തിരുവനന്തപുരം: അല്‍പം ശങ്കയോടെയും അതിലേറെ അമ്പരപ്പോടെയുമായിരുന്നു ഇപ്രാവശ്യത്തെ അവാര്‍ഡ് പ്രഖ്യാപനത്തെ സിനിമാലോകം കേട്ടത്. മുതിര്‍ന്ന കലാകാരന്മാരെല്ലാം മത്സരരംഗത്തുണ്ടായിട്ടും അവാര്‍ഡ് കൊണ്ടുപോയത് 'ന്യൂജെന്‍ പിള്ളേര്‍' എന്നതായിരുന്നു സ്ഥിതി. പക്ക വാണിജ്യസിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചതിലേറെയുമെന്ന വിമര്‍ശനം ബാക്കിനില്‍ക്കുന്നു.
കലാമൂല്യത്തിന് പകരം വാണിജ്യചേരുവകളെ അകമഴിഞ്ഞ് ആശംസിക്കുന്നതായിരുന്നു അവാര്‍ഡ് നിര്‍ണയത്തിലേറെയും. 'മുന്നറിയിപ്പ്' എന്ന സിനിമയെ തഴഞ്ഞതിനുപിന്നില്‍ ചലച്ചിത്ര അക്കാദമിയിലെ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കുന്നവരുമുണ്ട്.
അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ബീനാപോള്‍, ചലച്ചിത്ര അക്കാദമിക്കെതിരെ വിമര്‍ശമുന്നയിച്ചുകൊണ്ടാണ് പടിയിറങ്ങിയത്. അതുകൊണ്ടുതന്നെ അക്കാദമിയിലെ ഒരു വിഭാഗത്തിന്റെ ഇടപെടല്‍ 'മുന്നറിയിപ്പ്' എന്ന സിനിമയെ തഴയുന്നതില്‍ കലാശിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നത് അക്കാദമിയിലെ ഒരു വിഭാഗംതന്നെയാണ്.
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് 'ഓം ശാന്തി ഓശാന'യ്ക്കാണ്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത് 'ബാംഗ്ലൂര്‍ ഡേയ്‌സി'നും. ഈ തിരഞ്ഞെടുപ്പുകള്‍തന്നെ അവാര്‍ഡ് നിര്‍ണയസമിതിയുടെ വാണിജ്യസിനിമാ പക്ഷപാതിത്വം വെളിപ്പെടുത്തുന്നതാണെന്നതാണ് പ്രധാന വിമര്‍ശം.
ഇതിനെതിരെ വരുംദിവസങ്ങളില്‍ പ്രതികരണങ്ങളുണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമിയിലെ ഉദ്യോഗസ്ഥര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.
കാരണം അവരെത്തേടിയെത്തുന്ന പ്രതിഷേധസ്വരങ്ങള്‍ അത്രയേറെയുണ്ട്.
വാണിജ്യസിനിമകളുടെ വക്താക്കളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു അവാര്‍ഡ് നിര്‍ണയ ജൂറി എന്ന വിമര്‍ശത്തെ സാധൂകരിക്കുന്നതായി പുരസ്‌കാരപ്രഖ്യാപനമെന്നാണ് വിമര്‍ശകരുടെ പക്ഷം. ഛായാഗ്രാഹകനില്ലാതെയായിരുന്നു ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നിര്‍ണയിച്ചത്. ഛായാഗ്രഹണത്തിലെ സൗന്ദര്യം ആസ്വദിക്കാന്‍ സംവിധായകന്‍ മാത്രം മതിയെന്ന കര്‍ക്കശ നിലപാടാണ് ഇക്കാര്യത്തില്‍ ജൂറി ചെയര്‍മാന്‍ ജോണ്‍പോള്‍ ആവര്‍ത്തിച്ചത്.
അവാര്‍ഡ് നിര്‍ണയ ജൂറിയിലുണ്ടായിരുന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, സമിതിയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലാണ് ഛായാഗ്രാഹകനുള്ള അവാര്‍ഡ് നിര്‍ണയിച്ചിട്ടുള്ളത്. സിനിമയെ പ്രത്യേക തലക്കെട്ടുകളില്‍ വേര്‍തിരിക്കാതെ കലാസൗന്ദര്യാഖ്യാനമായി മാത്രം കണ്ടുകൊണ്ടായിരുന്നു അവാര്‍ഡ് വിലയിരുത്തലെന്നാണ് ജൂറി ചെയര്‍മാന്‍ ജോണ്‍പോള്‍ പറഞ്ഞത്. ഒപ്പം നിശിതമായ വിലയിരുത്തലുമുണ്ടായി. സ്‌ക്രീനിങ്ങിനെത്തിയ ആകെ 70 സിനിമകളില്‍ 15 സിനിമയോളം മാത്രമേ നല്ലതുള്ളൂവെന്ന് ജൂറി ചെയര്‍മാന്‍ മാധ്യമങ്ങളോടായി പറയുകയും ചെയ്തു.