സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: 'അങ്കുര'ത്തിന്‍റെ പുരസ്‌കാരനിറവില്‍ ദീപേഷ്

Posted on: 10 Aug 2015

കൂത്തുപറമ്പ്: 2014-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ കുട്ടികളുടെ ചിത്രത്തിനുള്ള നാല് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത് കതിരൂര്‍ സ്വദേശി ടി.ദിപേഷ് സംവിധാനം ചെയ്ത 'അങ്കുരം'. മികച്ച സംവിധായകന്‍, സിനിമ, ബാലനടന്‍, ശബ്ദമിശ്രണം എന്നീ അവാര്‍ഡുകളാണ് അങ്കുരത്തിന് ലഭിച്ചത്. വത്സലന്‍ വാതുശ്ശേരി കഥയും തിരക്കഥയും രചിച്ച ചിത്രത്തില്‍ മികച്ച പ്രകടനത്തിലൂടെ മാസ്റ്റര്‍ അദ്വൈത് ബാലനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ചിത്രത്തില്‍ ഹരികുമാറാണ് ശബ്ദമിശ്രണം ചെയ്തത്.
പ്രകൃതിസംരക്ഷണവും പ്രകൃതിരാഷ്ട്രീയവും പ്രമേയമായ ചിത്രത്തില്‍ കസ്തൂരിരംഗന്‍ വിഷയം മുതല്‍ കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങളെല്ലാം കടന്നുവരുന്നു. കുട്ടികളിലൂടെ പ്രകൃതിയുടെ രാഷ്ട്രീയം പറയാനാണ് അങ്കുരത്തിലൂടെ ശ്രമിച്ചതെന്ന് സംവിധായകന്‍ ദിപേഷ് പറഞ്ഞു. ഈവര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ അവസാനറൗണ്ടുവരെ അങ്കുരമെത്തിയിരുന്നു.
പ്രദീപ് ഗാന്ധാരിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വിജി അബ്രഹാം(എഡിറ്റര്‍), ജലീല്‍ ബാദുഷ (ഛായാഗ്രഹണം), നസീര്‍ കൂത്തുപറമ്പ് (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), പ്രിന്‍സ് എബ്രഹാം (ശബ്ദലേഖനം) എന്നിവര്‍ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചു. ദേവി അജിത്ത്, ദിപിന്‍ എമിലി, ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി, രാജേഷ് ജോസഫ്, എ.കെ.ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
നിരവധി ഹ്രസ്വചിത്രങ്ങളും കുട്ടികളുടെ ചിത്രങ്ങളും സംവിധാനം ചെയ്ത ദിപേഷ് ചിത്രകലാധ്യാപകനാണ്. കതിരൂര്‍ 'പ്രേംലാ'സില്‍ ടി.സുരേന്ദ്രന്റെയും കൂത്തുപറമ്പ് നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സി.വി.മാലിനിയുടെയും മകനാണ്. ഭാര്യ: പി.സീമ. മക്കള്‍: ഷിസ തച്ചോളി, നേഹല്‍.



 

ga