കര്‍ണ്ണാടക സംഗീതത്തിലെ അജ്ഞാതമായൊരു രാഗത്തിന്റെ പേരാണ് വി. ദക്ഷിണാമൂര്‍ത്തി. ഒരു രഹസ്യമൂര്‍ത്തിയെ കൊണ്ടുനടക്കുന്നതുപോലെ മേള കര്‍ത്താ രാഗങ്ങളെ സ്വാമി കൊണ്ടുനടന്നു.
സിനിമയിലെ ഗാനങ്ങള്‍ക്ക് രാഗത്തിന്റെ ആത്മാവ് നല്‍കിയ സംഗീതജ്ഞനായിരുന്നു സ്വാമി. രാഗം, സ്വാമിയുടെ പ്രാണവായുവായിരുന്നു. പതിമൂന്നാമത്തെ വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ മുമ്പില്‍ സ്വാമി തുടങ്ങിയത് വിഘ്‌നേശ്വരവന്ദനമായിരുന്നു. ''അന്ന് ശരീരവും ആത്മാവും ഒരുപോലെ സ്വായത്തമാക്കിയത് പാടി. 'മഹാഗണപതിം മനസാ സ്മരാമി' ഏറ്റവും നന്നായി പഠിച്ചത് അവതരിപ്പിക്കാനാണ് തോന്നിയത്. കാരണം സദസ്സില്‍ ഞാന്‍ രണ്ട് ശിരസ്സുകള്‍ കണ്ടു. ഒന്ന് എം.കെ. ത്യാഗരാജഭാഗവതര്‍. രണ്ടാമത് ടി.എസ്. സുബ്ബലക്ഷ്മി'' -പില്‍ക്കാലത്ത് സ്വാമി ഓര്‍മ്മിച്ചെടുത്തു.
മലയാളത്തിലെ ചലച്ചിത്രഗാനങ്ങളില്‍ സ്വാമിയുടെ ശില്പങ്ങള്‍ അനന്യമായിരുന്നു.ദേവരാജന്‍മാസ്റ്റര്‍, ബാബുരാജ്, കെ. രാഘവന്‍മാസ്റ്റര്‍, ചിദംബരനാഥ് എന്നീ മഹാശില്പികളുടെ ഇടയില്‍ സ്വാമി രാഗങ്ങളുടെ ആത്മശരീരവുമായി ഉയര്‍ന്നുനിന്നു. രാഗത്തിന്റെ ആത്മാവും ശരീരവും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ രക്തകോശങ്ങളായിരുന്നു.
'ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍...' എന്ന പാട്ടുകേള്‍ക്കാത്ത മലയാളിയുണ്ടാവില്ല. ബേഗഡയുടെ രാഗച്ഛായയില്‍ അദ്ദേഹം കൊത്തിയെടുത്ത ഈ ശില്പം നൂറ്റാണ്ടുകള്‍കഴിഞ്ഞാലും ഭാവപൂര്‍ണ്ണമായി നിലനില്‍ക്കും. സ്വാമിയില്‍ ഒരു സംഗീതജ്ഞനും ഉപാസകനും ഗായകനും എപ്പോഴും ഉണ്ടായിരുന്നു.
ചില രാഗങ്ങള്‍ അദ്ദേഹത്തിനു ഓക്‌സിജനെ പോലെയാണ്. ഖരഹരപ്രിയ സ്വാമിയുടെ സന്തത സഹചാരിയായിരുന്നു. ഉത്തരാസ്വയംവരം, മനോഹരി നിന്‍, ദേവവാഹിനി, അശോകപൂര്‍ണ്ണിമ... തുടങ്ങിയ ഗാനങ്ങള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നു.
സംഗീതമെന്നാല്‍ ഈശ്വരനാണെന്ന് സ്വാമി വിശ്വസിച്ചു. ഈശ്വരന്‍ സംഗീതമയവും. അതുകൊണ്ട് ഗാനങ്ങളുടെ വിശുദ്ധിയില്‍, സാന്ദ്രതയില്‍, ഭാവത്തില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധപതിപ്പിച്ചു. സംഗീതത്തിന്റെ ലോകത്തില്‍ നാം കണ്ട ഈശ്വരനായിരുന്നു ദക്ഷിണാമൂര്‍ത്തിസ്വാമി. ശരീരം നിറയെ ഭസ്മക്കുറി, കഴുത്തില്‍ രുദ്രാക്ഷമാലകള്‍, പാതിയടഞ്ഞ കണ്ണുകള്‍, സംഗീതം അമര്‍ത്തിയെടുത്ത ശരീരം. ഒരവധൂതനെപ്പോലെ കര്‍ണ്ണാടക സംഗീതത്തിന്റെ മഹാകാന്താരങ്ങളില്‍ അദ്ദേഹം ഏറ്റവും സുഗന്ധമുള്ള പുഷ്പങ്ങള്‍ തേടിയലഞ്ഞു.
