
'മലയാളക്കരയെ പാട്ടുപാടിയുറക്കിയ പ്രതിഭകളുടെ ആചാര്യന്‍'- സംഗീതവും ഈശ്വരനും ഒന്നുതന്നെയെന്ന് വിശ്വസിച്ച ദക്ഷിണാമൂര്‍ത്തിസ്വാമിയെ വിശേഷിപ്പിക്കാന്‍ ഇതിലേറെ ലളിതവും മനോഹരവുമായ ഉപമയില്ല. സംഗീതമെന്നത് തുറന്നുപാടേണ്ട കലയാണെന്നും അത് ഗായകന്റെ ഹൃദയത്തില്‍നിന്നൊഴുകി ആസ്വാദകഹൃദയത്തെ ചലിപ്പിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു.
അങ്ങനെ, പാടുന്നവനും കേള്‍ക്കുന്നവനും ഒന്നാകുന്ന അവസ്ഥയില്‍ സ്വര്‍ഗീയ ചൈതന്യം പ്രസരിക്കുമെന്ന് വിശ്വസിച്ച ഉപാസകന്‍.
പിറന്നുവീണത് ദാരിദ്ര്യത്തിന്റെ നടുവിലാണെങ്കിലും സംഗീതത്തില്‍ അതിസമ്പന്നരായിരുന്നു സ്വാമിയുടെ കുടുംബം. മുലപ്പാലിനൊപ്പം സംഗീതവും ചുണ്ടില്‍ ഇറ്റിച്ച അമ്മതന്നെയായി ആദ്യഗുരു. പന്ത്രണ്ടാം വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ മുമ്പിലായിരുന്നു ആദ്യകച്ചേരി. അരങ്ങേറ്റം വിജയിച്ചതോടെ ജീവിതലക്ഷ്യം മുന്നില്‍ തെളിഞ്ഞു. തിരുവനന്തപുരത്തെത്തി വെങ്കിടാചലം പോറ്റിയുടെ കീഴില്‍ തുടര്‍പഠനം.
28-ാം വയസ്സിലാണ് സംഗീതത്തില്‍ ഭാഗ്യാന്വേഷിയായി ചെന്നൈയ്ക്ക് വണ്ടികയറുന്നത്. സംഗീതപഠനവും കച്ചേരികളും മുറതെറ്റാതെ നടന്നെങ്കിലും സംവിധായകനാകാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു.
1950-ല്‍ കുഞ്ചാക്കോയുടെ 'നല്ലതങ്ക' എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര സംഗീതലോകത്തെ അരങ്ങേറ്റം. ദക്ഷിണാമൂര്‍ത്തിസ്വാമി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പാടി അഭിനയിച്ച ചിത്രത്തിലെ നായകന്‍ മറ്റാരുമായിരുന്നില്ല, സാക്ഷാല്‍ ഗാനഗന്ധര്‍വന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫായിരുന്നു.
പില്‍ക്കാലത്ത് യേശുദാസും മകന്‍ വിജയ് യേശുദാസും സ്വാമി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഒരേസമയം മൂന്നുതലമുറയെ പാടിപ്പിച്ച സംഗീതസംവിധായകന്‍ എന്ന പെരുമയും സ്വാമിക്കുമാത്രം സ്വന്തം.
'നല്ലതങ്ക'യുടെ വിജയത്തോടെ സ്വാമിയെത്തേടി കൂടുതല്‍ അവസരങ്ങളും അംഗീകാരങ്ങളും എത്തിത്തുടങ്ങി. പേരും പ്രശസ്തിയും കുമിഞ്ഞുകൂടിയിട്ടും ശുദ്ധസംഗീതത്തെ കൈവിടാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. സംഗീതം ചിട്ടപ്പെടുത്തുന്നതിന് ഒരിക്കലും കണക്കുപറഞ്ഞ് കാശുചോദിച്ചില്ല. കൊടുക്കുന്നത് വാങ്ങുന്നതായിരുന്നു ശീലം.
ഈണം കണ്ടെത്തിയശേഷം പാട്ടെഴുതുന്ന സമ്പ്രദായത്തെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. താളവും ഈണവുമാണ് പാട്ടിനെ ആസ്വാദ്യകരമാക്കുന്നതെന്ന് വിശ്വസിച്ച സ്വാമിക്ക് സംഗീതോപകരണങ്ങളുടെ തള്ളിക്കയറ്റത്തോടും ഒരിക്കലും യോജിക്കാനായിരുന്നില്ല. സംഗീതത്തെ ഈശ്വരനായി കരുതിയ സ്വാമിക്ക് വരും ജന്മത്തിലും സംഗീതജ്ഞനായി ഈശ്വരസേവയില്‍ മുഴുകാന്‍ കഴിയണമെന്നായിരുന്നു പ്രാര്‍ഥന.