ശരിയായി പ്രവചിച്ചതിന്റെ നേട്ടം സ്വന്തമാക്കാന്‍ കോണ്‍ഗ്രസ്

Posted on: 15 Oct 2013

ഭുവനേശ്വര്‍ : 'ഫൈലിന്‍' ചുഴലിക്കാറ്റിനെ നേരിടാന്‍ സ്വീകരിച്ച കരുതല്‍ നടപടിയെച്ചൊല്ലി ഒഡിഷയിലെ ബി.ജെ.ഡി. സര്‍ക്കാറും സംസ്ഥാനകോണ്‍ഗ്രസ്സും തമ്മില്‍ തര്‍ക്കം. ചുഴലിക്കാറ്റിനുമുമ്പ് ഒമ്പതുലക്ഷംപേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന സംസ്ഥാനസര്‍ക്കാറിന്റെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

സംസ്ഥാനസര്‍ക്കാറിന്റെ വാദം വ്യാജപ്രചാരണമാണെന്ന് ഒഡിഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജയദേവ് ജെന പ്രസ്താവനയില്‍ ആരോപിച്ചു. 'ഫൈലിന്റെ' തീവ്രതയെപ്പറ്റി മാധ്യമങ്ങളിലൂടെ അറിവുകിട്ടിയ ജനം സ്വയം സുരക്ഷിതസ്ഥലങ്ങളിലേക്ക് പോയതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ തയ്യാറെടുപ്പുകള്‍ നിരാശയുണ്ടാക്കുന്നാണ്. അമ്പതിനായിരം പേരെപ്പോലും സുരക്ഷിതമായ ഇടത്തേക്കുമാറ്റാന്‍ സര്‍ക്കാറിനായിട്ടില്ല. കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാര്‍ സഹായിച്ചതിനാലാണ് ഒഡിഷ സര്‍ക്കാറിന് ഇത്രയും കരുതല്‍നടപടിയെടുക്കാനായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, ചുഴലിക്കാറ്റ് ശരിക്ക് പ്രവചിക്കാന്‍ കഴിഞ്ഞതിന്റെ നേട്ടം ഏറ്റെടുക്കാന്‍ കേന്ദ്രത്തിലും കോണ്‍ഗ്രസ് ശ്രമംതുടങ്ങി. ശാസ്ത്രസാങ്കേതികമന്ത്രി ജയ്പാല്‍ റെഡ്ഡിതന്നെ യു.പി.എ. സര്‍ക്കാറിനെ പുകഴ്ത്തി രംഗത്തെത്തി. യു.പി.എയുടെ ഭരണകാലത്ത് കാലാവസ്ഥാ പഠനകേന്ദ്രത്തിന് നല്‍കിയ അത്യാധുനിക ഉപകരണങ്ങളാണ് ശരിയായ പ്രവചനം സാധ്യമാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യം പറയുന്നതിന് മറ്റുള്ളവര്‍ മുഖംചുളിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്താണ് റെഡ്ഡി പത്രസമ്മേളനം നടത്തിയത്.

എന്തിനാണ് കോണ്‍ഗ്രസ് ആസ്ഥാനത്തുവെച്ച് റെഡ്ഡി പത്രസമ്മേളനം നടത്തുകയും നേട്ടം കോണ്‍ഗ്രസ്സിന്‍േറതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതെന്ന് ബി.ജെ.പി. വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെ നിക്ഷേപത്തിന്റെ ഫലമാണ് ശരിയായ പ്രവചനമെന്ന് പറയുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. അടല്‍ബിഹാരി വാജ്‌പേയിയുടെ കാലത്തെ എന്‍.ഡി.എ. സര്‍ക്കാറാണ് ദേശീയദുരന്ത മാനേജ്‌മെന്‍റ് സംവിധാനമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.




Photos

 

ga