56 തീവണ്ടികളും 10 വിമാനങ്ങളും റദ്ദാക്കി

Posted on: 13 Oct 2013

രാജ്യത്തെ നടുക്കി ഫൈലിന്‍


ന്യൂഡല്‍ഹി: ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റ് ഭീതിയെത്തുടര്‍ന്ന് മുന്‍കരുതലെന്നനിലയില്‍ 56 തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കി. 16 തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. ഇനിയും തീവണ്ടികള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. ഭുവനേശ്വറില്‍ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ പത്ത്‌വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ഹൗറയ്ക്കും വിശാഖപട്ടണത്തിനുമിടയില്‍ ഓടുന്ന എല്ലാ തീവണ്ടികളും പൂര്‍വ തീരദേശറെയില്‍വേ ശനിയാഴ്ച റദ്ദാക്കി. ഹൗറയ്ക്കും ചെന്നൈയ്ക്കും ഇടയില്‍ ഒട്ടേറെ തീവണ്ടികള്‍ വഴിതിരിച്ചുവിടും.

ഭുവനേശ്വര്‍-വിശാഖപട്ടണം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ്, ഭുവനേശ്വര്‍-തിരുപ്പതി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്, ഹൗറ-ഭുവനേശ്വര്‍ ജനശതാബ്ദി എക്‌സ്പ്രസ്സ്, ഭുവനേശ്വര്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്സ് എന്നിവയുള്‍പ്പെടെ ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. ചില തീവണ്ടികള്‍ വിശാഖപട്ടണത്ത് യാത്ര അവസാനിപ്പിച്ചു.

തിരുച്ചിറപ്പള്ളി-ഹൗറ, ചെന്നൈ-ഹൗറ മെയിലുകള്‍, ഗുവാഹാട്ടി-ട്രിവാന്‍ട്രം എക്‌സ്പ്രസ്സ് തുടങ്ങിയ തീവണ്ടികള്‍ വിജയനഗരം, ഝാര്‍സുഗുഡ എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിട്ടു. ഹൗറ-ചെന്നൈ-ഫലാക്‌നുമ എക്‌സ്പ്രസ്സ്, ഹൗറ-യശ്വന്ത്പുര്‍ തുരന്തോ എക്‌സ്പ്രസ്സ്, ഹൗറ-ഹൈദരാബാദ് ഈസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്സ് എന്നിവ ചക്രധര്‍പുര്‍, ബിലാസ്പുര്‍ എന്നിവിടങ്ങളിലൂടെയാകും ഓടുക.
കൊല്‍ക്കത്ത, ഹൗറ, സത്രഗച്ചി സ്റ്റേഷനുകളില്‍നിന്ന് പുരിയിലേക്ക് പോകുന്ന എല്ലാ തീവണ്ടികളും ശനിയാഴ്ച റദ്ദുചെയ്തു. പ്രത്യേക തീവണ്ടികളും ഇക്കൂട്ടത്തില്‍പ്പെടും.

ദക്ഷിണമധ്യ റെയില്‍വേ (എസ്.സി.ആര്‍.) പ്രധാന സ്റ്റേഷനുകളില്‍ തീവണ്ടികളെക്കുറിച്ചറിയാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്.

വിജയവാഡ, രാജമേദ്രി, കാശിപേട്ട്, വാറങ്കല്‍, ഖമ്മം, മഞ്ചിര്യാല്‍, സെക്കന്തരാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഹെല്‍പ്‌ലൈന്‍ സംവിധാനം ഒരുക്കിയത്. ദക്ഷിണ, മധ്യറെയില്‍വേയും തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്.



Photos

 

ga