ആ യാത്രയില്‍ സ്വാമി കൂടുതലും കൂട്ടുപിടിച്ചത് ശ്രീകുമാരന്‍ തമ്പിയെയായിരുന്നു.ഓരോ ഗായകനും ഗായികയ്ക്കും അവരുടെ ജീവിതത്തില്‍ ഓമനിക്കാനുള്ള ഗാനശില്പങ്ങള്‍ അദ്ദേഹം നല്‍കി. പി. സുശീലയ്ക്ക് 'സീത'യില്‍ പാട്ടുപാടിയുറക്കാം.. എന്ന ഗാനം നല്‍കിയപ്പോള്‍, അത് കേരളത്തിന്റെ അനശ്വരമായ ഉറക്കുപാട്ടായി. യേശുദാസിന് ഓര്‍മ്മിക്കാന്‍ സ്വാമി നല്‍കിയ ശില്പങ്ങള്‍ ഏറെയാണ്. അതില്‍ പലതും ക്ലാസ്സിക്കല്‍ ഗരിമയുള്ള ശില്പങ്ങളായിരുന്നു. ഒരൊറ്റ ഗാനം മതി ദാസേട്ടനെ, അനശ്വരനാക്കുവാന്‍; 'പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു..' എന്ന എന്ന നൃത്തശാലയിലെമനോഹരഗാനം. ആറാട്ടിനാനകള്‍ എഴുന്നള്ളി.., ഹൃദയസരസ്സിലെ, ഉത്തരാസ്വയംവരം.., സ്വരരാഗരൂപിണീ.., ദേവീ ശ്രീദേവീ.., കാട്ടിലെ പാഴ്മുളം തണ്ടില്‍നിന്നും.., വൃശ്ചികപ്പൂനിലാവേ.., നിന്റെ മിഴയില്‍ നീലോല്പലം.. എന്നീ ഗാനങ്ങളുടെ കിരീടം യേശുദാസിന്റെ ശിരസ്സില്‍ ചൂടി സ്വാമി ധന്യനായി.
പി. ജയചന്ദ്രന്‍, എന്ന ഭാവഗായകന്റെ ജീവിത്തില്‍ ഒരൊറ്റ പാട്ടുകൊണ്ട് സ്വാമി മാന്ത്രികമായൊരു സുവര്‍ണ്ണകാലം സൃഷ്ടിച്ചു. മുത്തശ്ശിയിലെ 'ഹര്‍ഷബാഷ്പം തൂകി' എന്ന ഗാനം മലയാളികള്‍ക്ക് ഒരു പൊന്‍തൂവല്‍ പോലെ വിശുദ്ധമായിരുന്നു.ഈ സംഗീതയാത്രക്കിടയില്‍, ഒരു കവിതയുടെ ആത്മാവിനെയും അദ്ദേഹം കുളിരണിയിച്ചു. അത് ജിയുടെ 'ശ്രാന്തമംബരം' എന്ന കവിതയായിരുന്നു. 'അഭയ'ത്തിലെ ആ ഗാനം അതിന്റെ നിര്‍മ്മാതാവായ പരമുഅണ്ണന്റെ ഹൃദയത്തില്‍ കുടികയറിയ ജ്ഞാനപീഠജേതാവിന്റെ മികച്ച കാവ്യാനുഭവമായിരുന്നു.
സ്വാമിയുടെ മറ്റൊരു പ്രിയപ്പെട്ട ഗായികയായിരുന്നു പി. ലീല. 'പ്രിയമാനസാ..' എന്ന ഗാനം ലീലയ്ക്കുവേണ്ടി സ്വാമി ചിട്ടപ്പെടുത്തിയ അനശ്വര ശില്പമായിരുന്നു. ജാനകിയും യേശുദാസും ചേര്‍ന്ന 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..' എന്ന ഗാനത്തിനുമുണ്ട് അപാരമായ സംഗീതഭാവം.
ഏതു ഗാനത്തിന്റെ ശരീരത്തിലും സ്വാമിയുടെ ഒരു തലോടല്‍ ഉണ്ടാകും. അത് ഈശ്വരന്റെ സ്പര്‍ശമാണെന്ന് സ്വാമി പറയും. ഏതു കച്ചേരി കഴിഞ്ഞാലും ഏതു ഗാനം തീര്‍ന്നാലും സ്വാമി പറയും 'വൈക്കത്തപ്പാ ശരണം.'