കോട്ടയം: പത്രപ്രവര്‍ത്തകയായ അഞ്ജലി അറയ്ക്കല്‍, ജയില്‍പ്പുള്ളിയായ സി.കെ.രാഘവനോടു സംസാരിച്ചപ്പോെഴല്ലാം ഗൗരവം നിഴലിട്ടു. സംവിധായകനും തിരക്കഥാകൃത്തും പ്രതീക്ഷിച്ചതും അതാണ്.
'മുന്നറിയിപ്പ്' എന്ന സിനിമയിലെ അപര്‍ണ ഗോപിനാഥിന്റെ സംസാരശൈലി പ്രേക്ഷകര്‍ക്കും ഇഷ്ടമായി. വിമ്മി മറിയം ജോര്‍ജിന്റെ ശബ്ദത്തിലാണ് അപര്‍ണ ഗോപിനാഥ് സ്‌ക്രീനിലെത്തിയത്.
സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരവും ആ ശബ്ദത്തിനു ലഭിച്ചു. വിമ്മി പുരസ്‌കാരം സമര്‍പ്പിക്കുന്നത് സംവിധായകന്‍ കെ.വേണുവിനാണ്. ഒപ്പം, തിരക്കഥാകൃത്ത് ഉണ്ണി ആറിനും.
കാരണം, സ്‌ക്രിപ്റ്റ് നല്‍കിയതിനൊപ്പം അവര്‍ പറയാനും പഠിപ്പിച്ചു. കഥാപാത്രം ആരാണെന്നും എന്താണെന്നും എന്താണ് സിനിമയ്ക്കു വേണ്ടതെന്നും ഇരുവര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. വിമ്മിക്കും അത് സൗകര്യമായി. ശബ്ദത്തിലെ ഉയര്‍ച്ചതാഴ്ചകളും വൈകാരികതയും സംവിധായകന്‍ വിശദീകരിച്ചുനല്‍കി. പിന്നെ, അഞ്ജലി അറയ്ക്കലാകാന്‍ ബുദ്ധിമുട്ടുണ്ടായില്ല. അവാര്‍ഡ് പ്രഖ്യാപിച്ചയുടന്‍ കെ.വേണു വിളിച്ചിരുന്നു. പിന്നെ, ഷോബി തിലകന്‍, ഗായകന്‍ വേണുഗോപാല്‍ എന്നിവരും.
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം വിമ്മിക്കു ലഭിക്കുന്നത് ഇതു മൂന്നാംതവണ. പാട്ടുപാടി തുടങ്ങിയ വിമ്മി ഒടുവിലെത്തിയത് ഡബ്ബിങ്ങിന്റെ വേദിയില്‍. നൂറോളം സിനിമയ്ക്കു ശബ്ദം നല്‍കി. 2006ല്‍ 'കൈയൊപ്പി'ലെ ഖുശ്ബുവില്‍നിന്നാണ് തുടക്കം. പ്രിയാമണിയും കനിഹയും റീമ കല്ലിങ്കലും കാവ്യ മാധവനുമൊക്കെ വിമ്മിയുടെ സ്വരഭേദങ്ങളില്‍ ചിരിച്ചു, കരഞ്ഞു, കലഹിച്ചു, പ്രതിഷേധിച്ചു.
ഒടുവില്‍ 'അച്ഛാദിന്‍' എന്ന സിനിമയില്‍ മാനസി ശര്‍മയ്ക്കാണ് ശബ്ദം നല്‍കിയത്. 'ഒന്നാംലോകമഹായുദ്ധ'ത്തിലും അപര്‍ണ ഗോപിനാഥിനുവേണ്ടി സംസാരിച്ചു.
ടെലിപരിപാടികളില്‍ അവതാരകയായും ക്രിസ്തീയഭക്തിഗാനങ്ങള്‍ ആലപിച്ചും തുടങ്ങിയ വിമ്മി 106.2 ഹം എഫ്.എമ്മില്‍ എത്തി. വിവാഹത്തോടെ റേഡിയോജീവിതം അവസാനിപ്പിച്ചു.
വിമ്മി മറിയം ജോര്‍ജ് കോട്ടയം പള്ളം ആറ്റുമാലിക്കല്‍ ജോര്‍ജ് സക്കറിയയുടെയും ആനി ജോര്‍ജിന്റെയും മകളാണ്. ഭര്‍ത്താവ് ദിലീപ് ബാങ്ക് ഓഫ് ടോക്യോയില്‍ ഉദ്യോഗസ്ഥനാണ്. മകള്‍: മാളവിക.