സംഗീതത്തിന്റെ ഹരിചന്ദനഗന്ധമായി ദക്ഷിണാമൂര്‍ത്തിസ്വാമി

Posted on: 03 Aug 2013

പാലക്കാട്: ചുണ്ടില്‍ സദാ നാരായണമന്ത്രം. ജീവിതത്തില്‍ നിറഞ്ഞ എളിമ. സംഗീതത്തെ ആരാധിക്കുന്നവര്‍ക്കെല്ലാം ദക്ഷിണാമൂര്‍ത്തിസ്വാമി ഒരു പാഠപുസ്തകമായി. സംഗീതത്തെയും പാട്ടുകളെയുംകുറിച്ച് സംസാരിച്ചുതുടങ്ങിയാല്‍ സ്വാമി എല്ലാം മറക്കും. മനംനിറഞ്ഞ് അനുഗ്രഹിക്കും.

സംഗീതത്തിന്റെ ഹരിചന്ദനഗന്ധിയായ ജീവിതവുമായി ദക്ഷിണാമൂര്‍ത്തിസ്വാമി സംഗീതജ്ഞരുടെ പ്രിയഭൂമിയായ കല്പാത്തിയിലും ഉണ്ടായിരുന്നു. ഗോവിന്ദരാജപുരത്തെ റിവര്‍ വ്യൂ അപ്പാര്‍ട്ട്‌മെന്റില്‍ മഹാസംഗീതജ്ഞന്റെ നാട്യങ്ങളൊന്നുമില്ലാതെ അദ്ദേഹം ജീവിച്ചു,കല്പാത്തിയുടെ സംഗീതത്തിന് മനസ്സും ചിന്തയും വിട്ടുകൊടുത്തുകൊണ്ട്.

സ്വാമിയുമായി സംസാരിച്ചിരിക്കുന്ന സമയം മനസ്സ് തെളിനീരുപോലെ ശുദ്ധമാവും. കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കുമുന്നില്‍ സ്വാമി വിനയാന്വിതനാവും. പിന്നെ പറയും. 'ഞാനൊന്നും ചെയ്തില്ലല്ലോ...എല്ലാം ഭഗവാന്‍ എന്നെക്കൊണ്ട് ചെയ്യിക്കുന്നു. കരുണ ചെയ്യണമെന്നോ എന്നെ അനുഗ്രഹിക്കണമെന്നോ ഒരു വരിപോലും ഞാന്‍ സംഗീതമാക്കിയിട്ടില്ല. സംഗീതം തന്നെ ദൈവാനുഗ്രഹം' ജന്മനാട്ടിലെ വൈക്കത്തപ്പനായിരുന്നു അദ്ദേഹത്തിന്റെ മനം നിറയെ. ഒപ്പം, നാരായണനാമവും. ചെറിയ ചെറിയ കാര്യങ്ങളില്‍പ്പോലും സ്വാമിക്ക് വല്ലാത്ത നിഷ്‌കര്‍ഷയായിരുന്നു. പാലക്കാട്ടെ ഹ്രസ്വമായ ജീവിതം ചെന്നൈയിലേക്ക് മാറ്റാനുള്ള കാരണവും ഇത്തരമൊന്നായിരുന്നെന്ന് സ്വാമിയോട് വളരെയടുത്തവര്‍ പറയുന്നു.

ദക്ഷിണാമൂര്‍ത്തിസ്വാമിയെന്ന സംഗീതഗുരു ജീവിതത്തിലെ ഗുരുത്വം എന്താണെന്ന് പഠിപ്പിക്കുന്നു. സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി സ്വാമിയെ അനുസ്മരിച്ചു. ഇത്തവണത്തെ പെരിങ്ങോട്ടുകര ദക്ഷിണാമൂര്‍ത്തി സംഗീതോത്സവവേദിയില്‍ രാജകുമാരനുണ്ണിയുടെ കച്ചേരിയുണ്ടായിരുന്നു. കച്ചേരി മുഴുവന്‍ മുന്നിലിരുന്ന് കേട്ട സ്വാമി അനുഗ്രഹിച്ചു. ഒക്ടോബര്‍ 16ന് പൂഴിക്കുന്ന് ക്ഷേത്രത്തില്‍ ചെമ്പൈ അനുസ്മരണ സംഗീതക്കച്ചേരിക്ക് എന്റെയും സ്വാമിയുടെ മകള്‍ ഗോമതിയുടെയും കച്ചേരിയായിരുന്നു. അന്ന് കാണാമെന്ന് കരുതിയിരിക്കുകയായിരുന്നെന്നും രാജകുമാരനുണ്ണി പറഞ്ഞു.

