
ഓടിയെത്തും നേരമെന്നെ ഓമനിക്കും അമ്മ
പാലു തരും പാവ തരും പീപ്പി തരും അമ്മ..
പട്ടുറുമാല്‍ തുന്നിത്തരും പൊട്ടു തൊടുവിക്കും... മനസ്സ് മെല്ലെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്. കട്ടിലില്‍ ചരിഞ്ഞ് കിടന്ന് വെളളമിറ്റു വീഴുന്ന നീണ്ട മുടി കട്ടില്‍ തലയ്ക്കലില്‍ നിന്നും താഴേക്കിട്ട് എന്റെ നഴ്‌സറി പുസ്തകങ്ങള്‍ നോക്കി അമ്മ പാടുകയാണ്. കൈയ്യിലെ കളിക്കോപ്പുമായി താഴെ തറയില്‍ ചടഞ്ഞിരുന്ന് പാട്ടു കേള്‍ക്കുന്ന എന്റെ കണ്ണെപ്പോഴും വെളളമിറ്റു വീഴുന്ന ആ നീണ്ടമുടിയിലായിരിക്കും.
അമ്മയുടെ പോലെ നീണ്ട മുടി വേണം. വലുതാകുമ്പോള്‍ അമ്മയുടെ കാതിലെ ആ വലിയ ജിമുക്കി ഇടണം, പിന്നെ അമ്മയുടെ കൈയ്യിലുളള കാപ്പിപ്പൊടിയുടെ നിറത്തിലുളള ഹാന്‍ഡ് ബാഗ് വേണം. അന്നത്തെ ആ നാലു വയസ്സുകാരിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍ ഇതൊക്കെയായിരുന്നു. ഒരുപക്ഷേ അമ്മയേക്കാള്‍ അമ്മയുടെ മുടിയും കമ്മലും വളകളും സാരികളും ബാഗുമെല്ലാമായിരുന്നിരിക്കണം ഞാന്‍ സ്‌നേഹിച്ചിരുന്നത്. അതുകൊണ്ടാണല്ലോ അമ്മ മരിച്ചിട്ടു വേണം അമ്മയുടെ ജിമുക്കി എനിക്കിടാന്‍ എന്ന അധികപ്രസംഗം ഞാന്‍ അമ്മായിയോട് പറഞ്ഞത്.
അമ്മയെന്ന വികാരത്തിന്റെ വ്യാപ്തിയേതും തിരിച്ചറിയാതെ മരണമെന്ന സത്യത്തെ ഒട്ടും മനസ്സിലാക്കാതെ പറഞ്ഞ ഒരു വലിയ അസംബന്ധം. ഞാന്‍ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ച് അമ്മയുടെ അടുക്കലേക്കോടിയ അമ്മായിയും അമ്മായി പറഞ്ഞത് കേട്ട് അമ്പടി എന്ന ഭാവത്തില്‍ അമ്മ എന്നെ നോക്കി ചിരിക്കുന്നതും കൂടി കണ്ടപ്പോള്‍ മാത്രമേ പറഞ്ഞത് പറയാന്‍ പാടില്ലാത്ത എന്തോ ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
'കുട്ടിക്ക് കല്യാണത്തിന് അമ്മായി വല്യ ജിമുക്കി വാങ്ങിത്തരാട്ടോ, അതിടാനായി അമ്മ മരിക്കണമെന്നൊന്നും പറയല്ലേ'എന്നു പറഞ്ഞ് അമ്മായി കവിളില്‍ ഒരു നുളളുകൂടി തന്നതോടെ പാടേ തകര്‍ന്നു പോയി. ഞാന്‍ വീണ്ടും അമ്മയെ നോക്കി. അമ്മ എന്നെ നോക്കി ചിരിക്കുന്നു. ആ ചിരിയില്‍ ഒരു കുഞ്ഞു കളിയാക്കല്‍ ധ്വനി ഇല്ലേ? ഉണ്ട്. അന്നും ഇന്നും അമ്മയുടെ ആ വല്ലാത്ത ഭാവത്തിലുളള ചിരി മാത്രം എനിക്കിഷ്ടമല്ല. ലോകത്തുളള ആരു വേണമെങ്കിലും എന്നെ കളിയാക്കിക്കോട്ടെ പക്ഷേ അമ്മയെന്നെ കളിയാക്കരുത് അതെനിക്ക് നിര്‍ബന്ധമാണ്.
'അത് സാരല്ല്യാ പോട്ടെ' ഇത്രയും മതി എനിക്ക്. ലോകരുടെ കളിയാക്കലുകളൊന്നും എന്നെ ഏശുകയേ ഇല്ല. പക്ഷേ അമ്മ അതു പറയുമ്പോഴും ആ ചുണ്ടിലൊരു കളളച്ചിരി ഒളിപ്പിച്ചിരിക്കും. ഹോ, അതു കാണുമ്പോള്‍ ഈ ലോകം മുഴുവന്‍ എനിക്കെതിരാണെന്ന് തോന്നും...
