
സൂപ്പര്‍താരങ്ങളെ അവഗണിച്ച് പുതിയ തലമുറക്ക് അവസരം നല്‍കിയ പുരസ്‌കാര പ്രഖ്യാപനമെന്നതു മാത്രമല്ല സിനിമാ പ്രേമികളെ ഞെട്ടിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം മികച്ചതെന്ന് പ്രേക്ഷകര്‍ കരുതിയ ചിത്രങ്ങള്‍ പലതും അവഗണിക്കപ്പെട്ടു. എണ്ണപ്പെട്ട കഥാപാത്രങ്ങളുണ്ടായിട്ടും മമ്മൂട്ടിക്ക് പുരസ്‌കാരങ്ങളൊന്നുമുണ്ടായില്ല. മികച്ച നടന്മാരായി വന്നത് രണ്ട് യുവാക്കള്‍, നിവിന്‍ പോളിയും പുതുമുഖമായ സുദേവ് നായരും. മികച്ച നടിയായി ആരും പ്രതീക്ഷിക്കാതെ നസ്രിയ നസീം. മികച്ച ഗായകനായി യേശുദാസിനെ തിരഞ്ഞെടുത്തതൊഴിച്ചാല്‍ ജൂറിയുടെ തീരുമാനങ്ങള്‍ മിക്കതും വിപ്ലവകരം. സ്ഥിരം ചലചിത്ര പുരസ്‌കാരങ്ങളില്‍ കണ്ടു പരിചയമുള്ളവരായി ജയരാജും രമേശ് നാരായണനും രഞ്ജിത്തുമുണ്ട്.
ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിലെ അഭിനയത്തിന് മമ്മൂട്ടിയുടെ പേര് പരിഗണയിലുണ്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ബാല്യകാല സഖിയും മമ്മൂട്ടിയെ സാധ്യതാ പട്ടികയിലുള്‍പ്പെടുത്തി. മമ്മൂട്ടിക്ക മികച്ച നടനുള്ള പുരസ്‌കാരം നല്‍കാന്‍ ഏതാണ്ട് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതുപോലെ രഞ്ജിതിന്റെ ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനും സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
സോപാനത്തിലെ അഭിനയത്തിന് ജയറാമും സിദ്ധാര്‍ത്ഥ് ശിവയുടെ ഐനിലെ അഭിനയത്തിന് മുസ്തഫയും സാധ്യതാപട്ടികയിലുണ്ടായിരുന്നു. മികച്ച സിനിമയുടെ പട്ടികയില്‍ ഐന്‍, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് ഒറ്റാല്‍, മൈ ലൈഫ് പാര്‍ട്ണര്‍, 1983, ബാംഗ്ലൂര്‍ ഡെയ്‌സ്, ഓം ശാന്തിഓശാന, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങള്‍ പരിഗണനക്ക് വന്നത്. ഒരിക്കലും പ്രതീക്ഷിക്കാതെ നിവിന്‍ പോളി മികച്ച നടന്റെ പട്ടമണിയുന്നത്. നസ്രിയ നസീമിന് മികച്ച നടിക്കുള്ള പുരക്‌സാരം ലഭിക്കുമെന്ന് ഒരു സൂചനയുമുണ്ടായിരുന്നില്ല.