ആഗസ്ത് 24ന് മണ്ണൂര്‍ രാജകുമാരനുണ്ണിയെ ആദരിക്കുന്ന ചടങ്ങിനായി ദക്ഷിണാമൂര്‍ത്തിയെ ക്ഷണിക്കാന്‍ ഒരുമാസം മുമ്പേ വിളിച്ചിരുന്നതായി സംഗീതജ്ഞന്‍ വെള്ളിനേഴി സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇത്രദൂരം യാത്രചെയ്യാന്‍ പറ്റുമോയെന്ന സംശയമായിരുന്നു മറുപടി. മാര്‍ച്ചില്‍ സ്വാമി ശ്രീകൃഷ്ണപുരത്തെത്തിയപ്പോള്‍ കണ്ടിരുന്നു -സുബ്രഹ്മണ്യം ഓര്‍ക്കുന്നു.

ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ കാവിലെ സ്വാമിയുടെ കച്ചേരിക്കാണ് അദ്ദേഹത്തിന് ആദ്യം പക്കമേളമൊരുക്കിയതെന്ന് മൃദംഗവിദ്വാനും ഗിന്നസ് റെക്കോഡിനുടമയുമായ കുഴല്‍മന്ദം രാമകൃഷ്ണന്‍ അനുസ്മരിച്ചു. പേടിയോടെയാണ് തുടങ്ങിയത്. പിന്തുടരാന്‍ ഏറ്റവും വിഷമമുള്ള ശൈലികളിലൊന്നാണ് സ്വാമിയുടേത്. അദ്ദേഹത്തിന്റെ ദേഷ്യവും ഏറെ പ്രസിദ്ധമായിരുന്നു.

കുഴല്‍മന്ദം രാമകൃഷ്ണന്‍ 36 മണിക്കൂര്‍ മൃദംഗവാദനയജ്ഞം നടത്തിയപ്പോള്‍ തുടക്കമിടാനെത്തിയത് ദക്ഷിണാമൂര്‍ത്തിസ്വാമിയായിരുന്നു. 'മംഗളലയവര ഗണപതിയേ...' എന്ന സ്വന്തം കീര്‍ത്തനം പാടിയാണ് സ്വാമി തുടക്കമിട്ടത്-രാമകൃഷ്ണന്‍ ഓര്‍ത്തു.

മാതൃഭൂമി പാലക്കാട് എഡിഷന് തറക്കല്ലിട്ടത് ദക്ഷിണാമൂര്‍ത്തിസ്വാമി

പാലക്കാട്: മാതൃഭൂമിയുടെ പാലക്കാട് എഡിഷന് തറക്കല്ലിട്ട് അനുഗ്രഹിക്കാനെത്തിയത് സംഗീതചക്രവര്‍ത്തി.
2003 നവംബര്‍ 12ന് പുത്തൂര്‍ മലമ്പുഴ നൂറടി റോഡിലെ സ്ഥലത്ത് ദക്ഷിണാമൂര്‍ത്തിസ്വാമിയാണ് തറക്കല്ലിട്ടത്.
തറക്കല്ലിടലിന് ക്ഷണിക്കാന്‍ പോയതുമുതലുള്ള അനുഭവം ഹൃദ്യമായിരുന്നു. 'വാഹനമൊന്നും വേണ്ട മാതൃഭൂമിയിലേക്ക് എത്തിക്കൊള്ളാം' എന്നായിരുന്നു മറുപടി. ചടങ്ങിന് വളരെമുമ്പേ എത്തി. പ്രാര്‍ഥനാപൂര്‍വം തറക്കല്ലിടുകയും ചെയ്തു. വടക്കന്തറ കേശവവാധ്യാര്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഭൂമി പൂജയ്ക്കുശേഷമായിരുന്നു ചടങ്ങുകള്‍. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ എന്നിവരുള്‍പ്പെടെ പ്രമുഖരായ ഏറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു.



Adaranjalikal
Condolences

 

ga
Photo Gallery
DAKSHINAMOORTHY HITS