അമ്മ അടുത്തു വേണമെന്ന് ആഗ്രഹിച്ച നിമിഷങ്ങള്‍ പലതുണ്ടായിട്ടുണ്ട്, എങ്കിലും ഈയടുത്ത കാലത്ത് ഓര്‍ത്തത് പാലക്കാട്ടെത്തിയപ്പോഴാണ്. മറ്റു പല ജില്ലകളില്‍ ടൂര്‍ പോയ ബന്ധമെങ്കിലുമുണ്ട്, എന്നാല്‍ പാലക്കാടിനെക്കുറിച്ച് കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എങ്കിലും പാലക്കാടിനെ പരിചയപ്പെട്ടിട്ടു തന്നെ കാര്യമെന്ന് ഉറപ്പിച്ച് പാലക്കാട്ടെത്തി.
ആദ്യദിനം വലിയ കുഴപ്പമില്ലാതെ കടന്നുപോയി, രണ്ടാംദിനമായപ്പോള്‍ നാട് വിട്ടുനിന്നതിന്റെ വിഷമം ചെറുതായി തോന്നിത്തുടങ്ങി. കണ്ണൂര്‍ ജില്ലക്കാരിയായ എനിക്ക് പാലക്കാടിന്റെ ചൂടും ഭക്ഷണരീതിയും പിടിക്കുന്നില്ലേ എന്നൊരു തോന്നല്‍... ഒന്നും കഴിക്കാന്‍ തോന്നുന്നില്ല, പച്ചക്കറി ചന്ത മുന്നില്‍ വന്നുനിന്നതു പോലെയാണ് പ്ലേറ്റിലേക്കു നോക്കുമ്പോള്‍ തോന്നുക... പക്ഷേ മനസില്‍ അമ്മയുണ്ടാക്കുന്ന വിഭവങ്ങളും മറ്റും നിരന്നു നില്ക്കുക...

വന്ന ഉടന്‍ ലീവ് എടുക്കുന്നതെങ്ങനെയെന്ന ചിന്തകൊണ്ട് എല്ലാം സഹിച്ചു. എന്നാല്‍ കുറച്ചുജിവസം കഴിഞ്ഞപ്പോള്‍ പനിയും തുടങ്ങി, രാത്രിമാത്രമേ ചൂടുകൂടുകയുള്ളൂ പകല്‍ മാറുകയും ചെയ്യും അതിനാല്‍ ആരോടും പറഞ്ഞില്ല. എങ്കിലും അമ്മ അടുത്തുണ്ടായിരുന്നെന്ന് തീവ്രമായി ആഗ്രഹിച്ച നിമിഷമായിരുന്നു അന്നൊക്കെ...