വിതുമ്പലടക്കി മക്രേരി ഗ്രാമം

എന്‍.വി.പ്രമോദ്‌ Posted on: 03 Aug 2013

ഒരു നിയോഗംപോലെയെത്തി... മക്രേരിക്കാരില്‍ ഒരാളായി...


കണ്ണൂര്‍: പ്രശസ്ത സംഗീതജ്ഞന്‍ ദക്ഷിണാമൂര്‍ത്തിയുടെ ദേഹവിയോഗത്തില്‍ കേരളം മുഴുവന്‍ ദുഃഖിക്കുമ്പോള്‍ ആ സ്നേഹസമ്പന്നന്റെ ഓര്‍മകളില്‍ കണ്ണിരൊഴുക്കി ഒരു ഗ്രാമം. കണ്ണൂരില്‍ പെരളശ്ശേരിക്കടുത്തുള്ള മക്രേരി ഗ്രാമത്തിന് ദക്ഷിണാമൂര്‍ത്തി സ്വാമി സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. വര്‍ഷത്തില്‍ പലദിവസങ്ങളിലായി ഒരുമാസത്തോളം സ്വാമി ഇവിടെ ഉണ്ടാകാറുണ്ട്.
രണ്ടായിരത്തില്‍ ഒരു നിയോഗംപോലെ മക്രേരി ആഞ്ജനേയ ക്ഷേത്രത്തിലെത്തിയ സ്വാമി തന്റെ സ്വന്തം നാടുപോലെ മക്രേരിയെ സ്വീകരിച്ചു. തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തില്‍ ഒരു സി.ഡി. പ്രകാശനത്തിനെത്തിയ സ്വാമിയെ അന്നത്തെ അവിടത്തെ എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഹനുമാന്‍ ക്ഷേത്രമുണ്ടെന്നും അത് കാണണമെന്നും പറഞ്ഞ് മക്രേരിയിലെത്തിച്ചത്. ക്ഷേത്രത്തിലെത്തിയ സ്വാമിക്ക് അനിര്‍വചനീയമായ അനുഭവമുണ്ടായി. അത് ആഞ്ജനേയദര്‍ശനമാണെന്ന് സ്വാമി പിന്നീട് പറയുകയുംചെയ്തു.
ഇടിഞ്ഞുപൊളിഞ്ഞ് ശോച്യാവസ്ഥയിലായിരുന്ന ക്ഷേത്രം നല്ല നിലയിലാക്കേണ്ടത് തന്റെകൂടി ചുമതലയായി ഏറ്റെടുത്ത ദക്ഷിണാമൂര്‍ത്തി മക്രേരിയില്‍ താമസിച്ച് അതിനുള്ള ശ്രമം തുടങ്ങി. സ്വാമിക്ക് താമസിക്കാന്‍ ഒരുമാസംകൊണ്ട് ക്ഷേത്രത്തിനടുത്ത് വിശ്രമമന്ദിരം ഉയര്‍ന്നു. തുടര്‍ന്നിങ്ങോട്ട് ക്ഷേത്രത്തിനുണ്ടായ അഭിവൃദ്ധിയെല്ലാം സ്വാമിയുടെകൂടി പ്രയത്‌നമായിരുന്നു.
13 വര്‍ഷമായി മക്രേരിയിലെ നിറസാന്നിധ്യമാണ് ദക്ഷിണാമൂര്‍ത്തി. 2001ല്‍ ഇവിടെ ത്യാഗരാജ അഖണ്ഡ സംഗീതയജ്ഞം തുടങ്ങി. സ്വാമിയുടെ സ്വാധീനത്താല്‍ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ ഇവിടെ പാടാനെത്തി. എല്ലാവര്‍ഷവും ഡിസംബര്‍ അവസാനവാരം സംഗീതയജ്ഞത്തിന് സ്വാമി മക്രേരിയിലെത്തും. വൈക്കത്തഷ്ടമിനാളാണ് സ്വാമിയുടെ ജന്മദിനം. അതും മക്രേരിയിലാണ്ആഘോഷിക്കുക. കുടുംബസമേതം ക്ഷേത്രത്തിലെത്തി അന്ന് സ്വാമിയുടെ വക എല്ലാവര്‍ക്കും സദ്യയുമുണ്ടാകും.
ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്വന്തം ചെലവില്‍ ക്ഷേത്രാങ്കണത്തില്‍ സരസ്വതിമണ്ഡപം നിര്‍മിച്ചു. അദ്ദേഹത്തിന് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും ഇവിടെ സമര്‍പ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ വീട്ടില്‍നിന്നുള്ള എല്ലാസാധനങ്ങളും ഇഷ്ടദേവനായ വൈക്കത്തപ്പനെയും സ്വാമി മക്രേരിയിലെ സരസ്വതീമണ്ഡപത്തില്‍ എത്തിച്ചു. വിജയദശമിദിവസം എല്ലാവര്‍ഷവും മറക്കാതെ ഇവിടെയെത്തി കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എവിടെ പരിപാടികളുണ്ടെങ്കിലും താമസിക്കുക മക്രേരിയിലെ വിശ്രമമന്ദിരത്തിലാണ്. തങ്ങളുടെ കുടുംബാംഗമാണ് നഷ്ടപ്പെട്ടതെന്ന് ഓരോ മക്രേരിക്കാരനും പറയും. ദക്ഷിണാമൂര്‍ത്തിയും അദ്ദേഹത്തിന്റെ ഭാര്യയും രചിച്ച കീര്‍ത്തനങ്ങള്‍ ഗ്രാനൈറ്റ് ഫലകത്തിലാക്കി സരസ്വതീമണ്ഡപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന് നടപ്പന്തല്‍ നിര്‍മിക്കാന്‍ സ്വാമിയുടെ നേതൃത്വത്തിലാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പണി തുടങ്ങിയത്.
2012 ഡിസംബറില്‍ സംഗീതയജ്ഞത്തിനാണ് ഒടുവില്‍ ദക്ഷിണാമൂര്‍ത്തി മക്രേരിയിലെത്തിയതെന്ന് അദ്ദേഹത്തിന് ഭക്ഷണമൊരുക്കിക്കൊടുക്കാറുള്ള പരമേശ്വര പൊതുവാള്‍ പറഞ്ഞു. നവമിക്ക് വരാനിരിക്കുകയായിരുന്നു. മിക്കപ്പോഴും ക്ഷേത്രഭാരവാഹികളെ ഫോണില്‍ വിളിക്കും. കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രം സെക്രട്ടറി എന്‍.വി.ഹേമന്ത് കുമാറിനെ വിളിച്ച് തന്റെ പുരസ്‌കാരങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു. ഒരുമാസംമുമ്പ് ചെന്നൈയില്‍ നിന്നെത്തിച്ച പുരസ്‌കാരങ്ങളെക്കുറിച്ചോര്‍മിപ്പിക്കാനായിരുന്നു വിളിച്ചത്.
ദക്ഷിണാമൂര്‍ത്തിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് രാത്രി നിരവധിപേര്‍ ക്ഷേത്രപരിസരത്തെത്തി. ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെക്ക് രാത്രിതന്നെ പുറപ്പെട്ടു. വൈകിട്ട് ടി.വി.ചാനലുകളില്‍ ഫ്ലാഷ്‌ന്യൂസായി മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ മക്രേരിഗ്രാമം മൂകമായി. കവലകളില്‍ നാട്ടുകാര്‍ സംഗീതാചാര്യന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിച്ചു.



Adaranjalikal
Condolences

 

ga
Photo Gallery
DAKSHINAMOORTHY HITS