ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ തയ്യാര്‍

Posted on: 13 Oct 2013

ന്യൂഡല്‍ഹി: ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റില്‍ ദുരിതത്തിനിരയാകുന്നവരെ സഹായിക്കാന്‍ 'ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പേജും' 'ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍' വെബ്‌സൈറ്റും രംഗത്തെത്തി.

ദുരന്തത്തില്‍പ്പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരംതേടാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പ്രയോജനപ്പെടുത്താം. കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പങ്കുവെക്കാനുമാവും.

ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ വിവരങ്ങളും ആര്‍ക്കുവേണമെങ്കിലും സെര്‍ച്ച് ചെയ്യാവുന്ന തരത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. http://google.org/personfinder/2013-phailin/ എന്നതാണ് ഫൈലിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പേജ്.

ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനവും ഗതിയും വ്യാപ്തിയുമൊക്കെ വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ വെബ്‌സൈറ്റ്. http://google.org/crisismap/2013-phailin എന്ന വിലാസത്തില്‍ ആ പേജിലെത്താം.

ചുഴലിക്കൊടുങ്കാറ്റിന്റെ സഞ്ചാരം കൃത്യമായി പിന്തുടരുന്ന മാപ്പിനൊപ്പം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും ഉണ്ടാകും. മാധ്യമങ്ങള്‍ക്കും സര്‍ക്കാറിതര സംഘടനകള്‍ക്കും മറ്റുള്ളവര്‍ക്കും ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ നല്കാം, അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുകയുമാകാം.

ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ദുരന്തവേളയില്‍ ഗൂഗിള്‍ ക്രൈസിസ് റെസ്‌പോണ്‍സ് ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു.



Photos

 

ga