നിവിന്‍, സുദേവ്, നസ്രിയ അഭിനേതാക്കള്‍; 'ഒറ്റാല്‍' മികച്ച ചിത്രം

സ്വന്തം ലേഖകന്‍ Posted on: 11 Aug 2015

സനല്‍കുമാര്‍ ശശിധരന്‍ മികച്ച സംവിധായകന്‍
യേശുദാസ്, ശ്രേയാ ഘോഷാല്‍ മികച്ച ഗായകര്‍



തിരുവനന്തപുരം: പ്രവചനങ്ങള്‍ അപ്രസക്തമാക്കി, പുതുതലമുറയ്ക്ക് പ്രാധാന്യം നല്‍കി 2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനംചെയ്ത 'ഒറ്റാല്‍' മികച്ച ചിത്രമായി (നിര്‍മാണം കെ.മോഹനന്‍).

'ഒരാള്‍പ്പൊക്കം' സംവിധാനംചെയ്ത സനല്‍കുമാര്‍ ശശിധരനാണ് മികച്ച സംവിധായകന്‍. പദ്മകുമാര്‍ സംവിധാനംചെയ്ത 'മൈ ലൈഫ് പാര്‍ട്ട്ണര്‍' മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു (നിര്‍മാണം റെജിമോന്‍ കെ.എ.).

നിവിന്‍ പോളിയും (ബാംഗ്‌ളൂര്‍ ഡെയ്‌സ്, 1983) സുദേവ് നായരും (മൈ ലൈഫ് പാര്‍ട്ണര്‍) മികച്ച നടനുള്ള പുരസ്‌കാരം പങ്കുവെച്ചു. നസ്രിയ നസീം (ഓം ശാന്തി ഓശാന, ബാംഗ്‌ളൂര്‍ ഡെയ്‌സ്) ആണ് മികച്ച നടി. മികച്ച സ്വഭാവനടന്‍ അനൂപ് മേനോനും (1983, വിക്രമാദിത്യന്‍) സ്വഭാവനടി സേതുലക്ഷ്മിയും (ഹൗ ഓള്‍ഡ് ആര്‍ യു) ആണ്. അഞ്ജലി മേനോനാണ് (ബാംഗ്‌ളൂര്‍ ഡെയ്‌സ്) മികച്ച തിരക്കഥാകൃത്ത്. മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) പുരസ്‌കാരം രഞ്ജിത് (ഞാന്‍) നേടി. സിദ്ധാര്‍ഥ് ശിവയാണ് മികച്ച കഥാകൃത്ത്. ചിത്രം ഐന്‍.

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം എബ്രിഡ് ഷൈന് (1983) ലഭിച്ചു. ജനപ്രീതിയും കലാമേന്മയുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം 'ഓം ശാന്തി ഓശാന' (സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്) നേടി.

കെ.ജെ.യേശുദാസാണ് (വൈറ്റ് ബോയ്‌സ്) മികച്ച ഗായകന്‍. േശ്രയാ ഘോഷാല്‍ (ഹൗ ഓള്‍ഡ് ആര്‍ യു) മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. 'ഇയ്യോബിന്റെ പുസ്തക'ത്തിലൂടെ അമല്‍ നീരദ് മികച്ച ഛായാഗ്രാഹകനായി. മികച്ച സംഗീത സംവിധായകനായി രമേഷ് നാരായണനും (വൈറ്റ് ബോയ്‌സ്) പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരത്തിന് ബിജിബാലും (വിവിധ ചിത്രങ്ങള്‍) തിരഞ്ഞെടുക്കപ്പെട്ടു.

ഒ.എസ്.ഉണ്ണികൃഷ്ണനാണ് (ല.സാ.ഗു.) മികച്ച ഗാനരചയിതാവ്. മാസ്റ്റര്‍ അദ്വൈതും (അങ്കുരം), അന്ന ഫാത്തിമയും (രണ്ട്് പെണ്‍കുട്ടികള്‍) മികച്ച ബാലതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ജോണ്‍പോളിന്റെയും ജൂറി അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.



 

ga