
മഹാനായ ആ മനുഷ്യനും ഞാനും തമ്മിലുള്ള ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യമുണ്ടായി. 46 വര്‍ഷത്തെ ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. ഇതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു
ദക്ഷിണാമൂര്‍ത്തിസാര്‍ സംഗീതസാഗരമാണ്. ഒരിക്കലും അദ്ദേഹത്തെ ഒരു സംഗീതസംവിധായകന്‍ എന്നല്ല പറയേണ്ടത്. ഇവിടെ അനേകം സംഗീതസംവിധായകരുണ്ട്. ദക്ഷിണാമൂര്‍ത്തിസാറിന്റെ മഹത്വം അതല്ല. ആ സംഗീതസാഗരത്തിനോട് നമുക്ക് ചെന്ന് എപ്പോള്‍ വേണമെങ്കിലും സംശയം ചോദിക്കാം. പ്രഖ്യാതഗായികയായ ശേഷവും എം.എല്‍. വസന്തകുമാരി സംഗീതസംബന്ധമായ സംശയത്തിന് ഉത്തരം തേടി അദ്ദേഹത്തെ തേടിവരുന്നത് എനിക്കറിയാം. രാഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളുമായി ദക്ഷിണാമൂര്‍ത്തി സാറിനെ തേടിയെത്തിയിരുന്നു നടി ശ്രീവിദ്യ.
മഹാനായ ആ മനുഷ്യനും ഞാനും തമ്മിലുള്ള ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യമുണ്ടായി. 46 വര്‍ഷത്തെ ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. ഇതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിനേക്കാളുപരി മലയാള സിനിമയുടെ ഭാഗ്യമാണ് ദക്ഷിണാമൂര്‍ത്തിസാറിനെ പോലെയുള്ള ഒരു മനുഷ്യന്റെ ഉള്ളിലെ സംഗീതം പകര്‍ന്നു ലഭിക്കാനിടയായത്.
വൈക്കത്തപ്പന്റെ ഉപാസകനായിരുന്നു അദ്ദേഹം. വൈക്കത്തപ്പന്റെ സന്നിധിയില്‍ ഭജനയിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് സിനിമയില്‍ സംഗീതം നല്‍കാന്‍ അവസരം ലഭിക്കുന്നത്. 'നല്ലതങ്ക' എന്ന സിനിമയില്‍ ഒരു ശ്ലോകം ചിട്ടപ്പെടുത്തിയാണ് അദ്ദേഹം തുടങ്ങുന്നത്. ആ സിനിമയില്‍ അദ്ദേഹം ചെയ്തതും ആ ശ്ലോകത്തിന്റെ ചിട്ടപ്പെടുത്തല്‍ മാത്രമാണ്. 'ശംഭോ ഞാന്‍ കാണ്‍കെ അടയുകയാണ് മല്‍ക്കവാടങ്ങള്‍.....'എന്നു തുടങ്ങുന്ന ശ്ലോകം. എന്നാല്‍ ദക്ഷിണാമൂര്‍ത്തിയെ വൈക്കത്തപ്പന്‍ ഒരിക്കലും കൈവിട്ടില്ല. അദ്ദേഹം തിരക്കേറിയ സംഗീതസംവിധായകനായി. ഇപ്പോഴിതാ ശയ്യാവലംബിപോലുമാക്കാതെ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു.
മൂര്‍ത്തിസാര്‍ ഒരിക്കലും സംഗീതം മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ ശേഷം വരികളെഴുതാന്‍ പറഞ്ഞിട്ടില്ല. കവിതയെ അദ്ദേഹം സംഗീതത്തിലൂടെ വായിക്കുകയായിരുന്നുവെന്ന് പറയാം. അദ്ദേഹത്തിന് മുന്നില്‍ വരികളെത്തുമ്പോള്‍ ഓരോ അക്ഷരത്തിലും സംഗീതം നിറയുന്നത് നാമറിയും. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ഭക്തിയുണ്ട്. അതിതീവ്ര പ്രണയമുണ്ട്. ഭക്തിഗാനങ്ങള്‍ ചെയ്യുമ്പോള്‍ അങ്ങേയറ്റം ഭക്തി. പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പ്രണയം മാത്രം. ഇത് തമ്മിലുള്ള വ്യത്യാസം എന്തെന്ന് അദ്ദേഹത്തോട് ചോദിച്ചാല്‍ പറയുക രണ്ടിനും ഒരേ ഭാവമെന്നാണ്. അതെ, ദക്ഷിണാമൂര്‍ത്തിസാറിന് ഭക്തിയും പ്രണയവുമെല്ലാം സംഗീതം തന്നെയാണ്.
