'ശ്രീശക്തി' വനിതാസംഘത്തിലെ അംഗങ്ങളായ ഞങ്ങളെല്ലാവരും മാതൃഭൂമി പത്രത്തിന്റെ സ്ഥിരം വായനക്കാരാണ്. ഞങ്ങള്‍ ആഴ്ചതോറും നടത്തുന്ന യോഗങ്ങളില്‍ പത്രവാര്‍ത്തകള്‍ ചര്‍ച്ചചെയ്യാറുണ്ട്. ഇതില്‍ മാര്‍ച്ച് 19ന് 'അഴിഞ്ഞാടുന്ന സ്ത്രീവിരുദ്ധത' എന്ന ശീര്‍ഷകത്തില്‍ ഡോ. പി.എസ്. ശ്രീകല എഴുതിയ അഭിപ്രായങ്ങള്‍ ഞങ്ങളുടെയെല്ലാം മനസ്സുകളില്‍നിന്ന് ഉയരുന്നതാണെ്‌ളലന്ന് അറിയിക്കുന്നു. അത് പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് പ്രത്യേകം നന്ദി.
ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ്ങിന്റെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം യാഥാസ്ഥിതിക മനോഭാവമുള്ള ആണുങ്ങളും പ്രത്യക്ഷമായോ അല്ലെങ്കില്‍ മനസ്സിലെങ്കിലും ഇങ്ങനെത്തന്നെയായിരിക്കും പ്രതികരിച്ചിട്ടുള്ളത്അതായത് ഇരുട്ടിയതിനുശേഷം എന്തിനാണ് പെണ്ണുങ്ങള്‍ പുറത്തിറങ്ങുന്നത്? (കാരണം 'പകല്‍മാന്യന്മാര്‍' ചമഞ്ഞുനടക്കുന്ന അവര്‍ രാത്രിയായാല്‍ അവരുടെ മൃഗീയസ്വഭാവങ്ങള്‍ പുറത്തെടുക്കുമെന്നും സ്ത്രീകളെ വെറും 'ഇര'കളായിമാത്രം കാണുമെന്നുമുള്ള സ്വയം സമ്മതിക്കലാണ് ഇതെന്നതില്‍ സംശയമില്ല) സ്ത്രീ ദേവിയാണ്, ആദരണീയയാണ് എന്നെല്ലാം ഉപന്യാസങ്ങളിലും പ്രസംഗവേദികളിലും ഉയര്‍ന്നുകേള്‍ക്കാറുണ്ട്.
എന്നാല്‍, ഇതെല്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണെന്നുമാത്രം. ഇരുട്ടിന്റെ മറവില്‍ സ്ത്രീകള്‍ കാപാലികരായ പുരുഷന്മാര്‍ക്ക് (ഇന്ന് ഭൂരിഭാഗവും ആ ഗണത്തില്‍പ്പെടുന്നു എന്നതാണ് ദുഃഖകരമായ സത്യം) വെറും ഭോഗവസ്തു മാത്രമാണെന്നാണ് ഇപ്പോഴത്തെ പത്രവാര്‍ത്തകള്‍ തെളിയിക്കുന്നത്. നമ്മുടെ നാട്ടിലെ പെണ്‍കുട്ടി സൗമ്യയ്ക്ക് രാത്രിയില്‍ തീവണ്ടി യാത്രയ്ക്കിടെ നേരിട്ട ദുരവസ്ഥയും അതിലെ പ്രതി ഗോവിന്ദച്ചാമിക്ക് കേസ് നടത്തുന്നതിന് ലഭിക്കുന്ന സഹായങ്ങളും കാണുമ്പോള്‍ സ്ത്രീകള്‍ എന്നനിലയില്‍ ഞങ്ങള്‍ക്ക് വളരെയധികം വിഷമവും ലജ്ജയും തോന്നുന്നു.
ഇക്കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഭൂഷണമല്ലെന്ന് ഏതൊരു മലയാളിയും സമ്മതിക്കും. എന്നാല്‍, അതില്‍ വനിതാ എം.എല്‍.എ.മാര്‍ക്കെതിരെ പുറത്ത് നടത്തിയ പ്രസംഗങ്ങള്‍ സ്ത്രീത്വത്തിനുതന്നെ അപമാനകരമായി. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളെപ്പോലും പുരുഷന്മാര്‍ ഇത്തരത്തിലുള്ള അശ്‌ളീല മനോഭാവത്തോടുകൂടിയാണ് കാണുന്നത്. അത്തരത്തിലുള്ള പ്രസ്താവനകള്‍, അവളെ മാനസിക സമ്മര്‍ദത്തിലാഴ്ത്തി കേവലം കുടുംബം എന്ന ചട്ടക്കൂട്ടിലൊതുങ്ങി നില്‍ക്കുന്നതിന് നിര്‍ബന്ധിതയാക്കുന്നതിന് വേണ്ടിയാണ്.
സ്ത്രീകള്‍ ഇതിനെല്ലാമെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം മിക്കവാറും എല്ലാ പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്നുണ്ട്. എല്ലാ അമ്മമാരും പെണ്‍കുട്ടികളെ ആത്മാഭിമാനത്തോടെ വളര്‍ത്തുന്നതിനും (അവസരങ്ങള്‍ നിഷേധിക്കാതെ) ആണ്‍കുട്ടികളെ സ്ത്രീകളോടും പെണ്‍കുട്ടികളോടും ബഹുമാനപൂര്‍വം സംസാരിക്കുന്നതിനും പെരുമാറുന്നതിനും പഠിപ്പിച്ച് വളര്‍ത്തുന്നതിനും ശ്രമിക്കണം. കാരണം, സഹോദരിമാര്‍ വീടുകളില്‍ പാത്രം കഴുകല്‍, അലക്കല്‍ മുതലായവ ചെയ്യേണ്ടതാണെന്നും തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല എന്നുമുള്ള തോന്നലോടെ വളര്‍ന്നുവരുന്ന ആണ്‍കുട്ടി, സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരുടെ കീഴില്‍ നില്‍ക്കേണ്ടതാണെന്നാണ് മനസ്സിലാക്കുന്നത്. അതിനാല്‍ അമ്മമാര്‍ ഇനിയുള്ള തലമുറയെയെങ്കിലും സ്ത്രീകളെ കേവലം രണ്ടാംതരം പൗരന്മാരായി കാണാതിരിക്കുന്നതിനുവേണ്ടി വീടുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ വളര്‍ത്തേണ്ടതാണ്. വീട്ടുജോലികള്‍ തീര്‍ച്ചയായും ആണ്‍കുട്ടികള്‍ക്കുകൂടി നല്‍കണം. വീട് വൃത്തിയാക്കല്‍, പാത്രം കഴുകല്‍, അലക്കല്‍ മുതലായവയില്‍ അവരെക്കൂടി ഉള്‍പ്പെടുത്തണം.
ശ്രീശക്തി സംഘാംഗങ്ങള്‍, ചേരാനല്ലൂര്‍