2000 ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചു

Posted on: 13 Oct 2013


ന്യൂഡല്‍ഹി: ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചു. ആവശ്യമെങ്കില്‍ മേഖലയില്‍ വിന്യസിക്കാന്‍ കൂടുതല്‍ സേനയെ ഒരുക്കിനിര്‍ത്തിയിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി(എന്‍.ഡി.എം.എ) വൈസ് ചെയര്‍മാന്‍ എം. ശശിധര്‍ റെഡ്ഡി അറിയിച്ചു.

ഒഡിഷയില്‍ ദുരന്തനിവാരണസേനയുടെ 29 സംഘങ്ങളെയാണ് വിന്യസിച്ചത്. ആന്ധ്രപ്രദേശില്‍ 15 സംഘങ്ങളെയും പശ്ചിമബംഗാളില്‍ ഏഴുസംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സംഘങ്ങള്‍ക്ക് സാറ്റലൈറ്റ് ഫോണുകളും വയര്‍ലെസ് സെറ്റുകളും നല്‍കിയിട്ടുണ്ട്.

രണ്ട് ഐ.എ.എഫ്. ഐ.എല്‍-76 വിമാനങ്ങളും രണ്ട് സി-130 ജെ വിമാനങ്ങളും 18 ഹെലികോപ്റ്ററുകളും രണ്ട് എ.എന്‍-32 വിമാനങ്ങളും ഒഡിഷ തീരത്തേക്ക് വ്യോമസേന അയച്ചു.

ഒഡിഷയിലെയും ആന്ധ്രയിലെയും ദുരന്തബാധിത മേഖലകളില്‍ വിതരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷം ടണ്‍ ഭക്ഷ്യധാന്യം സംഭരിച്ചിട്ടുണ്ട്.

അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ഗോഡൗണുകളില്‍ ഇവ ലഭ്യമാണെന്ന് കേന്ദ്രഭക്ഷ്യമന്ത്രി കെ.വി. തോമസ് അറിയിച്ചു.





Photos

 

ga