chare

അമ്മ, അമ്മ തന്നെ

രജി. ആര്‍. നായര്‍ Posted on: 08 May 2015

അമ്മയുണ്ടായിട്ടുണ്ട് ആവശ്യമുള്ളപ്പോഴെല്ലാം. അല്ലെങ്കില്‍ത്തന്നെ എപ്പോഴാണ് അമ്മയെ ആവശ്യമില്ലാത്തത്?

ഞങ്ങളുടെ നാട്ടു പഴഞ്ചൊല്ലുകള്‍ പറയും, 'അമ്മയുള്ളപ്പൊഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ'. അതാണ് ശരി, പെണ്ണിനായാലും ആണിനായാലും. സ്വന്തം വീട്ടിലെ ആകാശവും അമ്മവെച്ച കറികളും ഒരു പ്രായം കഴിഞ്ഞാല്‍ പെണ്ണിന് സ്വന്തമല്ലത്രേ. ആരു പറഞ്ഞു? പ്രായം മുപ്പത്തഞ്ചു കഴിഞ്ഞിട്ടും അമ്മ വെച്ചു വിളമ്പുന്നത് ഉണ്ടുകഴിയുന്ന ഭാഗ്യവതിയാണ് ഞാന്‍. ഒട്ടും കുറയാതെ എന്റ മകനും അവന്റെ അച്ഛനുമുണ്ട് ആ ഭാഗ്യം. എന്നിട്ടും കലമ്പല്‍ കൂട്ടിയും കറിയില്‍ ഉപ്പുകൂടിപ്പോയെന്നു പറഞ്ഞുമാണ് ഞങ്ങളുടെ നന്ദിപ്രകടനം. ഇടെക്കാക്കെ തോന്നും ഒരു സൈക്കിളുണ്ടായിരുന്നെങ്കില്‍ അമ്മ ആഞ്ഞു ചവിട്ടി എവിടേക്കെങ്കിലും ഓടിച്ചുപോയേനേ എന്ന്. എന്തുകൊണ്ടോ, ഇതുവരെ അതുണ്ടായിട്ടില്ല.

അമ്മ പക്ഷേ ചില്ലറക്കാരിയല്ല കേട്ടോ. വീട്ടിലെ സെല്‍ഫോണ്‍ സുന്ദരി അമ്മയാണ്. മറുതലക്കല്‍ ഏതെങ്കിലും കുടുംബശ്രീക്കാരി. എല്ലാ അയല്‍ക്കൂട്ടങ്ങളെയും ഒരു വഴിക്കാക്കിയിട്ടേ അമ്മ ഉറങ്ങാന്‍ കിടക്കൂ. അതിനിടയില്‍ ഞങ്ങള്‍ ചോദിക്കുന്ന പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ നട്ടം തിരിഞ്ഞ് അപ്പൂപ്പന്‍താടി പോലെ പാറിനടക്കും.

ഒരു ദിവസം. അടുപ്പില്‍ കറി ആേവശത്തോടെ തിളക്കുന്നു. ഉപ്പ് കിട്ടിയേ പറ്റൂ ഇനിയും തിളക്കാന്‍ വയ്യെന്നോ മറ്റോ ആണ് മുദ്രാവാക്യം. അമ്മയുണ്ടോ അതു കേള്‍ക്കുന്നു! ഫോണിലെ ചര്‍ച്ച അടിയില്‍ പിടിക്കാതെ ഇളക്കിക്കൊടുക്കുന്ന തിരക്കിലാണ് ആള്‍. കറിക്കു തിളച്ചു മതിയായി. ഇനിയും ഇടപെട്ടില്ലെങ്കില്‍ കറി കരിയാകുമെന്നുറപ്പ്.

അടുത്ത രംഗം.അച്ഛന്‍ ഉപ്പിടുന്നു. തീ കെടുത്തുന്നു. കറി ശാന്തയായി. പിന്നെ പ്ലേറ്റിലേക്ക്. ഭക്ഷണം ക്ഷണം. അതോടെ അശാന്തി ഞങ്ങള്‍ക്കായി. എന്തു സംഭവിച്ചു ആവോ. കറിയില്‍ അച്ഛന്‍ എന്താണ് ഇട്ടതെന്ന് ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഈ ദിവസംവരെ.

ബാക്കിപത്രം- സെല്‍ഫോണിലായാലും അമ്മ അമ്മതന്നെ.



1
amma

 

ga