ആഞ്ഞടിച്ച് ഫൈലിന്‍

സി.കെ. റിംജു Posted on: 13 Oct 2013


രാജ്യത്തെ നടുക്കി ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റ് ഒഡിഷ തീരത്ത് ശനിയാഴ്ച രാത്രി ആഞ്ഞടിച്ചു
* വേഗം മണിക്കൂറില്‍ 200 കി.മീ.
* ഒഡിഷ തീരത്തെത്തിയത് രാത്രി 9-ന്
* ഒഡിഷയിലും ആന്ധ്രയിലുമായി കനത്ത മഴയില്‍ എട്ട് മരണം
* 14 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ തീരത്ത് വീശിയ ശക്തിയേറിയ ചുഴലിക്കാറ്റ്
* ഭുവനേശ്വറില്‍ 18 മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി
* ആറുമണിക്കൂര്‍ വീശും, പിന്നീട് ശക്തി കുറയും
* വിജയനഗരം, ശ്രീകാകുളം,വിശാഖപട്ടണം എന്നിവിടങ്ങളില്‍ കനത്ത മഴ
* ഭുവനേശ്വറും ശ്രീകാകുളവും ഇരുട്ടില്‍
* ഒഡിഷ തീരത്ത് മൂന്നരമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍

ഒഡിഷയില്‍ നാലര ലക്ഷം പേരെയും ആന്ധ്രയില്‍ ഒന്നര ലക്ഷം പേരെയും മാറ്റിപ്പാര്‍പ്പിച്ചു


* 23 വര്‍ഷത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍
* 56 തീവണ്ടികളും 10 വിമാനങ്ങളും റദ്ദാക്കി
* ഭുവനേശ്വര്‍ വിമാനത്താവളം അടച്ചു
* 850 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
* 2000 ദുരന്തസേനാംഗങ്ങള്‍ രംഗത്ത്


സെക്കന്തരാബാദ്: പരിഭ്രാന്തിയുടെയും ആശങ്കയുടെയും മണിക്കൂറുകളെ ഭീതിതമായ അനുഭവത്തിലേക്കെത്തിച്ച് തീരദേശ ആന്ധ്ര-ഒഡിഷ മേഖലയില്‍ ഫൈലിന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. രാത്രി ഒമ്പതുമണിയോടെയാണ് ഫൈലിന്‍ ഇന്ത്യന്‍ തീരത്തെത്തിയത്. തുടക്കത്തില്‍ 50 കിലോമീറ്റര്‍ വേഗത്തിലെത്തിയ കാറ്റ് 200 കി.മീ. വേഗത്തില്‍ ഒഡിഷയില്‍ ഗോപാല്‍പുരത്ത് ആഞ്ഞടിച്ചു. തീരദേശ ആന്ധ്രയിലെ ശ്രീകാകുളത്തും ഫൈലിന്റെ ആക്രമണമുണ്ടായി.

ആന്ധ്രപ്രദേശിലെ അതിര്‍ത്തിജില്ലയായ ശ്രീകാകുളത്ത് മഴയോടുകൂടിയാണ് കാറ്റെത്തിയത്. ഇവിടെ അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ പ്രദേശം ഇരുട്ടിലാണ്. അര്‍ധരാത്രിയോടെ കാറ്റിന്റെ ശക്തികൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫൈലിന്‍ എത്തുംമുമ്പുതന്നെ മരം കടപുഴകിവീണ് ഒഡിഷയില്‍ മൂന്നുപേര്‍ മരിച്ചെന്ന അറിയിപ്പുണ്ടായതൊഴിച്ചാല്‍ മറ്റ് ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദിവസങ്ങള്‍ക്കുമുമ്പുതന്നെ ഫൈലിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതിനാല്‍ ആന്ധ്രപ്രദേശ്, ഒഡിഷ സര്‍ക്കാറുകള്‍ അതിവിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഫൈലിന്‍ വീശിയ പ്രദേശത്തിനരികിലുള്ള വിശാഖപട്ടണത്ത് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അരലക്ഷത്തോളം മലയാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്.

ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ഒഡിഷയുടെ മേഖലകളില്‍നിന്ന് നാലരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തീരദേശ ആന്ധ്രയുടെ ശ്രീകാകുളത്തുനിന്നും തീരദേശത്തുനിന്നും വെള്ളിയാഴ്ചതന്നെ 85,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിപറഞ്ഞു. 850 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1200 ദേശീയ ദുരന്തപ്രതികരണ സേനാംഗങ്ങളെ ഒഡിഷയിലും 600 പേരെ തീരദേശ ആന്ധ്രയിലും വിനിയോഗിച്ചിട്ടുണ്ട്. വായുസേനയും നാവികസേനയും സജ്ജമാണ്. 10 ഹെലിക്കോപ്റ്ററുകളും 50 ഓളം ബോട്ടുകളും സുരക്ഷാക്രമീകരണങ്ങള്‍ക്കായുണ്ടെന്ന് ആന്ധ്രപ്രദേശ് റവന്യൂമന്ത്രി എന്‍.രഘുവീര റെഡ്ഡി പറഞ്ഞു.

മുന്‍കരുതലെന്ന നിലയില്‍ ഭുവനേശ്വറിലെ ബിജുപട്‌നായിക് വിമാനത്താവളം അടച്ചു. ആന്ധ്രയില്‍നിന്ന് ഒഡിഷയിലേക്കുള്ള 56 തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ചില്‍ നിന്ന് ഉച്ചയോടെതന്നെ ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.

വൈകിട്ട് ഏഴുമണിയോടെ ശ്രീകാകുളത്തെ തീരദേശ ഗ്രാമങ്ങളിലേക്ക് കടല്‍വെള്ളം ഇരച്ചുകയറി. പ്രദേശവാസികളെ വെള്ളിയാഴ്ചതന്നെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല. തീരദേശ ആന്ധ്രയിലും ഒഡിഷയിലും ചുഴലിക്കാറ്റാല്‍ രാത്രി ഒമ്പതുമണിവരെ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.



Photos

 

ga