അതെന്താ അവന് മുറ്റമടിച്ചാല്‍
മിനി പി.എസ്.നായര്‍ (സ്വകാര്യ എഫ്എം ചാനല്‍ പ്രോഗ്രാം ഹെഡ്)
Posted on: 09 May 2015

അതെന്താ അവന് മുറ്റമടിച്ചാല്‍? ചെറുപ്പം മുതല്‍ തന്നെ എന്റെ മനസ്സില്‍ തോന്നിയിട്ടുള്ള സംശയമായിരുന്നു അത്. അമ്മ എന്താ എന്നോട് മാത്രം മുറ്റമടിക്കാന്‍ പറയുന്നത് അവനോട് പറയുന്നില്ലല്ലോ എന്ന്. ശരിക്കുപറഞ്ഞാല്‍ അമ്മമാര്‍ തന്നെയാണെന്ന് തോന്നുന്നു സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍ ആണ്‍കുട്ടികളാണെന്ന തോന്നല്‍ ഉണ്ടാക്കുന്നവരില്‍ പ്രധാനി. പെണ്‍കുട്ടികള്‍ക്കുള്ള പ്രാധാന്യം കുറയുന്നതും അതുകൊണ്ടാണ്.
സ്ത്രീകള്‍ക്ക് കൊടുക്കേണ്ട ബഹുമാനം എന്താണ് എങ്ങനെയാണ് എന്ന് പഠിപ്പിച്ച് തുടങ്ങേണ്ടത് വീട്ടില്‍ നിന്ന് തന്നെയാണ്. അമ്മയുടെ പെരുമാറ്റത്തിലൂടെ വേണം ആണ്‍കുട്ടികള്‍ അത് മനസ്സിലാക്കിയെടുക്കാന്‍. സ്വന്തം അമ്മയെ സ്‌നേഹിക്കുന്ന പോലെ ബഹുമാനിക്കുന്ന പോലെ സ്വന്തം സഹോദരിക്കും ഭാര്യക്കും നല്‍കുന്ന കരുതല്‍ പോലെ ചുറ്റിനും കാണുന്ന ഓരോ സ്ത്രീക്കും അതെല്ലാം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ആണ്‍സമൂഹത്തെ പഠിക്കേണ്ടത് വീട്ടില്‍ നിന്ന് തന്നെയാണ്. അത് അമ്മ തന്നെ ചെയ്യണം. അങ്ങനെ വരുമ്പോള്‍ പെണ്‍കുട്ടികള്‍ ഇന്ന് നേരിടുന്ന ഇന്‍സെക്യൂരിറ്റി ഇല്ലാതാകും. ഞാനെന്റെ മകനും പറഞ്ഞ് കൊടുക്കുന്നത് അതാണ്.