ആറ് ലക്ഷം പേരെ ഒഴിപ്പിച്ചു

Posted on: 13 Oct 2013


ഭുവനേശ്വര്‍/ശ്രീകാകുളം (ആന്ധ്രാപ്രദേശ്): ഒഡിഷയെയും ആന്ധ്രയെയും ബാധിച്ച ഫൈലിന്‍ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളിലുമായി ആറ് ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. 23 വര്‍ഷത്തിനിടെ രാജ്യത്ത് നടത്തിയ ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്.

കാറ്റ് പ്രധാനമായും ബാധിക്കുന്ന ആറ് തീരദേശ ജില്ലകളില്‍നിന്ന് നാലരലക്ഷം പേരെയാണ് ഒഡിഷ സര്‍ക്കാര്‍ ഒഴിപ്പിച്ചത്. ബംഗാള്‍ ഉള്‍ക്കടലിന് സമീപമുള്ള ഗോപാല്‍പുര്‍ പട്ടണത്തില്‍നിന്ന് മാത്രം ഒരു ലക്ഷം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ആന്ധ്രയില്‍ ഒരു ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ഇതില്‍ 25,000 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വടക്കന്‍ തീരത്തുനിന്ന് വെള്ളിയാഴ്ച 64,000 പേരെ ഒഴിപ്പിച്ചിരുന്നു.

ആന്ധ്രയിലെ 23,000 മീന്‍പിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതസ്ഥാനത്താണെന്ന് അധികൃതര്‍ അറിയിച്ചു. സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലെയൂണിറ്റുകളും ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമാണ്.

അതിനിടെ ഒഡിഷയിലെ തീരപ്രദേശങ്ങളില്‍ റോഡ് ഗതാഗതവും നിയന്ത്രിച്ചു. ഭുവനേശ്വറും ഗോപാല്‍പുരയും ബന്ധിപ്പിക്കുന്ന ദേശീയപാത അഞ്ചില്‍ നാലുചക്ര വാഹനങ്ങളും ട്രക്കുകളും നിരനിരയായി കിടക്കുകയാണ്. പാതയോരത്തെ കടകളും ഭക്ഷണശാലകളും അടച്ചു.



Photos

 

ga