പെരിന്തല്‍മണ്ണ: ഒറ്റാല്‍ എന്ന സിനിമയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടതാണ് സംസ്ഥാന അവാര്‍ഡെന്ന് സംവിധായകന്‍ ജയരാജ് പെരിന്തല്‍മണ്ണയില്‍ പറഞ്ഞു.'ഒറ്റാലി'നെ പരിസ്ഥിതി വിഭാഗത്തില്‍ പരിഗണിച്ചായിരുന്നു ദേശീയ അവാര്‍ഡ്. എന്നാല്‍ ബാലവേല വിഷയമായുള്ള സിനിമയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുള്ളതാണ് സംസ്ഥാന അവാര്‍ഡെന്ന് വിലയിരുത്തുന്നതായി ജയരാജ് പറഞ്ഞു.
ആന്റണ്‍ ചെക്കോവിന്റെ 'വാംഗ' എന്ന രചനയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം. 18- ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന ബാലവേല ഇന്നും നിലനില്‍ക്കുന്നുവെന്നത് ചൂണ്ടിക്കാണിക്കാനാണ് ഒറ്റാലിലൂടെ ശ്രമിച്ചത്. അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വഞ്ചി തുഴഞ്ഞുപോകുന്ന കുട്ടിയുടെ ചിത്രം പത്രത്തില്‍ കണ്ടതാണ് പ്രചോദനമായതെന്നും ജയരാജ് പറഞ്ഞു.പെരിന്തല്‍മണ്ണയില്‍ ഭാര്യ സബിതാ ജയരാജിന്റെ വീട്ടിലിരുന്നാണ് അവാര്‍ഡ്വിവരം അറിഞ്ഞത്. ഏറെ പ്രതീക്ഷകളില്ലാതിരുന്നതിനാല്‍ ആകാംക്ഷയും ഉണ്ടായിരുന്നില്ലെന്ന് ജയരാജ് പറഞ്ഞു.
1990ല്‍ വിദ്യാരംഭം എന്ന ചിത്രത്തിലൂടെയായിരുന്നു രംഗപ്രവേശം. ദേശാടനം, കളിയാട്ടം, ശാന്തം, കരുണം, ദൈവനാമത്തില്‍ എന്ന ചലച്ചിത്രങ്ങള്‍ക്കും 'വെള്ളപ്പൊക്കത്തില്‍' എന്ന ഹ്രസ്വചിത്രത്തിനും ജയരാജിന് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അഞ്ചാംതവണയാണ് സംസ്ഥാന അവാര്‍ഡ് നേടുന്നത്. ഷേക്‌സ്പിയറുടെ 'മാക്ബത്തി'നെ കേരളീയരീതിയിലേക്ക് മാറ്റിക്കൊണ്ടുള്ള 'വീരം' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ജയരാജ്.