എന്റെ 27-ാം വയസ്സിലാണ് ദക്ഷിണാമൂര്‍ത്തിസാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായത്. അന്ന് അദ്ദേഹം മധ്യവയസ്സിലാണ്. ഒരു ഇളംതലമുറക്കാരനോട്, ഒരു സഹപ്രവര്‍ത്തകനോട് എങ്ങനെ പെരുമാറണമെന്ന് ദക്ഷിണാമൂര്‍ത്തിസാറിനെ കണ്ട് പഠിക്കണം. എളിമയോടെ മാത്രമേ അദ്ദേഹം പെരുമാറുകയുള്ളൂ. ഒരു പാട്ടെഴുതി നല്‍കിയാല്‍ ചിട്ടപ്പെടുത്തിയ ശേഷം സാര്‍ പറയും ''ഇത്രയും മതിയോടോ...തന്റെ പാട്ടിന് അര്‍ഹിക്കുന്ന സംഗീതമാണോ ഇത്.....''. ഞാന്‍ വിസ്മയത്തോടെ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എന്തൊരു എളിമയാണ്, ആരെയും നോവിക്കാനറിയാത്ത ഈമനുഷ്യന്...
പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് ഗാനങ്ങള്‍ സൃഷ്ടിച്ചു. ദക്ഷിണാമൂര്‍ത്തിസാറിന്റെ സംഗീതസാഗരത്തില്‍ പങ്കുചേരാന്‍ ലഭിച്ച ഭാഗ്യം. അതിന് കളമൊരുക്കിയതാകട്ടെ ടി.വി. വാസുദേവന്‍ എന്ന നിര്‍മാതാവാണ്. ഒരു പാട് ഹിറ്റുകളുണ്ടായി. ദക്ഷിണാമൂര്‍ത്തിസാറിനൊപ്പം ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചതും എനിക്കാണ്. കഴിഞ്ഞ 46 കൊല്ലത്തിനിടയില്‍ അസംഖ്യം ഗാനങ്ങള്‍. ചിലപ്പോള്‍ ഒരു സംഗീതം ചിട്ടപ്പെടുത്തിയ ശേഷം ഞാന്‍ ചോദിക്കാറുണ്ട് ''സാര്‍... ഇത് മതിയോ...'' അതിന് ഒരു നോട്ടമാകും മറുപടി. ചിലപ്പോള്‍ അത് രൂക്ഷമാകും. എന്നാല്‍ പിന്നീട് കാണുന്നത് സാര്‍ മറ്റൊരു സംഗീതത്തില്‍ ആ ഗാനം ചിട്ടപ്പെടുത്തുന്നതാണ്. എന്നിട്ട് ചോദിക്കും ''ഇത് എങ്ങനെയുണ്ട്''. അതാണ് ദക്ഷിണാമൂര്‍ത്തി സാര്‍. ആരുടെ വാക്കിനെയും അദ്ദേഹം വില കല്പിക്കും.
വൈക്കത്തപ്പന്‍ ഒരിക്കലും അദ്ദേഹത്തെ കൈവെടിഞ്ഞില്ല. ജീവിതാവസാനം വരെയും കര്‍മനിരതനായിരുന്നു അദ്ദേഹം. ജീവിതാന്ത്യം വരെയും സംഗീതക്കച്ചേരികള്‍ നടത്തി, സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. കച്ചേരിക്കായി പോകുമ്പോള്‍ എപ്പോഴും നിഴലായി അദ്ദേഹത്തിന്റെ ഭാര്യ കല്യാണിയുമുണ്ടാകും. കച്ചേരിക്കായും മറ്റും പലരും സമീപിക്കുമ്പോള്‍ സാറ് മുന്നോട്ട് വെക്കുന്ന നിബന്ധനയും ഇതാണ്.''പ്രതിഫലം എന്ത് വേണമെങ്കിലും തന്നോളൂ...എനിക്കൊപ്പം ഭാര്യയ്ക്കുള്ള ടിക്കറ്റ് കൂടി വേണമെന്ന് മാത്രം''.
ഈ അടുത്തകാലത്ത് ദക്ഷിണാമൂര്‍ത്തിസാറിന് ഒരു അവാര്‍ഡ് ലഭിച്ചിരുന്നു. ഈ അവാര്‍ഡ് അദ്ദേഹത്തിന് വേണ്ടി ഏറ്റുവാങ്ങിയത് ഞാനാണ്. പിന്നീട് ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാനെത്തി. ഞാനദ്ദേഹത്തിന് അവാര്‍ഡ് നല്‍കുമ്പോള്‍ അദ്ദേഹം സ്വതസിദ്ധമായ നര്‍മത്തില്‍പൊതിഞ്ഞു പറഞ്ഞു ''എനിക്ക് ശ്രീകുമാരന്‍ തമ്പിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനുള്ള ഭാഗ്യമുണ്ടായി'' എന്ന്. ഈ രംഗം അദ്ദേഹത്തിന്റെ മകളെക്കൊണ്ട് മൊബൈലില്‍ പകര്‍ത്തിക്കുകയും ചെയ്തു.
എന്തെന്ത് മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. 46 വര്‍ഷം മുമ്പ് സൃഷ്ടിച്ച 'ഹൃദയസരസ്സിലെ' എന്ന ഗാനം ഇന്നും യുവതലമുറ പാടുന്നു. ഞാന്‍ ഈയിടെ എഴുതിയ പുസ്തകത്തിന് 'ഹൃദയസരസ്സിലെ' എന്നല്ലാതെ മറ്റൊരു പേര് നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്റെ ഹൃദയസരസ്സിലെ മൂര്‍ത്തിസാര്‍...
*
--------------------------------------------------------------------------------------------