20 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

സി.കെ. റിംജു Posted on: 16 Oct 2013

മരണം 28 ആയി
10 ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍




ഗോപാല്‍പുര്‍ (ഒഡിഷ):'ഫൈലിന്‍' ചുഴലിക്കാറ്റില്‍ ഒഡിഷയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. പത്തുലക്ഷത്തോളം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിലാണ്. നദികള്‍ കരകവിഞ്ഞൊഴുകി 20 ഗ്രാമങ്ങളിലെ 68,000 ആളുകള്‍ ഒറ്റപ്പെട്ടുവെന്ന് ഒഡിഷ റവന്യൂ മന്ത്രി സൂര്യനാരായണ പത്ര പറഞ്ഞു. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനായി വ്യോമസേനയുടെ മൂന്ന് ഹെലിക്കോപ്റ്ററുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ബാലാസുര്‍, മയൂര്‍ഭഞ്ജ്, ജജ്പുര്‍, ഭദ്രക്, ഗഞ്ചം എന്നിവിടങ്ങളിലാണ് 'ഫൈലിന്‍' കൊടുംനാശംവിതച്ചത്. ചുഴലിക്കാറ്റിനൊപ്പംപെയ്ത മഴയില്‍ ബുദ്ധബലങ്ക, സോന നദികള്‍ കരകവിഞ്ഞതാണ് പ്രദേശങ്ങള്‍ ഒറ്റപ്പെടാന്‍ കാരണം.

ദേശീയ ദുരന്ത പ്രതികരണസേന, ഒഡിഷ ദുരന്ത നിവാരണസേന, പോലീസ് എന്നിവ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രണ്ടുദിവസത്തിനകം എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനാകുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

ഗഞ്ചം, പുരി, ഖോര്‍ഡ, ഗജപതി എന്നീ സ്ഥലങ്ങളിലെ മിക്കഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളില്‍ നാലടിയോളം വെള്ളം കയറിയിട്ടുണ്ട്. ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ആളുകള്‍ വീടിന്റെ മേല്‍ക്കൂരകളിലാണ് താമസിക്കുന്നത്.

എട്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്തെ വിളകള്‍ നശിച്ചതായാണ് റവന്യൂ അധികൃതരുടെ കണക്ക്. മീന്‍പിടിത്തക്കാരുടെ വലയും ബോട്ടുകളും കട്ടമരങ്ങളും നശിച്ചു. ഗഞ്ചം ജില്ലയില്‍ മാത്രം 3000 കോടി രൂപയുടെ നാശമുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒഡിഷയിലെ ഒന്നരക്കോടിയോളം പേരെ 'ഫൈലിന്‍' ബാധിച്ചതായി റവന്യൂ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 500 രൂപ വീതം അടിയന്തരസഹായം നല്‍കാന്‍ നവീന്‍ പട്‌നായിക് നിര്‍ദേശിച്ചു. ഇവര്‍ക്ക് രണ്ടുമാസത്തേക്ക് സൗജന്യറേഷന്‍ നല്‍കും.

വെള്ളം കയറിയ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 10 മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളെ തീരദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് ഗഞ്ചം കളക്ടര്‍ കൃഷന്‍കുമാര്‍ പറഞ്ഞു. അതേസമയം, ആന്ധ്രയില്‍ 'ഫൈലിന്‍' ചുഴലിക്കാറ്റടിച്ച ശ്രീകാകുളത്തെ സ്ഥിതി ശാന്തമാണ്. 3000 വീടുകള്‍ ഇവിടെ തകര്‍ന്നു. ഒരാള്‍ മരിച്ചു.



Photos

 

ga