എന്റെ ഏകാധിപത്യം തകര്‍ത്ത് എനിക്കൂ കൂട്ടായി കുഞ്ഞനിയത്തി വന്നപ്പോഴും ഞാന്‍ അമ്മയോട് പരിഭവിച്ചു.'ഇല്ല അമ്മക്കെന്നോട് പഴയ സ്‌നേഹമൊന്നുമില്ല. അതല്ലേ എപ്പോഴും കുഞ്ഞുവാവയെ മാത്രം കൊഞ്ചിക്കുന്നത്.' കളിക്കാന്‍ ഒരു കൂടപ്പിറപ്പിനെ കൂട്ടുവേണമെന്നു പറഞ്ഞ കാര്യമെല്ലാം ഞാന്‍ മറന്നു. പകരം മനസ്സ് മുഴുവന്‍ പക നിറഞ്ഞു. ദേഷ്യം നിറഞ്ഞു.
ആര്‍ക്കും എന്നെ വേണ്ട, ആര്‍ക്കും എന്നോട് സ്‌നേഹമില്ല അമ്മയ്ക്കു പോലും. അതേ എന്തിന്റേയും അവസാനവാക്കായിരുന്നു എനിക്കന്നും അമ്മ.

അമ്മ നന്നായി വായിക്കുമായിരുന്നു. അമ്മയ്ക്കു വേണ്ടിയാണ് ഞാന്‍ ലൈബ്രറിയില്‍ ആദ്യമായി പോകുന്നത്. അവിടുത്തെ ചേച്ചിയുടെ സഹായത്തോടെ അമ്മയ്ക്ക് വായിക്കാന്‍ നല്ല തടിയന്‍ പുസ്തകം തന്നെ നോക്കിയെടുക്കും. നല്ല പുസ്തകങ്ങള്‍ക്ക് തടി കാണുമെന്ന് ഞാന്‍ മനസ്സിലാക്കി വച്ചിരുന്നു. ബാലശാസ്ത്ര മാസികയായ യുറീക്കയില്‍ നിന്നും നല്ല എഴുത്തുകാരേയും ഞാന്‍ മനസ്സിലാക്കി വച്ചിട്ടുണ്ട്. ഞാനെടുത്തു കൊടുക്കുന്ന പുസ്തകങ്ങളെല്ലാം ആര്‍ത്തിയോടെ വളരെ വേഗത്തില്‍ തന്നെ അമ്മ വായിച്ച് തീര്‍ക്കും.
ഇത്ര പെട്ടെന്ന് വായിച്ചു തീര്‍ത്തോ എന്ന് ചോദിച്ചാണ് മിക്ക ദിവസവും ലൈബ്രറിയിലെ ചേച്ചി എന്നെ സ്വാഗതം ചെയ്യുക. ബുക്ക് തിരഞ്ഞെടുക്കാന്‍ ചേച്ചിയും സഹായിക്കും. എഴുത്തുകാരെയും പുസ്തകങ്ങളെയും കുറിച്ച് വലിയ അറിവൊന്നുമില്ലാത്ത ആ കുട്ടിക്കാലത്ത് ചില്ലറ അബദ്ധങ്ങളും പറ്റിയിട്ടുണ്ട്.
അമ്മക്ക് പ്രേമലേഖനം വേണോ എന്ന് ചോദിച്ച ലൈബ്രറിയിലെ ചേച്ചിയുടെ അനിയനെ നോക്കി ദഹിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അത്തരമൊരു അജ്ഞതയായിരുന്നു. സ്വതവേ ബള്‍ബു പോലുളള കണ്ണ് ഒന്നുകൂടെ ഉരുട്ടി ഞാനാ ചേട്ടനെ കാര്യമായിട്ട് ഒന്നു നോക്കി. എന്റമ്മക്ക് പ്രേമലേഖനം കൊടുക്കാന്‍ എന്നെ ഏല്‍പിക്കുന്നു സാമദ്രോഹി. സുന്ദരികളായ സ്ത്രീകള്‍ക്ക് ആണുങ്ങള്‍ എഴുതി കൊടുക്കുന്ന അത്ര നല്ലതല്ലാത്ത എന്തോ ഒരു സാധനം മാത്രമാണ് പ്രേമലേഖനം എന്നാണ് അതുവരെ ഞാന്‍ കരുതിയിരുന്നത്.
വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ പുസ്തകമാണ്, നല്ലതാണെന്ന് പറഞ്ഞ് ചമ്മലോടെ ആ ചേട്ടന്‍ പുസ്തകം എന്റെ നേര്‍ക്കു നീട്ടിയപ്പോള്‍ ചമ്മിയത് ഞാനാണ്. മലയാളം സെക്കന്റിന്റെ വി-ഗൈഡിന്റെ വലിപ്പം മാത്രമുളള ആ കൊച്ചു പുസ്തകത്തിത്തിന്റെ ചട്ടയില്‍ കറുത്ത അക്ഷരങ്ങളില്‍ എഴുതിയ പേര് ഞാന്‍ വായിച്ചു, പ്രേമലേഖനം.
