''രാഗവും താളവും പിഴച്ചാലും ഭക്തി പിഴയ്ക്കരുത്. മൂളിപ്പാട്ട് പാടരുത്. ഈശ്വരന്‍ ഒന്ന്.നമ്മെളെല്ലാം പൂജ്യം എന്ന് കരുതണം. ഈ പൂജ്യങ്ങള്‍ ആ വലിയ ഒന്നിനോട് ചേരുമ്പോഴേ വിലയുള്ളൂ എന്നറിയണം. ഈ നിയമങ്ങളനുസരിച്ചുവേണം പാടാന്‍. പാട്ട് തങ്കവിഗ്രഹം പോലെ ജ്വലിക്കും.''
സംഗീതത്തിലെ പിന്‍തലമുറയോട് ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് പറയാനുണ്ടായിരുന്നത് ഇതാണ്. പ്രപഞ്ചം മുഴുവന്‍ ഈശ്വരചൈതന്യമാണെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സാകാരനായ ഒരു ദേവന്റെ കാല്‍ക്കല്‍ ഭക്തിയും ജീവിതവും അടിയറവെച്ചയാളാണ് സ്വാമി.
ഒരഭിമുഖത്തില്‍ അക്കഥ സ്വാമി പറഞ്ഞു. കണ്ണില്‍ നനവോടെ...
''ഇരുപതുവയസ്സുകഴിഞ്ഞ സമയത്ത് വൈക്കത്ത് പാട്ടുട്യൂഷനെടുക്കാന്‍ ദക്ഷിണാമൂര്‍ത്തി ചെന്നു. അത്യാവശ്യം വരുമാനം കിട്ടിത്തുടങ്ങി. ട്യൂഷനില്ലാത്ത നേരങ്ങളില്‍ മഠത്തിലിരുന്ന് സമയം പോക്കുമെന്നല്ലാതെ അടുത്തുള്ള ക്ഷേത്രങ്ങളില്‍ പോകുന്ന ശീലമൊന്നുമില്ലായിരുന്നു.
ഒരിക്കല്‍ മൃദംഗം വായിക്കുന്ന ശങ്കരവാര്യര്‍ വിളിച്ചു. ഒന്നീ നെഴല് വരെ വര്വോ? ചെന്നു. ഇങ്ങനെ വെറുതെ ഇരിക്കണ്ടല്ലോ. ചെമ്പൈയും മണിയയ്യരുമൊക്കെ 41 ദിവസം നിര്‍മാല്യം തൊഴുതാണ് സത്ഗതി പ്രാപിച്ചത്. നിര്‍മാല്യം തൊഴണം.
അതു പറഞ്ഞപ്പോള്‍ വാര്യരുടെ കണ്ണിലും നനവ് കണ്ടു. പിന്നൊന്നും പറയാതങ്ങുപോവുകയും ചെയ്തു. അന്നുതൊട്ട് സ്വാമി മൂന്നരക്കൊല്ലം മുടങ്ങാതെ വൈക്കത്തപ്പന്റെ നിര്‍മാല്യദര്‍ശനം നടത്തി. ദിവസവും 18 മണിക്കൂര്‍ പാടും. അവിടെ നിന്നാണ് തന്റെ സംഗീതജീവിതം അര്‍ഥവത്തായി ഉരുത്തിരിഞ്ഞതെന്ന് അദ്ദേഹം വിശ്വസിച്ചു.
വൈക്കത്ത് നിര്‍മാല്യം തൊഴുതുവാങ്ങിയ അനുഗ്രഹമാണ് ഈയുള്ളവന് അവസാനംവരെ രക്ഷയും കൂട്ടും.
ചില സുഹൃത്തുക്കള്‍ക്കും ഗുരുക്കന്മാര്‍ക്കുമൊഴികെ ഈ രഹസ്യമറിയാവുന്നവര്‍ ചുരുക്കമാണെന്ന് സ്വാമി പറഞ്ഞു. 13 കൊല്ലം മുമ്പ് കല്പാത്തിയിലെ വീട്ടിലിരുന്നാണ് സ്വാമി ഇതൊക്കെ സംസാരിച്ചത്.
ചെമ്പൈ ഭാഗവതര്‍ ദക്ഷിണാമൂര്‍ത്തിയെ പേരുപറഞ്ഞു വിളിക്കാറില്ല. ''എന്താ വൈക്കത്തപ്പന്‍, സുഖം തന്നെയല്ലേ?'' എന്ന ഭാഗവതരുടെ കുശലാന്വേഷണം ഓര്‍ക്കുമ്പോള്‍ സ്വാമിയുടെ മുഖത്ത് സ്നേഹത്തിന്റെ പ്രസാദം തെളിഞ്ഞു.
ഗുരുവായി വെങ്കിടാചലം പോറ്റി മാത്രമേ സ്വാമിയുടെ മനസ്സില്‍ എന്നുമുണ്ടായിരുന്നുള്ളൂ. പന്ത്രണ്ടാം വയസ്സില്‍ പാട്ടുപഠിക്കാന്‍ തുടങ്ങി. അതിഗംഭീരമായി പാടിയാല്‍ ഗുരുമുഖത്തുനിന്ന് ഒരു 'ഭേഷ്' ലഭിക്കും. അതുമതി, അതുമാത്രം മതിയായിരുന്നു ശിഷ്യന്.
ഗുരു ഒരുപദേശമേ കൊടുത്തിട്ടുള്ളൂ. ''നിന്റെ ജ്ഞാനം കിണറ്റിലെ ജലമാണ്. മുഴുവന്‍ ഊറ്റിക്കൊടുക്കണം. നെല്ലിപ്പലകവരെ ഇറച്ചുകൊടുക്കുക. നിനക്ക് അറിവ് പുതുതായി ഊറിക്കൊണ്ടേയിരിക്കും.''
അത് അക്ഷരംപ്രതി അനുസരിച്ചു -സ്വാമി ഹൃദയത്തില്‍ കൈവെച്ചുപറഞ്ഞു. ഗുരുനാഥന്‍ ഉപദേശിച്ചതുപോലെ എല്ലാം പറഞ്ഞുകൊടുത്തു. ''എനിക്കറിയുന്നതൊക്കെ എല്ലാവര്‍ക്കുമറിയാം. എനിക്കുമാത്രം എന്ന ചിന്തയില്‍ ഒന്നും എടുത്തുമാറ്റിവെച്ചിട്ടില്ല. എഴുതിയതും ഈണമിട്ടതുമൊക്കെ കൊടുത്തു. സംഗീതം നല്‍കി വീടെത്തുംമുമ്പ് വഴിയില്‍ കാണുന്നവര്‍ക്ക് അതു കൊടുത്തിരിക്കും. അതുകൊണ്ട് എന്റെ ഉറവ ഒരിക്കലും വറ്റിയിട്ടില്ല''.
അതായിരുന്നു ദക്ഷിണാമൂര്‍ത്തിസ്വാമി. ഹൃദയത്തിന്റെ ഇടനാഴിയില്‍ അദ്ദേഹം എപ്പോഴും ദൈവത്തിന്റെ കാലൊച്ചകേട്ടു. ആ കാല്പാടുകള്‍ വിശുദ്ധമായ ചിന്തകളോടെ പിന്തുടര്‍ന്ന സ്വാമി ഇപ്പോള്‍ ഭഗവത്‌സന്നിധിയില്‍ ലയിച്ചിരിക്കുന്നു. പൂജ്യം ഒന്നിനോടു ചേര്‍ന്നു. ഇതാണ് യഥാര്‍ഥസാക്ഷാത്കാരം.