ഇന്ത്യയുടെ സാങ്കേതികവളര്‍ച്ച ആളപായം കുറച്ചു

പി.എസ്. നിര്‍മല Posted on: 15 Oct 2013



ന്യൂഡല്‍ഹി: വിദഗ്ധമായ ആശയവിനിമയവും സാങ്കേതികരംഗത്ത് കൈവരിച്ച പുരോഗതിയുമാണ് കനത്ത നാശമുണ്ടാക്കുമായിരുന്ന 'ഫൈലിന്‍' ചുഴലിക്കാറ്റിനെ വിദഗ്ധമായി നേരിടാന്‍ ഇന്ത്യയെ സഹായിച്ചത്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് മരണസംഖ്യ രണ്ടക്കത്തിലേക്ക് ചുരുക്കാനായത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമായി വിദഗ്ധര്‍ വിലയിരുത്തുന്നു.

കാലാവസ്ഥാനിരീക്ഷണത്തിലും ദുരന്തനിവാരണത്തിലും ഇന്ത്യ ആരുടെയും പിന്നിലല്ല എന്ന് 'ഫൈലിന്‍' ചുഴലിക്കാറ്റിനെ നേരിട്ട രീതി വ്യക്തമാക്കുന്നു. 1999-ല്‍ ഒഡിഷയുടെ തീരത്ത് ആഞ്ഞടിച്ച സൂപ്പര്‍ ചുഴലിക്കാറ്റില്‍ പതിനായിരത്തോളം പേരാണ് മരിച്ചത്. 14 കൊല്ലത്തിനുശേഷമെത്തിയ 'ഫൈലിന്റെ' വേഗം മണിക്കൂറില്‍ 315 കി. മീറ്ററായിരിക്കുമെന്നും ദുരന്തം ഭീകരമായിരിക്കുമെന്നുമുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രവചനങ്ങളാണ് ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആത്മവിശ്വാസത്തോടെ തള്ളിക്കളഞ്ഞത്. കാറ്റിന്റെ വേഗം ഏകദേശം 200 കി. മീറ്ററേ വന്നുള്ളു.

ഒക്ടോബര്‍ എട്ടിനുതന്നെ 'ഫൈലിന്റെ' ഗതിയും വേഗവും തിരിച്ചറിയാനും മുന്നറിയിപ്പു നല്‍കാനും ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് കഴിഞ്ഞതായി കേന്ദ്രത്തിന്റെ ഹൈദരാബാദിലെ ഡയറക്ടര്‍ ജി. സുധാകര്‍ റാവു ഒഡിഷയില്‍ പറഞ്ഞു. ഏറെക്കുറെ കൃത്യമായ പ്രവചനവും മൊബൈല്‍ഫോണിന്റെ വ്യാപനം രാജ്യത്തെ വാര്‍ത്താവിനിമയത്തില്‍ കൊണ്ടുവന്ന മാറ്റവും മൂന്നുദിവസത്തിനുള്ളില്‍ പത്തുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതുമെല്ലാം ചുഴലിയുടെ സംഹാരത്തില്‍ നിന്ന് ജനത്തെ രക്ഷിക്കാന്‍ സഹായകമായി.

ഇത്തരം കാര്യങ്ങള്‍ കൃത്യമായി പ്രവചിക്കാനുള്ള സാങ്കേതികസന്നാഹങ്ങള്‍ ഇന്ന് കാലാവസ്ഥാകേന്ദ്രത്തിനുള്ളതായി ഡയറക്ടര്‍ ജനറല്‍ എല്‍.എസ്. റാഥോഡ് പറഞ്ഞു. ഓട്ടോമാറ്റിക് മഴമാപിനികള്‍, ഡോപ്ലര്‍ റഡാറുകള്‍ തുടങ്ങിയവയുടെ സഹായത്തോടെ 24 മണിക്കൂറും രാജ്യത്തെ കാലാവസ്ഥാകേന്ദ്രങ്ങള്‍ ജാഗരൂകമാണ്.

ദേശീയദുരന്തനിവാരണ അതോറിറ്റിയും വന്‍ദുരന്തമൊഴിവാക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. ദേശീയ ദുരന്തപ്രതികരണസേനയുടെ അയ്യായിരത്തോളം ഭടന്മാരെ ഒഡിഷയിലും ആന്ധ്രയിലുമായി നിയോഗിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സംസ്ഥാനസര്‍ക്കാറുകളും തമ്മില്‍ തികഞ്ഞ ധാരണയോടെ പ്രവര്‍ത്തിച്ചതും അപകടം കുറയ്ക്കാന്‍ സഹായകമായി. പ്രതിരോധ, ആരോഗ്യമന്ത്രാലയങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കര, വ്യോമ, നാവികസേനകളും രംഗത്തുണ്ട്.

ഉത്തരാഖണ്ഡിലുണ്ടായ ദുരന്തവും തക്കസമയത്ത് ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാനാകുമായിരുന്നുവെന്ന് ദേശീയദുരന്ത പ്രതികരണസേനയുടെ മുന്‍ ഡി.ജി.പി.യായിരുന്ന പി.എം. നായര്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ ചുഴലിക്കാറ്റിന് വന്‍പ്രാധാന്യം നല്‍കിയതും സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാനിടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.




Photos

 

ga