ആലപ്പുഴ: എറണാകുളം എം.ജി. റോഡിലുള്ള തുണിക്കടയില്‍ നില്‍ക്കുന്‌പോള്‍ നസ്രിയയുടെ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചു. ആദ്യവിളി ഉമ്മ ബീഗം ബീനയുടേതായിരുന്നു. ഉമ്മ കണ്‍ഗ്രാറ്റ്‌സ് പറഞ്ഞപ്പോള്‍ ആദ്യം നസ്രിയയ്ക്ക് മനസ്സിലായില്ല. പിന്നെയാണ്, മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയതിനാണ് ഉമ്മയുടെ അഭിനന്ദനമെന്ന് നസ്രിയ തിരിച്ചറിഞ്ഞത്. പിന്നാലെ ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലിന്റെയും അഭിനന്ദനക്കോളെത്തി.
തുണിയെല്ലാമെടുത്ത് ഫഹദ് ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടിലേക്ക് കാറില്‍ വരുമ്പോഴും ഫോണുകള്‍ ബെല്ലടിച്ചുകൊണ്ടേയിരുന്നു. ആലപ്പുഴയിലെ വീട്ടിലെത്തിയപ്പോള്‍ ഫാസിലും മകനും നടനുമായ ഫര്‍ഹാന്‍ ഫാസിലുമൊക്കെ നസ്രിയയെ അഭിനന്ദനങ്ങള്‍െകാണ്ടു മൂടി.
ഫാസിലിന്റെ ഭാര്യ റോസിയും മൂത്തമകള്‍ അഹമ്മദ(അമ്മു)യുമൊത്തായിരുന്നു നസ്രിയ എറണാകുളത്ത് തുണിയെടുക്കാന്‍ പോയത്. കേട്ട വാര്‍ത്ത അപ്രതീക്ഷിതമെന്നേ പറയാനാവൂവെന്ന് നസ്രിയ പ്രതികരിച്ചു. സംസ്ഥാന അവാര്‍ഡിന് പരിഗണിക്കുന്നതായി തന്റെ പേര് ആരും പറഞ്ഞുകേട്ടില്ല. അപ്പോള്‍ പിന്നെ പ്രതീക്ഷിക്കേണ്ട കാര്യമില്ലല്ലോ? 'ഓം ശാന്തി ഓശാന'യുടെയും 'ബാംഗ്ലൂര്‍ ഡെയ്‌സി'ന്റെയും സംവിധായകരോട് നന്ദിയുണ്ട്- നസ്രിയ പറഞ്ഞു.
വളരെയധികം ആസ്വദിച്ചഭിനയിച്ച സിനിമയാണ് രണ്ടും. ഇത്ര ചെറുപ്പത്തില്‍തന്നെ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം. ഭര്‍ത്താവിന് പിന്നാലെ ആലപ്പുഴയിലെ വീട്ടിലേക്ക് തന്നിലൂടെയും അവാര്‍ഡ് എത്തി. ഇനിയും അഭിനയിക്കാന്‍ താത്പര്യമുണ്ട്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമ ചെയ്യുമെന്നും നസ്രിയ പറഞ്ഞു.