
തിരുവനന്തപുരം: ദേശീയ തലത്തില്‍ കൈവിട്ട പുരസ്‌കാരം ജയരാജിന്റെ ഒറ്റാല്‍ സംസ്ഥാന തലത്തില്‍ നേടി. മികച്ച ചിത്രത്തിന്റെ കാര്യത്തില്‍ ഒറ്റാലിന് കാര്യമായ എതിര്‍പ്പുണ്ടായില്ല. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അവസാന നിമിഷമാണ് മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍ 'ഒറ്റാല്‍' അവസാന നിമിഷം പിന്തള്ളപ്പെട്ടത്. അന്ന് ജൂറിയിലെ 11 ല്‍ 9 പേരും ഒറ്റാലിനെ മികച്ച ചിത്രമായി തിരഞ്ഞെടുക്കണമെന്ന പക്ഷക്കാരായിരുന്നു. എന്നാല്‍, ജൂറി ചെയര്‍മാന്‍ ഭാരതിരാജ ഇതിനോട് യോജിച്ചില്ല. ജോണ്‍പോളിന്റെ ജൂറി പക്ഷേ ഒറ്റാലിനെ അംഗീകരിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡില്‍ നിന്ന് പിന്തള്ളപ്പെട്ടെങ്കിലും മികച്ച പരിസ്ഥിതി ചിത്രം, അവലംബിത തിരക്കഥയ്ക്ക് ജോഷി മംഗലത്തിനും ഈ സിനിമ ദേശീയ അവാര്‍ഡ് നേടി.
താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഒറ്റാല്‍. ആന്റണ്‍ ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയാണ് ചിത്രത്തിന് പ്രചോദനമായത്. ബാലവേലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചിത്രം ചര്‍ച്ചചെയ്തു. റിലീസിന് ഒരുങ്ങുമ്പോഴാണ് ഒറ്റാലിനെ തേടി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമെത്തിയത്.