ഛെ, പുസ്തകമായിരുന്നോ! എന്നാലും ഈ ബഷീര്‍ ഇങ്ങനേയും ഒരു പുസ്തകം എഴുതിയോ ? എന്തൊരു മനുഷ്യന്‍ ! മനസ്സിലോര്‍ത്തു. പിന്നെ ചമ്മല്‍ പുറത്തുകാട്ടാതെ അയ്യേ, ഈ പുസ്തകത്തിന് തീരെ തടിയില്ല. എനിക്കൊന്നും വേണ്ട ഈ ബുക്കെന്ന് അയാളെ നോക്കി തറപ്പിച്ചു പറഞ്ഞു. എന്റെ അമ്മ നല്ല തടിയുളള പുസ്തകം മാത്രമേ വായിക്കൂ. പത്രാസും ഒട്ടും കുറച്ചില്ല.
എത്രയെത്ര പുസ്തകങ്ങളാണ് അമ്മയ്ക്കു വേണ്ടി ഞാനെടുത്തത്. ശ്രീവിദ്യ ലൈബ്രറിയിലെ മങ്ങിയ വെളിച്ചമുളള ആ കൊച്ചുമുറിയില്‍ നിന്ന് പേജുകള്‍ക്കിടയിലെ പഴമണം മൂക്കിലേക്ക് ആഞ്ഞു വലിച്ചുകേറ്റി ഒന്നും മനസ്സിലായില്ലെങ്കിലും വരികളിലൂടെ കണ്ണോടിക്കുന്നത് എന്റെ പതിവായി. മെല്ലെ പുസ്തകങ്ങളോട് ഞാനും ഇണങ്ങിത്തുടങ്ങി. കുറച്ചു പ്രയാസത്തോടെ ആണെങ്കിലും വിശാലമായ വലിയൊരു ലോകത്തേക്ക് പെരുവിരലില്‍ കാലൂന്നി നിന്നുകൊണ്ട് തലയെത്തിച്ചു നോക്കാന്‍ കൊതിച്ചു തുടങ്ങിയത് അമ്മ കാരണമാണ്.
തെറ്റുകളില്‍ യാതൊരു ദയയുമില്ലാതെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുമായിരുന്നു അമ്മ. അതുമാത്രമല്ല പരീക്ഷയ്ക്കു നല്ല മാര്‍ക്കു വാങ്ങണമെന്നും നിര്‍ബന്ധമുണ്ട്. തരക്കേടില്ലാതെ നൃത്തം ചെയ്യുമായിരുന്നിട്ടും ഒരിക്കല്‍ പോലും നന്നായിട്ടുണ്ടെന്നു പറഞ്ഞിട്ടില്ല. സ്‌കൂളിലെ പിണക്കങ്ങളും തര്‍ക്കങ്ങളും കഥകളും ഉള്‍പ്പടെ ഞാന്‍ പറയുന്നതെന്തും ക്ഷമയോടെ കേട്ടിരിക്കാന്‍ എനിക്കുണ്ടായിരുന്ന, ഇന്നുമുളള ഒരേയൊരു കേള്‍വിക്കാരിയാണ് അമ്മ. എന്റെ നിരാഹാരസമരങ്ങള്‍ക്കും കൂരമ്പുപോലുളള വാക്കുകള്‍ക്കു മുന്നിലും പകച്ച് ഒരിക്കല്‍ സഹിക്കാനാകാതെ ' നീ ഒരമ്മയാകുമ്പോഴേ നിനക്കെന്റെ വേദന മനസ്സിലാകൂ' എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട് അമ്മ.
ഒന്നൊഴിയാതെ ദുരന്തങ്ങള്‍ എന്നെ തിരഞ്ഞു പിടിച്ചു വേട്ടയാടിയപ്പോള്‍ ഉലഞ്ഞ മനസ്സിനെ എന്നില്‍ നിന്നും മറച്ചു പിടിച്ച് എനിക്കൂര്‍ജമേകിയ സാമീപ്യം. ഒരിക്കല്‍ പോലും എനിക്കെന്താണു വേണ്ടതെന്ന് അമ്മയോട് പറയേണ്ടി വന്നിട്ടില്ല. അമ്മക്കറിയാം. എന്റെ ചലനം പോലും. അമ്മക്ക് സഹിക്കാനാവാത്തത് എന്റെ മൗനം മാത്രമാണ്. എന്നിട്ടും അമ്മയുടെ കൈയില്‍ നിന്നും കുതറിയോടാന്‍ വിതുമ്പി ഞാന്‍ കാരണം കണ്ടുപിടിച്ചിരിക്കുന്നു ആര്‍ക്കും എന്നെ വേണ്ട, ആര്‍ക്കും എന്നോട് സ്‌നേഹമില്ല അമ്മയ്ക്കു പോലും. എന്തിനും പരിഭവിക്കാന്‍ അമ്മയല്ലാതെ മറ്റാരാണ് എനിക്കുളളത്. എന്റെ പിണക്കത്തിന്റേയും ദേഷ്യത്തിന്റേയും അര്‍ത്ഥമളക്കാന്‍ വേറെയാര്‍ക്കാണ് സാധിക്കുക?