പുരസ്‌കാരം ബാലവേല ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുന്നു- ജയരാജ്‌

Posted on: 10 Aug 2015

കോട്ടയം: 'ഒറ്റാല്‍' ശരിയായ അര്‍ത്ഥത്തില്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ജയരാജ്. പുരസ്‌കാരം ബാലവേലയില്‍ എത്തപ്പെടുന്ന ബാല്യത്തിന് സമര്‍പ്പിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ചിത്രമെന്ന നിലയിലാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. സംസ്ഥാന പുരസ്‌കാരത്തിനും പ്രാധാന്യം ഏറെയുണ്ട്.
സാമൂഹികദുരന്തം എന്നു വിളിക്കാവുന്ന ബാലവേലയാണ് ഒറ്റാല്‍ ചര്‍ച്ച ചെയ്തത്.
കുട്ടനാടിന്റെ പശ്ചാത്തലത്തില്‍, താറാവ് കൃഷിക്കാരനായ കുട്ടപ്പായിയിലൂടെ ദുരിതബാല്യം അനുഭവിക്കുന്ന കുട്ടികളെക്കുറിച്ച് പറയാന്‍ ശ്രമിച്ചു. പിന്നീട് ശിവകാശിയിലെ പടക്കനിര്‍മ്മാണശാലയില്‍ എത്തുന്ന കുട്ടപ്പായിയുടെ ഓര്‍മ്മകളാണ് ചിത്രത്തെ നയിക്കുന്നത്. ബാലവേലയില്‍ നഷ്ടപ്പെടുന്ന ബാല്യത്തെ പരിസ്ഥിതിയുമായി ചേര്‍ത്തുകാണിക്കാനാണ് ശ്രമിച്ചത്. അത് കലാകാരന് സമൂഹത്തോടുള്ള ബാധ്യതയാണ്.
എം.ജെ.രാധാകൃഷ്ണന്റെ ഛായാഗ്രഹണത്തില്‍ കുട്ടനാടിന്റെ പ്രകൃതിക്ക് ഏറെ പ്രാധാന്യമുണ്ടായി.
ഓണത്തിന് ശേഷം ഒറ്റാല്‍ റിലീസ് ചെയ്യുമെന്നും ജയരാജ് 'മാതൃഭൂമി'യോട് പറഞ്ഞു.
ആന്‍റണ്‍ ചെക്കോവിന്റെ 'വാങ്കേ'യാണ് ഒറ്റാലിന് ആധാരം. ജോഷി മംഗലത്തിന്റേതാണ് തിരക്കഥ. കാവാലം നാരായണപ്പണിക്കര്‍ എഴുതിയ വരികള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. പാടുകയും ചെയ്തു.
'മാക്ബത്ത്' സിനിമയാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ജയരാജ്. അവാര്‍ഡ് വിവരം അറിയുമ്പോള്‍ പെരിന്തല്‍മണ്ണയിലായിരുന്നു.



 

ga