chare

അമ്മ

ശര്‍മ്മിള Posted on: 08 May 2015

അമ്മ എന്നെ എത്രമാത്രം ആവേശിച്ചിട്ടുണ്ടെന്ന് അതുവരെ എനിക്കറിയില്ലായിരുന്നു. അന്ന്, വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ താമസം തുടങ്ങിയ ആദ്യദിവസങ്ങളിലൊന്നില്‍ ഞാനതറിഞ്ഞു. വിട്ടുപോന്ന എന്റെ വീടും അച്ഛനമ്മമാരും അയല്‍ക്കാരും നാട്ടുകാരും ആ ദിവസങ്ങളില്‍ വല്ലാതെ എന്നെ അലട്ടിക്കൊണ്ടിരുന്നു. ' ഇതെന്ത് പണിയാ കാണിച്ചെ?, ' എന്നും ചോദിച്ച് മനസ്സിന്റെ കണ്ണുകള്‍ക്ക് മുന്നില്‍ നിന്ന് അവരാരും മാറിപ്പോവാന്‍ കൂട്ടാക്കിയില്ല.

ആ മാര്‍ച്ചിലെ വേനല്‍ മഴയില്‍ ഒരു ജലദോഷപ്പനി കിട്ടി. രാത്രി പനി കൂടി. പാരസെറ്റമോളും ചുക്കുകാപ്പിയും വഴിക്ക് വഴിക്കെത്തി. എന്നിട്ടും എനിക്ക് കരച്ചില്‍ വന്നു. ആദ്യമായൊന്നുമല്ല വീട് വിട്ട് നില്‍ക്കുന്നത്. ഹോസ്റ്റലിലൊക്കെ കഴിഞ്ഞതാണ്. ഞാനങ്ങനെ 'അമ്മയിലൊട്ടി' യുമല്ല. പുതിയ വീട്ടില്‍ എന്നെ ആരും ശുശ്രൂഷിക്കാഞ്ഞിട്ടുമല്ല. എന്നിട്ടും...എനിക്ക് അമ്മയെ കാണണം. ഇപ്പൊത്തന്നെ കാണണം. ഞാനെത്ര ചെറിയ കുട്ടിയാണ്...ഈ അമ്മ എന്തിനാണ് എന്നെ ദൂരേക്കയച്ചത്. തലയിണയില്‍ മുഖമമര്‍ത്തി ഒരു കുട്ടിയെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു. ജീവിതം ശൂന്യമായപോലെ എനിക്ക് തോന്നി. അറ്റമില്ലാത്ത മരുഭൂമി. എനിക്ക് വഴിയറിയില്ല. ദിക്കറിയില്ല. ദൂരെ എവിടെയോ കുറച്ച് ചെടികള്‍ മുറ്റിവളരുന്ന ഒരു പച്ചപ്പുണ്ട്. അവിടെയാണ് തണലും തണുപ്പും. അതാണെന്റെ അമ്മ.

നെറ്റി പൊള്ളുന്നുണ്ട്. എനിക്ക് എന്റെ പൊള്ളുന്ന നെറ്റി അമര്‍ത്തിവെക്കാന്‍ എന്റെ അമ്മയുടെ വയറിന്റെ തണുപ്പ് വേണമായിരുന്നു. കൈത്തലങ്ങള്‍ പനിച്ചൂടില്‍ വിയര്‍ക്കുന്നുണ്ട്. കുലദൈവമായ കരിയാത്തന് എണ്ണ നേര്‍ന്ന്, കാത്തോളണേ എന്ന് ജപിച്ച്, അരികില്‍ ഉറക്കമിളച്ചിരുന്ന് തലോടാന്‍ അമ്മ തന്നെ വേണമായിരുന്നു. ഞാന്‍ ഓര്‍ത്തോര്‍ത്ത് ആരോടെന്നില്ലാതെ വാശിപിടിച്ചുകരഞ്ഞു. ആ രാത്രി മുഴുവന്‍, പനിയുടെ കയറ്റിറക്കങ്ങള്‍ക്കൊപ്പം അമ്മയുടെ ഓര്‍മ്മകളായിരുന്നു. പനിക്കിടക്കയില്‍ കൊണ്ടത്തരുന്ന കനലില്‍ ചുട്ട നേന്ത്രപ്പഴം നുറുക്ക്. ഇടയ്ക്കിടെ ആറ്റിത്തണുപ്പിച്ച് തരുന്ന ചുക്കുകാപ്പി. നെറ്റിയില്‍ പുരട്ടിത്തരുന്ന വിക്‌സ്. പൊടിയരിക്കഞ്ഞീം ചുട്ട പപ്പടോം...

രാവിലെ മുറിയില്‍ വെളിച്ചം വന്നപ്പോള്‍ തലേന്നത്തെ ക്ഷീണവുമായി എഴുന്നേറ്റു. അമ്മയുടെ ഫോണ്‍. '' നിനക്കെന്തോ സുഖമില്ലാത്തപോലുണ്ടല്ലോ, എന്താ എന്തുപറ്റി,'' എന്ന് ചോദിക്കുന്നു. ' ഉും, ഞാനെന്താ കൊച്ചുകുട്ടിയാണോ..ഈ അമ്മ...' എന്ന് ഞാന്‍ പതിവുപോലെ അമ്മയോട് കലഹിച്ചുതുടങ്ങി.



1
amma

 

ga