തിരുവനന്തപുരം: സംസ്ഥാന ജൂറി പുരസ്‌കാരങ്ങളില്‍ യുവരക്തത്തിന്റെ ആധിപത്യം. മികച്ച നടിക്കും നടനുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയത് യുവതാരങ്ങളാണ്. യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.
നിവിന്‍ പോളിയും സുദേവ് നായരുമാണ് മികച്ച നടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്. 1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിവിന് പുരസ്‌കാരം ലഭിച്ചത്. സ്വവര്‍ഗ ലൈംഗികത പ്രമേയമാക്കിയ 'മൈ ലൈഫ് പാര്‍ട്ട്ണര്‍' എന്ന ചിത്രത്തിലൂടെ സുദേവ് പുരസ്‌കാരത്തിന് അര്‍ഹനായി.
മമ്മൂട്ടിയും ജയറാമും ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളെ പിന്തള്ളിയാണ് യുവതാരങ്ങള്‍ പുരസ്‌കാരം നേടിയത്. ദുല്‍കര്‍ സല്‍മാനും മികച്ച നടനുള്ള മത്സരത്തിലുണ്ടായിരുന്നു എന്നത് യുവതാരങ്ങളുടെ ആധിപത്യം വ്യക്തമാക്കുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലൂടെയാണ് നസ്രിയ നസീം മികച്ച നടിയായത്.
നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ തന്നെയാണ് താരങ്ങള്‍ക്ക് പുരസ്‌കാരം നേടിക്കൊടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നിവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രങ്ങളില്‍ ഒന്നായ '1983' എബ്രിഡ് ഷൈന്റെ ആദ്യ ചിത്രമാണ്. നസ്രിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ ചിത്രങ്ങളില്‍ ഒന്ന് ജൂഡ് ആന്തണി ജോസഫിന്റെ ആദ്യ ചിത്രമായ 'ഓം ശാന്തി ഓശാന'യാണ്. സുദേവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതും നവാഗത സംവിധായകനായ എം ബി പത്മകുമാറിന്റെ 'മൈ ലൈഫ് പാര്‍ട്ണര്‍' ആണ്.
നിവിനും നസ്രിയക്കും പുരസ്‌കാരം നേടിക്കൊടുത്ത 'ബാംഗ്ലൂര്‍ ഡെയ്‌സ്' മലയാളത്തിലെ യുവതാര നിര ഒന്നിച്ചെത്തിയ ചിത്രമാണ്. അഞ്ജലി മേനോന്റെ രണ്ടാം ചിത്രമായിരുന്നു ഇത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ അഞ്ജലി സ്വന്തമാക്കി.
മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചത് ഒരു നവാഗതനാണ്. 'ഒരാള്‍പ്പൊക്കം' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സനല്‍കുമാര്‍ ശശിധരനാണ് മികച്ച സംവിധായകന്‍. ജനകീയ കൂട്ടായ്മയിലൂടെ നിര്‍മിച്ച ചിത്രമാണിത്.
ജനപ്രിയ ചിത്രം, കലാമൂല്യമുള്ള ചിത്രം എന്നീ പുരസ്‌കാരങ്ങളും ജൂഡ് ആന്തണിയുടെ ഓം ശാന്തി ഓശാന സ്വന്തമാക്കി. നവാഗത സംവിധായകനായത് എബ്രിഡ് ഷൈനാണ്.