ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേണ്ടത്ര അറിവൊന്നും വിദ്യാസമ്പന്നരായ പല പുരുഷന്മാരില്‍പ്പോലും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ ആവശ്യത്തിനറിവുണ്ടാവുമെന്നാവും അവരുടെ ധാരണ. അതു കൊണ്ടാണ് പലരും താല്‍പര്യമില്ലെങ്കിലും പെട്ടെന്ന് ഗര്‍ഭിണിയായിപ്പോകുന്നത്. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ കഴിയുന്നത്ര അറിവ് സമ്പാദിക്കണം.
വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 26 വയസിനു മുകളില്‍ പ്രായമില്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞ് ഗര്‍ഭിണിയാവുന്നതാണ് നല്ലത്. അതിനുള്ളില്‍ ദമ്പതികള്‍ക്ക് പരസ്പരംകൂടുതല്‍ മനസിലാക്കാനും സ്നേഹിക്കാനും മധുവിധു മനോഹരമാക്കാനും കഴിയും. മാത്രമല്ല, വിവാഹം കഴിഞ്ഞ ഉടനെ ഗര്‍ഭിണിയാവുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ പലര്‍ക്കും ബുദ്ധിമുട്ടു തോന്നാം.
അതോടൊപ്പം മറ്റുള്ളവരെ അഭിമുഖീകരിക്കാനും വിഷമിച്ചെന്നു വരാം. ഒരു വര്‍ഷത്തിനു ശേഷം ഗര്‍ഭം ധരിക്കുന്നതു വഴി ആ സമയത്തുള്ള പരിചരണത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഒരമ്മയുടെ കടമ ഉള്‍ക്കൊള്ളാനും കൂടുതല്‍ കഴിയുന്നു. അതുവഴി പിറക്കുന്ന കുഞ്ഞിന് കൂടുതല്‍ ആരോഗ്യകരമായ പരിചരണം കൊടുക്കാനും കഴിയും.