
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനുള്ള കാരണം സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പുരുഷമേധാവിത്തമെന്ന ചിന്തയാണ്. ഞാനടക്കമുള്ള അമ്മമാരാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ അറിഞ്ഞോ അറിയാതെയോ അതിന് നിമിത്തമായതും. വീട്ടില്‍ മകള്‍ക്ക് ഒരുപാട് പെരുമാറ്റച്ചട്ടങ്ങള്‍ നല്‍കുന്ന അമ്മമാര്‍ മകനെ അതില്‍ നിന്നെല്ലാം ഒഴിവാക്കുകയാണ്. ആവന്‍ ആണല്ലേ അവന്‍അവനിഷ്ടമുള്ള പോലെ നടക്കട്ടെ എന്ന കാഴ്ച്ചപ്പാടാണ് ഭൂരിഭാഗം അമ്മമാര്‍ക്കും. പെണ്‍മനസ്സുകളെ രൂപപ്പെടുത്തുന്നത് പോലത്തന്നെ ആണ്‍മനസ്സുകളേയും രൂപപ്പെടുത്താനുള്ള ശ്രമം നിര്‍ബന്ധമായും ഉണ്ടാകണം. അതിനുള്ള ബാലപാഠങ്ങള്‍ വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങണ്ടേത്.
സഹപാഠികളായ പെണ്‍കുട്ടികളെ സഹപാഠികളായും കൂട്ടുകാരെ കൂട്ടുകാരായും കാണാന്‍ മകനെ പഠിപ്പിക്കണം. ഒരോ ബന്ധത്തിനും അതിന്റേതായ വിലയുണ്ടെന്ന് അവന്‍ മനസ്സിലാക്കണം. പെണ്‍കുട്ടികളില്‍ അപകര്‍ഷതാബോധം വളര്‍ത്തുന്ന നമ്മള്‍ ഒപ്പം തന്നെ ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെയാണെന്ന് സന്ദേശവും എത്തിക്കുന്നുണ്ട്. സ്ത്രീകളും വ്യക്തികളാണെന്നും അവരെ ബഹുമാനിക്കണമെന്നുമുള്ള വിചാരം കുഞ്ഞുനാളിലെ കുട്ടികളില്‍ ഉണ്ടാകേണ്ടതാണ്. അത് ക്ലാസ് കൊടുത്ത് ഉണ്ടാക്കാവുന്ന ഒന്നല്ല. ചുറ്റുമുള്‌ലവരുടെ പെരുമാറ്റങ്ങളില്‍ നിന്നാണ് അവനത് മനസ്സിലാക്കേണ്ടത്.
അമ്മയില്‍ നിന്നാണ് ഒരു കുഞ്ഞ് ചുറ്റുമുള്ള ലോകത്തെ കുറിച്ച് ആദ്യമറിയുന്നത്. അമ്മക്ക് കുഞ്ഞുനാളില്‍ തന്നെ അവന്റെ സ്വഭാവത്തില്‍ പക്വമായ ഇടപെടലുകള്‍ നടത്താന്‍ കഴിയണം. എന്റെ അമ്മ, എന്റെ സഹോദരി, എന്റെ ഭാര്യ എന്നതിലുപരി ഓരോ സ്ത്രീയും ബഹുമാനിക്കപ്പെടേണ്ടവരാണെന്ന് അവര്‍ പഠിക്കണം. ആ പഠനം അമ്മയില്‍ നിന്ന തന്നെ തുടങ്ങട്ടെ.