പടയൊഴിഞ്ഞ പടനിലംപോലെ ഗോപാല്‍പുര്‍

Posted on: 15 Oct 2013



ഗോപാല്‍പുര്‍ (ഒഡിഷ): ശ്രീകാകുളത്തുനിന്ന് ആന്ധ്ര അതിര്‍ത്തിയായ ഇച്ചാപുരം പിന്നിടുമ്പോള്‍ത്തന്നെ ഫൈലിന്‍ വന്ന വഴി കണ്ടുതുടങ്ങിയിരുന്നു. അതിര്‍ത്തി കടന്നതും 'ഫൈലിനെ' നടുവളച്ച് സ്വീകരിച്ചപോലെയായിരുന്നു മരങ്ങളുടെ നില്‍പ്പ്. എല്ലാം ഒരേദിശയിലേക്ക് വളഞ്ഞുപോയിരിക്കുന്നു. ഒഡിഷയിലെ കൊനിസിയിലെത്തിയപ്പോള്‍ തെങ്ങിന്‍തലപ്പുകളെല്ലാം പുതുതലമുറയുടെ ഹെയര്‍സ്റ്റൈല്‍പോലെ അലസമായി പാറിപ്പറന്നുകിടക്കുന്നു. 'ഫൈലിന്‍' നൂറുകണക്കിന് തെങ്ങിന്‍തലപ്പുകളെയാണ് കശക്കിയെറിഞ്ഞത്.

റോഡരികില്‍ ഒരു ബസ്‌കാത്തിരിപ്പുകേന്ദ്രവുമില്ല. അവയെല്ലാം കാറ്റ് പറത്തിക്കളഞ്ഞിരിക്കുന്നു. നാടോടിക്കുടുംബങ്ങള്‍ പറന്നുപോയ കൂരയുടെ അവശിഷ്ടങ്ങളും പാത്രങ്ങളും പെറുക്കിയെടുത്ത് പുതിയ കൂര കെട്ടുന്നു. ചെന്നൈ-ഹൗറ ദേശീയപാതയ്ക്കരികിലെ പുല്ലുപോലും പറിച്ചുമാറ്റിയാണ് 'ഫൈലിന്‍' ഗോപാല്‍പുരില്‍ അഴിഞ്ഞാടിയത് എന്നറിയുമ്പോള്‍ കണ്ടവയേക്കാള്‍ ഭീതിദമായിരിക്കും അവിടത്തെ കാഴ്ചയെന്ന് ഉറപ്പായിരുന്നു.

ആ ഉറപ്പിനെ അരക്കിട്ടുറപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു ഗോപാല്‍പുരില്‍ കണ്ടത്. ഛിന്നഭിന്നമായി കിടക്കുന്ന വൃക്ഷലതാദികള്‍; മേല്‍ക്കൂര പാറിപ്പോയ ചെറുവീടുകള്‍; 'ഫൈലിന്‍' പറത്തിക്കൊണ്ടുപോയി മതിലിലടിച്ചു തകര്‍ന്ന ഒട്ടേറെ ഉന്തുവണ്ടികള്‍.

പ്രദേശവാസികളെല്ലാം പരിസരവും വീടും വൃത്തിയാക്കുന്ന തിരക്കിലാണ്. കഴിഞ്ഞ നാലുദിവസമായി അവരെല്ലാം ഗോപാല്‍പുരിലെ സര്‍ക്കാര്‍സ്‌കൂളിന്റെ വരാന്തയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അധികൃതര്‍ ഇവര്‍ക്ക് തിരികെ വീട്ടിലെത്താന്‍ അനുമതി നല്‍കിയത്.

ഗോപാല്‍പുരയാകെ ഇരുട്ടിലാണ്. ആശയവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ ഗോപാല്‍പുര ബീച്ചില്‍ ആയിരക്കണക്കിന് ആളുകളാണ് കടല്‍ കാണാന്‍ എത്തിയത്. കഴിഞ്ഞ നാലുദിവസമായി ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. ബിച്ചിലെ നാല് പടവുകളും മുക്കിയാണ് കടല്‍വെള്ളം പൊങ്ങിയിരുന്നത്. തിങ്കളാഴ്ച വെള്ളമിറങ്ങി പടവുകള്‍ നാലും തെളിഞ്ഞു.

ഗോപാല്‍പുരയ്ക്ക് 500 മീറ്റര്‍ അകലെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍വെള്ളം കയറി. നൂറോളം വരുന്ന വീടുകള്‍ക്കുള്ളിലും വെള്ളമെത്തി. കോനിചിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും നഷ്ടപരിഹാരം നല്‍കാനും അധികൃതര്‍ മുന്‍കൈയെടുക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ചെന്നൈ-ഹൗറ (എന്‍എച്ച് 5) ദേശീയപാത ഒരുമണിക്കൂറോളം ഉപരോധിച്ചു.

തെന്‍കനല്‍ ജില്ലയിലെ ബ്ലോക്ക് വികസന ഓഫീസര്‍ സദാനന്ദ് ഷെട്ടി പോലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്. ഇതിനകംതന്നെ ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിക്കഴിഞ്ഞിരുന്നു. എല്ലാവര്‍ഷവും അതിഗംഭീരമായി ദസറ ആഘോഷിക്കുന്ന ഗോപാല്‍പുരയില്‍ ഇത്തവണ ആഘോഷങ്ങളൊന്നുമില്ല. ഒക്ടോബര്‍മുതല്‍ ദേശാടനപ്പക്ഷികള്‍ കൂട്ടത്തോടെയെത്തുന്ന ആന്ധ്ര-ഒഡിഷ അതിര്‍ത്തിയിലുള്ള തെക്‌ലി തേനലേലപുരം, ഇച്ചപുരം തേല്‍പുഞ്ജ് പക്ഷിസങ്കേതങ്ങളില്‍ നൂറുകണക്കിന് ദേശാടനപ്പക്ഷികള്‍ ചത്തുപോയി.




Photos

 

ga