കൊച്ചി: ആലുവാപ്പുഴയുടെ തീരത്തായിരുന്നു അവാര്‍ഡ് എത്തുമ്പോള്‍ നിവിന്‍ പോളി. 'പ്രേമം' സിനിമയുടെ ആദ്യ ഷോട്ടിനെ ഓര്‍മിപ്പിച്ച് കളപറമ്പത്ത് വീടിന്റെ ഗേറ്റ് തുറന്ന് സംസ്ഥാന അവാര്‍ഡെത്തി. അപ്രതീക്ഷിത പുരസ്‌കാരത്തിന്റെ ആശ്ചര്യമത്രയും നിവിന്റെ മുഖത്തുണ്ടായിരുന്നു. ''ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. ഈ പുരസ്‌കാരം അവാര്‍ഡിനര്‍ഹമാക്കിയ ചിത്രങ്ങളുടെ സംവിധായകര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കുമുള്ളതാണ്. അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു '1983'ലെ രമേശന്‍'' നിവിന്‍ പറഞ്ഞു.
സിനിമയിലിപ്പോള്‍ തനിക്ക് നല്ല നേരമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞതിലുള്ള സന്തോഷവും നിവിന്‍ മറച്ചുെവച്ചില്ല. ''വിജയിച്ച രണ്ട് വലിയ ചിത്രങ്ങളായിരുന്നു ബാംഗ്ലൂര്‍ േഡയ്‌സും 1983യും. ഇവ ഇപ്പോള്‍ അവാര്‍ഡ് നിര്‍ണയത്തിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതില്‍ അഭിമാനമുണ്ട്. അവാര്‍ഡ് ഉത്തരവാദിത്വം കൂട്ടുമെന്ന് പറയാനാഗ്രഹിക്കുന്നില്ല. കാരണം ഇതിനു മുമ്പ് അഭിനയിച്ചതും ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചും തികഞ്ഞ ഉത്തരവാദിത്വത്തോടെയുമാണ്. അത് ഇനിയും തുടരും''നിവിന്‍ പറഞ്ഞു.
1983ന്റെ സംവിധായകന്‍ എബ്രിഡ് ൈഷനിന്റെ പുതിയ ചിത്രം 'ആക്ഷന്‍ ഹീറോ ബിജു'വിന്റെ ഷൂട്ടിങ്ങിനിടയിലെ അവധി ദിനത്തിലായിരുന്നു നിവിന്‍. അത് ആഹ്ലാദഭരിതമാക്കാന്‍ കുടുംബത്തിനൊപ്പം 'പ്രേമം' സിനിമയിലെ കൂട്ടുകാരും. ഇതിനിടയിലേക്ക് അവാര്‍ഡ് കൂടിയെത്തിയതോടെ കളപറമ്പത്ത് വീട്ടില്‍ സൂപ്പര്‍ഹിറ്റ് നിമിഷങ്ങള്‍. തുടര്‍ന്ന് അഭിനന്ദന പ്രവാഹവുമായി ജന പ്രതിനിധികളും സുഹൃത്തുക്കളും.