അന്തരിച്ച സംഗീതജ്ഞന്‍ ദക്ഷിണാമൂര്‍ത്തിയെ ശിഷ്യയും മുന്‍ ഡെപ്യൂട്ടി കളക്ടറുമായ പി. വിജയാംബിക അനുസ്മരിക്കുന്നു
ശ്രീ ദക്ഷിണാമൂര്‍ത്തിസ്വാമിക്ക് സംഗീതം ഈശ്വരന്‍ തന്നെയായിരുന്നു. സംഗീതത്തോടുള്ള അദമ്യമായ ഭക്തി തന്നെയാണ് ധന്യമായ ആ ജീവിതത്തെ നയിച്ചിരുന്നത്. തിരുനെറ്റിയില്‍ നിറഞ്ഞുതിളങ്ങുന്ന ഭസ്മക്കുറി, കഴുത്തുനിറഞ്ഞ രുദ്രാക്ഷമാല, 'വൈക്കത്തപ്പന്‍' എന്ന് ചെമ്പൈ സ്വാമികളാല്‍ സംബോധന ചെയ്യപ്പെടാന്‍മാത്രം ശിവഭക്തി, നാവില്‍ എപ്പോഴും നാരായണനാമം, ശബരിമല ധര്‍മശാസ്താവിലും നിറഞ്ഞ ഭക്തി, ശ്വാസോച്ഛ്വാസവും പ്രാണവായുവും സംഗീതമയം... അതായിരുന്നു സ്വാമി.
നാട്ടുകാരും അയല്‍ക്കാരുമായിരുന്നതിനാല്‍ കുടുംബപരമായി വര്‍ഷങ്ങള്‍ക്കുമുമ്പേ ബന്ധമുണ്ടായിരുന്നെങ്കിലും അദ്ദേഹവുമായി അടുത്തിടപഴകാനും ആത്മബന്ധം സ്ഥാപിക്കാനും സാധിച്ചത്, അദ്ദേഹം സഹധര്‍മിണി കല്യാണിയമ്മാളൊത്ത് കല്പാത്തി വൈദ്യനാഥപുരം റിവര്‍ വ്യൂ അപ്പാര്‍ട്ട്‌മെന്‍റില്‍, മകള്‍ വിജയയുടെ വീട്ടില്‍ താമസം തുടങ്ങിയതുമുതലാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ നിത്യസന്ദര്‍ശകരായിരുന്നു. അദ്ദേഹവും പത്‌നിയും ഞങ്ങളുടെമേല്‍ ചൊരിഞ്ഞ പിതൃ-മാതൃനിര്‍വിശേഷമായ വാത്സല്യം ഞങ്ങള്‍ക്ക് പ്രത്യേകമായ ഓജസ്സും ഊര്‍ജ്ജവും നല്‍കി. ചാരുകസാലയിലിരിക്കുന്ന സ്വാമിയുടെ പാദത്തില്‍ നമസ്‌കരിച്ച് ആ തിരുസ്സന്നിധിയിലിരുന്ന് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും തത്ത്വചിന്താപരമായ വീക്ഷണങ്ങളും കേള്‍ക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സ്ഥാനം ഒരു ആത്മീയഗുരുവിന്‍േറതായി. എപ്പോഴും പ്രസന്നനായി, സുസ്‌മേരവദനനായി മാത്രം കാണപ്പെടുന്ന സ്വാമി ഒരു വലിയ സംഗീതജ്ഞനെന്നതിലുപരി മഹാനായ മനുഷ്യസ്‌നേഹിയായിരുന്നു. കര്‍ണാടക സംഗീതത്തിലെ രാഗങ്ങള്‍ക്ക് അവയുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രത്യേകനിറവും സുഗന്ധവും നല്‍കി ചലച്ചിത്രഗാനശാഖയില്‍ ഒരു പുതിയ അധ്യായം കുറിച്ചത് സ്വാമി തന്നെയാണ്. എന്നാല്‍, താനായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും സംഗീതത്തില്‍ താന്‍ ചെയ്തിട്ടുള്ളതൊക്കെ സംഗീതത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമിയും ദീക്ഷിതരും ശ്യാമാശാസ്ത്രികളും ചെയ്തുവെച്ചിട്ടുള്ളതിനെ അനുകരിക്കുക മാത്രമായിരുന്നെന്നും വളരെ വിനയാന്വിതനായി അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. അനുപമമായ വിനയവും ആകര്‍ഷകമായ വ്യക്തിത്വവും സ്നേഹമസൃണമായ പെരുമാറ്റവും എല്ലാറ്റിനുമുപരി, പ്രശസ്തിയുടെ കൊടുമുടിയിലിരിക്കുമ്പോഴും അഹങ്കാരലേശമില്ലാത്ത ലളിതമായ ജീവിതവും... അത് സ്വാമിക്കുമാത്രം അവകാശപ്പെട്ടതാണ്. ഭൗതികമായ ഒരു നേട്ടത്തിനുപിന്നാലെയും പോകാത്ത സ്വാമി സംഗീതപ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കും. ചലച്ചിത്രസംഗീതസംവിധായകനെന്നതിലുപരി ഒരു നല്ല വാഗ്ഗേയകാരന്‍കൂടിയായ സ്വാമിയുടെ കൃതികള്‍ അടങ്ങിയ ആത്മദീപം (തമിഴ്), സത്യമിത്രം (മലയാളം, സംസ്‌കൃതം) എന്നീ പുസ്തകങ്ങളും അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങളടങ്ങിയ ഒരു കാസറ്റും ഞങ്ങള്‍ക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്.
പാലക്കാട് സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ 24.8.2003 ല്‍ അദ്ദേഹത്തിന് ഗുരുപൂജ നല്‍കിക്കൊണ്ട് 'സംഗീതസരസ്വതി' എന്ന ഒരു അവാര്‍ഡ് അദ്ദേഹത്തിന്റെ ഗുരു വെങ്കിടാചലം പോറ്റിയുടെ പത്‌നിയുടെ കൈയാല്‍ നല്‍കി അദ്ദേഹത്തെ ആദരിക്കാന്‍ സാധിച്ചു. 2005 ഒക്ടോബറില്‍ നവരാത്രിപുണ്യകാലത്ത് ശ്രീ ദക്ഷിണാമൂര്‍ത്തി മുഖ്യരക്ഷാധികാരിയായി അദ്ദേഹത്തിന്റെ സംഗീതക്കച്ചേരിയോടെ ആരംഭിച്ച പാലക്കാട് 'സ്വാതി സംഗീതസഭ' ഈ വരുന്ന നവരാത്രിക്ക് എട്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത വലിയ നഷ്ടമാണുണ്ടാക്കുന്നത്. എപ്പോഴും 'സകലചരാചരങ്ങള്‍ക്കും ചരാചരഗുരുവിനും പ്രണാമം' അര്‍പ്പിക്കുന്ന ശ്രീ ദക്ഷിണാമൂര്‍ത്തിയുടെ പാവനസ്മരണയ്ക്കുമുമ്പില്‍ നമ്രശിരസ്‌കരായി ആ പാദപത്മങ്ങളില്‍ കണ്ണുനീര്‍പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്യുന്നു.
- പി. വിജയാംബിക