സനലിന് ഇനി മികച്ച സംവിധായകനോളം പൊക്കം

Posted on: 10 Aug 2015


സനല്‍കുമാര്‍ ശശിധരന് ഇനി മികച്ച സംവിധായകനോളം പൊക്കം. തന്റെ ആദ്യ ചലച്ചിത്ര സംരഭത്തിലൂടെ തന്നെ ഈ അഭിഭാഷകന്‍ സംസ്ഥാനത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് സ്വന്തമാക്കിയിരിക്കുന്നത്. 'ഒരാള്‍പ്പൊക്കം' എന്ന ചിത്രമാണ് സനലിനെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരിക്കുന്നത്.

പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രത്തിന്റെ പ്രമേയം ഇതള്‍ വിരിയുന്നത്. പ്രണയിനിയ്ക്കായി നടത്തുന്ന അന്വേഷണം ആത്മാനേ്വഷണമായി പരിണമിക്കുമ്പോള്‍ ചിത്രം ചര്‍ച്ച ചെയ്യുന്ന പ്രമേയത്തിന്റെ തലം തന്നെ മറ്റൊന്നാകുന്നു.

വിവാഹിതരാകാതെ ഒന്നിച്ചു താമസിക്കുന്ന രണ്ട് സ്വതന്ത്ര വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന അകല്‍ച്ചയും പരസ്പരം പിരിഞ്ഞ ശേഷം ഒരാള്‍ മറ്റേയാള്‍ക്കായി നടത്തുന്ന അന്വേഷണവുമാണ് ചിത്രം അവതരിപ്പിക്കുന്നത്. സ്ത്രീപുരുഷ ബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങള്‍ ചിത്രം അനാവരണം ചെയ്യുന്നു. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ധീരമായ ചുവടുവെപ്പുകളും ചിത്രത്തില്‍ സംവിധായകന്‍ നടത്തിയിട്ടുണ്ട്. പ്രകാശ് ബാരെയും മീന കന്ദസാമിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

2013-ലെ കേദാര്‍നാഥ് വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വെള്ളപ്പൊക്കം ഉണ്ടായ യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ തന്നെയാണ് ചിത്രീകരണം നടന്നിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ഭൂമികയില്‍ നിന്നുള്ള കഥപറച്ചില്‍ പ്രേക്ഷകനില്‍ പ്രമേയമെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

ജനകീയ കൂട്ടായ്മയിലൂടെ നിര്‍മിച്ച ചിത്രം എന്ന പ്രത്യേകതയും ഒരാള്‍പ്പൊക്കത്തിനുണ്ട്. ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മായായ കാഴ്ച ഫിലിം സൊസൈറ്റിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.



 

ga