
അമ്മയുടെ പൊന്നുമോളേ, ചക്കരക്കുട്ടീ വിളികളോ പനിക്കിടക്കയിലെ കൊഞ്ചിക്കലോ ഒന്നും എന്റെ ഓര്‍മ്മയില്‍പ്പോലുമില്ല. രാവിലെ മുതല്‍ വീട്ടില്‍ പണിയെടുത്ത്, സ്‌കൂളില്‍ പോയി കുട്ടികളെ പഠിപ്പിച്ച്, വൈകിട്ട് ചെറിയ സാമൂഹ്യപ്രവര്‍ത്തനങ്ങളും കഴിഞ്ഞ് വീട്ടിലെത്തി വീണ്ടും വീട്ടുജോലിയില്‍ മുഴുകിയിരുന്ന അമ്മ... സ്‌കൂള്‍ കാലത്തെ പേടിസ്വപ്‌നം. എനിക്കുമാത്രമല്ല, സ്‌കൂള്‍ കുട്ടികളുടെ മുഴുവന്‍ വനിതാപോലീസായിരുന്നു വിശാലാക്ഷി ടീച്ചര്‍ എന്ന എന്റെ അമ്മ. കൗമാരമെത്തിയപ്പോള്‍ വഴികാട്ടിയായി. പിന്നീടെപ്പോഴോ പേടിയുടെ ചില്ലുമറ പൂര്‍ണ്ണമായും തകര്‍ത്ത് ഹൃദയം തുറക്കാവുന്ന കൂട്ടുകാരിയായി.. അതാണ് എന്റെ അമ്മ.
എന്നും അച്ഛന്റെ മോളായിരുന്നു ഞാന്‍. അച്ഛനെയാണ് ഇഷ്ടമെന്നു പറയുന്ന അച്ഛന്‍കുട്ടി. അതിനും ചിരിമാത്രമായിരുന്നു അമ്മയുടെ മറുപടി. അമ്മ എനിക്കരികിലുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചതെപ്പോഴാണ്.. അങ്ങനെ ഒരു അവസരത്തിനുപോലും ഇടനല്‍കിയിട്ടില്ല. എന്റെ അമ്മ എന്നത് എനിക്കും ഒരു തിരിച്ചറിവാണ്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു.. ആഗ്രഹിക്കുമ്പോഴെല്ലാം അമ്മ എന്റെ അടുത്തുണ്ടായിരുന്നു. നേരിട്ടോ ഫോണ്‍ കോളായോ എങ്ങനെയും വരും...ഒരു ടെലിപ്പതി ഇപ്പോള്‍ ഞാനതില്‍ കാണുന്നു.
ഹോസ്റ്റല്‍ ജീവിതത്തിലെ ഒരു സന്ധ്യ. ആകാശത്തിന്റെ നിറംമാറ്റം ആസ്വദിച്ച് അടുക്കളമുറ്റത്തിരിക്കുകയായിരുന്നു ഞാന്‍. മാനം നീലയും പച്ചയും ഓറഞ്ചുമായി മാറി മാറി കൊതിപ്പിച്ചു. മനസ്സില്‍ ഒരു വിഷമംപോലെ.. ഇതിനുമുമ്പ് ഇത്ര ഭംഗിയില്‍ ആകാശം കണ്ടത് വീട്ടിന് പുറകിലെ പാടത്തുവെച്ചായിരുന്നു.. അമ്മയെ കാണാന്‍തോന്നുന്നു എന്ന് റൂം മേറ്റ് ധന്യയോട് പറയുമ്പോഴേക്കും വാര്‍ഡന്‍ വിളിച്ചു... പിന്നാമ്പുറത്തെ മുറ്റത്തുനിന്ന് ഹോസ്റ്റലിനു മുന്നിലെത്തിയപ്പോള്‍ അന്തം വിട്ടുപോയി.. തിരുവനന്തപുരത്തുനിന്നു കോഴിക്കോടേക്കു വരുന്ന വഴി ഹര്‍ത്താലായതിനാല്‍ അന്ന് എന്റെ കൂടെ തങ്ങാമെന്നുതോന്നി കോട്ടയത്തെത്തിയിരിക്കുന്നു എന്റെ അമ്മ..
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആകെ തോന്നിയ മോഹം അമ്മയുടെ മാമ്പഴക്കൂട്ടാനോടായിരുന്നു. ഒരിക്കല്‍പ്പോലും ഞാന്‍ പറഞ്ഞിട്ടില്ല അമ്മയുണ്ടാക്കുന്ന ഏതെങ്കിലുമൊരു ഭക്ഷണം എനിക്ക് ഇഷ്ടമാണെന്ന്.. മോഹം മനസ്സില്‍നിന്ന് പുറത്തിടും മുമ്പെ അമ്മയെത്തി, ഒരു പാത്രം നിറയെ മാമ്പഴ കൂട്ടാനുമായി. അതാണെന്റെ അമ്മ..
രണ്ടുവര്‍ഷം മുമ്പ് എറണാകുളത്തുവെച്ച് പെട്ടന്ന് ശസ്ത്രക്രിയ ചെയ്യണമെന്ന ഘട്ടം വന്നപ്പോള്‍ മനസ്സില്‍ കരുതി.. അമ്മ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന്. സര്‍ജറി കഴിഞ്ഞു തിരിച്ച് മുറിയിലെത്തിയപ്പോള്‍ കോഴിക്കോട് എറണാകുളത്തെത്തിയിരുന്നു. കൈയില്‍ മുറുക്കിയുള്ള ആ പിടുത്തം നല്‍കിയ ആശ്വാസം.. വേദന തിന്നാന്‍ എന്നെ സഹായിച്ച വിശ്വാസത്തിന്റെ മരുന്ന്... അതാണെന്റെ അമ്മ.
ഇപ്പോള്‍ എന്റെ മോന്‍ പനിക്കിടക്കയില്‍ വിറയ്ക്കുമ്പോള്‍, കാല്‍ തട്ടി ഒന്ന് വീഴുമ്പോള്‍.. അറിയാതെ അമ്മയുടെ വിളിയെത്തും.. അവന് വയ്യേ എന്നു ചോദിച്ച്.. അതാണ് എന്റെ അമ്മ...
പ്രിയപ്പെട്ട ചിലരുടെ മരണവേളകളില്‍, മനസ്സ് വേദനിച്ച മറ്റു ചില നിമിഷങ്ങളില്‍ കുളിമുറിക്കുള്ളില്‍ പെപ്പ് തുറന്നിട്ട് അമ്മേ.... എന്നുവിളിച്ച് ആരുമറിയാതെ ഉറക്കെ കരഞ്ഞപ്പോള്‍ വാതിലിനുപുറത്ത് 'നീ എവിടെ' എന്നുചോദിച്ച് ഒന്നിലധികം തവണ എനിക്ക് സാന്ത്വനമായി എവിടെനിന്നൊക്കെയോ എന്റെ വീട്ടിലെത്തുന്ന അമ്മ...
ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല..അമ്മ എന്റെ ജീവനാണെന്ന്.. ഇതുവരെ വെച്ചിട്ടില്ല ആ കവിളില്‍ ഒരു ഉമ്മ.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ എനിക്ക് ആദ്യമായി തോന്നുന്നു... ഇപ്പോള്‍ കാണണം.. ഇവിടെ വേണം.. എന്റെ അമ്മ..
വരും.. വരാതെവിടെപ്പോവാന്‍... അതാണെന്റെ അമ്മ...