ഫൈലിന്‍ എത്തി; ആന്ധ്രയിലും ഒഡിഷയിലും കനത്ത മഴ

Posted on: 13 Oct 2013

ഭുവനേശ്വര്‍/സെക്കന്തരാബാദ്: ആശങ്കയുടെ മണിക്കൂറുകളെ ഭീതിതമായ അനുഭവത്തിലേക്കെത്തിച്ച് തീരദേശ ഒഡിഷ-ആന്ധ്ര മേഖലയില്‍ ഫൈലിന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. രാത്രി ഒമ്പതുമണിയോടെയാണ് ഫൈലിന്‍ ഒഡിഷയിലെ ഗോപാല്‍പുരിലെത്തിയത്. മണിക്കൂറില്‍ 200 കി.മീ. ആയിരുന്നു വേഗം. ആന്ധ്രയിലെ ശ്രീകാകുളത്തും ഫൈലിന്റെ ആക്രമണമുണ്ടായി.

ഗോപാല്‍പുര്‍ ആണ് ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം. ഇവിടെനിന്ന് 15 കിലോമീറ്റര്‍ ചുറ്റളവിലാണ് കാറ്റ് വീശുകയെന്ന് ഇന്ത്യന്‍ മെറ്റീറോളജിക്കല്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ എല്‍.എസ്. റാത്തോര്‍ അറിയിച്ചു. കാറ്റ് തീരത്തെത്തി ആറുമണിക്കൂര്‍ വീശും. പിന്നീട് ശക്തികുറയും. 210-220 വരെ കാറ്റിന്റെ ശക്തി കൂടാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ലെവല്‍-6 ഇനത്തിലാണ് ഫൈലിനെ പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗംകുറഞ്ഞാണ് ഫൈലിന്‍ വീശിയത്. സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ പെടുത്താവുന്നത്ര കാഠിന്യം ആദ്യഘട്ടത്തിലെ കാറ്റിനില്ല. 1999-ല്‍ ഒഡിഷ തീരത്ത് വീശിയ കാറ്റ് ലെവല്‍-7 വിഭാഗത്തിലുള്ളതായിരുന്നു. കലിംഗപട്ടണത്തിനും പാരാദ്വീപിനും ഇടയ്ക്കുള്ള പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശംവിതയ്ക്കുക.
ഒഡിഷയിലെ ബര്‍ഹാംപുരില്‍ കാറ്റില്‍ വാഹനങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലെ ഷീറ്റുകളും മറ്റും പാറിപ്പോയി. ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തിജില്ലയായ ശ്രീകാകുളത്ത് മഴയോടുകൂടിയാണ് കാറ്റെത്തിയത്. ഇവിടെ അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ പ്രദേശം ഇരുട്ടിലാണ്. അര്‍ധരാത്രിയോടെ കാറ്റിന്റെ ശക്തികൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫൈലിന്‍ എത്തുംമുമ്പുണ്ടായ കനത്ത മഴയില്‍ മരം കടപുഴകിവീണും മറ്റും എട്ടുപേര്‍ മരിച്ചു.

ദിവസങ്ങള്‍ക്കുമുമ്പുതന്നെ ഫൈലിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതിനാല്‍ ആന്ധ്ര, ഒഡിഷ സര്‍ക്കാറുകള്‍ വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഫൈലിന്‍ വീശിയ പ്രദേശത്തിനരികിലുള്ള വിശാഖപട്ടണത്ത് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അരലക്ഷത്തോളം മലയാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലെ തീരപ്രദേശത്തുനിന്ന് ആറുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡിഷയില്‍ നാലരലക്ഷവും ആന്ധ്രയില്‍ ഒന്നരലക്ഷവും പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പശ്ചിമബംഗാളിലും തീരദേശവാസികളെ ഒഴിപ്പിക്കുന്നുണ്ട്. തീരദേശ ആന്ധ്രയുടെ ശ്രീകാകുളത്തുനിന്നും തീരദേശത്തുനിന്നും വെള്ളിയാഴ്ചതന്നെ 85,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി പറഞ്ഞു. 850 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1200 ദേശീയ ദുരന്തപ്രതികരണ സേനാംഗങ്ങളെ ഒഡിഷയിലും 600 പേരെ തീരദേശ ആന്ധ്രയിലും വിനിയോഗിച്ചിട്ടുണ്ട്. കര, നാവിക, വായുസേന, ദുരന്തനിവാരണ സേന, സി.ആര്‍.പി.എഫ്. എന്നിവര്‍ സജ്ജമാണ്. 10 ഹെലിക്കോപ്റ്ററുകളും 50-ഓളം ബോട്ടുകളും സുരക്ഷാക്രമീകരണങ്ങള്‍ക്കായുണ്ടെന്ന് ആന്ധ്ര റവന്യൂമന്ത്രി എന്‍. രഘുവീര റെഡ്ഡി പറഞ്ഞു.

മുന്‍കരുതലെന്ന നിലയില്‍ ഭുവനേശ്വറിലെ ബിജു പട്‌നായിക് വിമാനത്താവളം അടച്ചു. ആന്ധ്രയില്‍നിന്ന് ഒഡിഷയിലേക്കുള്ള 56 തീവണ്ടികള്‍ റദ്ദാക്കി.



Photos

 

ga