെ ആസ്പത്രിയിലെത്തും. രാത്രി വരെ തൊട്ടും തലോടിയും കൂടെയിരിക്കും. അമ്മയ്ക്ക് ആസ്പത്രിയില്‍ വരാന്‍ വയ്യ. എന്നാലും എനിക്കിഷ്ടമുള്ള കയ്പ്പയ്ക്ക ഉപ്പേരി ഉണ്ടാക്കി കൊടുത്തയച്ചു. എന്റെ കുട്ടികളെ കഥ പറഞ്ഞ് രസിപ്പിച്ചു. അമ്മ ആസ്പത്രിയിലാണെന്ന സങ്കടം കുട്ടികള്‍ക്ക് തോന്നാതിരിക്കാന്‍ അവരുടെ മുത്തശ്ശി അവരുടെ ഒപ്പം എല്ലാ കളികള്‍ക്കും കൂടി.
വേദനകളില്‍ അമ്മ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടേയില്ല. കാരണം, എനിക്ക് മനോബലമായി എന്നും എന്റെ ഉള്ളിലുണ്ട്. അച്ഛന്റെ സ്‌നേഹവും അമ്മയുടെ ശ്രദ്ധയും ഏത് വിഷമത്തിലും കൂടെ നിന്നു, ഏത് ഒറ്റപ്പെടലിനെയും വേദനയെയും കടന്നു പോരാനുള്ള ശക്തിയായി.
എന്നാലും പറയാം, അമ്മ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ച സമയവുമുണ്ട്. മുതിര്‍ന്ന ശേഷം എന്റെ യാത്രകളിലാണത്. ഗുജറാത്തില്‍ സാബര്‍മതി തീരത്ത് ഗാന്ധി ആശ്രമത്തില്‍ പോയപ്പോള്‍, താജ്മഹലില്‍ പോയപ്പോള്‍, മഥുര ക്ഷേത്രത്തില്‍ പോയപ്പോള്‍, ന്യൂയോര്‍ക്കില്‍ മകള്‍ക്കൊപ്പം നയാഗ്ര വെള്ളച്ചാട്ടം കണ്ടനുഭവിച്ചപ്പോള്‍... അപ്പോഴൊക്കെ അമ്മ കൂടി വേണമെന്ന് വല്ലാതെ തോന്നി.
അമ്മ പറഞ്ഞു തന്ന, വായിച്ചു തന്ന, പഠിക്കാന്‍ ഉത്സാഹിപ്പിച്ച പുരാണവും ചരിത്രവുമാണ് അവിടെയെല്ലാം ഉറങ്ങിക്കിടന്നത്. മണിപ്രവാളത്തിലെയും കൃഷ്ണഗാഥയിലെയും വരികള്‍ മനപ്പാഠമാക്കിയത് അമ്മ ചൊല്ലിക്കേട്ടാണ്. കവിതകളിലൂടെ ഗാന്ധിയുടെ മഹത്വം വര്‍ണിക്കുമ്പോള്‍ അമ്മയുടെ കണ്ണ് നനയുന്നത് കണ്ടിട്ടുണ്ട്. വള്ളത്തോളും ഉള്ളൂരും ജി.യും കൂടെയെത്തിയത് അമ്മയിലൂടെ തന്നെ. അമ്മ വടിവൊത്ത കൈയക്ഷരത്തില്‍ പുസ്തകങ്ങളില്‍ എഴുതിയെടുത്ത് ദേശഭക്തിഗാനങ്ങളിന്നും മനസ്സിലുണ്ട്. മുഗള്‍, രജപുത്ര കഥകളുടെ ലോകത്തെത്തിച്ചതും അമ്മ തന്നെ.