മലയാളത്തില്‍ ആദ്യമായി എന്നെക്കൊണ്ട് പാടിച്ചത് സ്വാമിയായിരുന്നു-1960ല്‍. ചിത്രം 'സീത'. 'പാട്ടുപാടി ഉറക്കാം ഞാന്‍...' എന്ന് തുടങ്ങുന്ന ഗാനം. അതോടെയാണ് മലയാളത്തിലെ മറ്റ് സംഗീതസംവിധായകര്‍ എന്നെ അറിഞ്ഞുതുടങ്ങിയത്. മലയാളത്തിലേക്കുള്ള എന്റെ വരവിന് കടപ്പാടുണ്ടെങ്കില്‍ അത് സ്വാമിയോടാണ്. ഏറ്റവും അടുത്ത് മൂന്നാഴ്ചമുമ്പ് ചെന്നൈയില്‍ എന്റെ പേരിലുള്ള ഡോ. പി. സുശീല ട്രസ്റ്റ് സ്വാമിയെ ആദരിച്ചിരുന്നു. ഇതിലാണ് സ്വാമിയെ അവസാനം കണ്ടത്.
പാടാന്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിരുന്നു. രാഗം ശരിയാണെങ്കില്‍ ചെറിയ വ്യത്യാസമാണെങ്കില്‍പോലും സ്വാമി കുറ്റം പറഞ്ഞിരുന്നില്ല. 'വീണ്ടും പ്രഭാതം' എന്ന സിനിമയില്‍ 'ഊഞ്ഞാലാ ഊഞ്ഞാലാ...' എന്ന ഗാനം, പുത്രകാമേഷ്ടി, അഭയം തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ എനിക്ക് വലിയ തിരക്കുള്ള സമയത്ത് സ്വാമി എനിക്കായി മാറ്റിവെച്ച പാട്ടുകളായിരുന്നു.
ചില സമയങ്ങളില്‍, ചില ഗാനങ്ങള്‍ ഞാന്‍ പി. ലീലയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന് തുറന്നുപറയുമായിരുന്നു. അതായിരുന്നു സ്വാമി. യാതൊരു പരിഭവവും ആരോടും ഉണ്ടായിരുന്നില്ല. എല്ലാ പാട്ടുകളും ഡിവൈഡ് ചെയ്ത് കൊടുക്കും. എല്ലാ ഗായകര്‍ക്കും പ്രാധാന്യം നല്‍കിയിരുന്നു. എസ്. ജാനകി, പി. ലീല, വാണി ജയറാം, ഞാന്‍ എന്നിങ്ങനെയായിരുന്നു പാട്ടുകള്‍ നല്‍കിയിരുന്നത്. 'സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...' എന്ന പാട്ട് വളരെയെളുപ്പം ട്യൂണ്‍ ചെയ്ത് ഉണ്ടാക്കിയ പാട്ടാണ്. വളരെ കുറച്ചു സമയമാണ് അതിനു വേണ്ടിവന്നത്. സംഗീതത്തിനുവേണ്ടി മാത്രം ജീവിച്ചയാളാണ് സ്വാമി.